കള്ളക്കടൽ: വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം ഇരച്ചെത്തി ദുരിതത്തിര
Mail This Article
തലശ്ശേരി, കണ്ണൂർ, പഴയങ്ങാടി∙ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വിവിധയിടങ്ങളിൽ കനത്തനാശനഷ്ടം. ഇന്നലെ രാവിലെ ഏഴോടെ ആരംഭിച്ച കള്ളക്കടൽ പ്രതിഭാസം വൈകിട്ട് വരെ തുടർന്നു. ജനം തിങ്ങിപ്പാർക്കുന്ന തലശ്ശേരി പെട്ടിപ്പാലത്തെ വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറി ഏതാനും വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. ഫാത്തിമ, റസാഖ്, കാളിമുത്തു, തങ്കപൊന്നു തുടങ്ങിയവരുടെ വീടുകൾക്കാണ് നാശം.
വീട്ടുകാരെ മാറ്റിപാർപ്പിക്കാൻ നഗരസഭ,റവന്യു, പൊലീസ് അധികാരികൾ ചേർന്ന് മുബാറക് സ്കൂളിൽ സൗകര്യം ഒരുക്കിയെങ്കിലും കടൽ ശാന്തമായതോടെ കുടുംബങ്ങൾ തൽക്കാലം മാറേണ്ടെന്ന് തീരുമാനിച്ചു. പുന്നോൽ ഉസ്സൻമെട്ട കടപ്പുറത്ത് കടലാക്രമണത്തെത്തുടർന്ന് 9 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
പയ്യാമ്പലം, നീർക്കടവ് തീരങ്ങളിലും കള്ളക്കടൽ പ്രതിഭാസം അനുഭവപ്പെട്ടു. നീർക്കടവിൽ തീരത്തോട് ചേർന്നുള്ള റോഡിലും സമീപ വീട്ടുപറമ്പുകളിലേക്കും വെള്ളം ഇരച്ചുകയറി. പയ്യാമ്പലം ബീച്ചിൽ പ്രധാന കവാടത്തിനു സമീപം മണൽതിട്ട കടന്ന് കടൽഭിത്തിയോട് ചേർന്നുള്ള ഭാഗം വരെ ശക്തമായ തിരമാലയിൽ വെള്ളം കയറി വെള്ളക്കെട്ട് രൂപപ്പെട്ടു. ആളുകളെ ബീച്ചിലേക്ക് കടത്തി വിടാതെ നിയന്ത്രിച്ചു. മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിന്റെ എടക്കാട് ഭാഗത്തെ അഴിമുഖത്ത് കടൽക്ഷോഭത്തിൽ മത്സ്യത്തൊഴിലാളികളുടെ വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു. ശക്തമായ തിരമാലയിൽ ഏറെ ഭാഗം കടൽ കരയെടുത്തു.
പുതിയങ്ങാടി ചൂട്ടാട്, മാട്ടൂൽ ഭാഗങ്ങളിൽ വെളളക്കെട്ട് രൂപപ്പെട്ടു. ചൂട്ടാട് ഭാഗത്ത് ജോൺപോൾ, കൊയിലേരിയൻ ഗോപാലൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. സമീപത്തെ ഒട്ടേറെ വീടുകളുടെ പറമ്പുകളിലും വെള്ളം കയറി. ചൂട്ടാട് ഭാഗത്ത് കടൽഭിത്തി ഇല്ലാത്തതാണ് വൻ തോതിൽ വെള്ളം അടിച്ചുകയറാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിവരമറിഞ്ഞ് സന്നദ്ധ സംഘടനാപ്രവർത്തകർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി. ചൂട്ടാട് ഭാഗത്തെ 35 കുടുംബങ്ങൾക്കായി മാടായി ജിഎംയുപി സ്കൂളിൽ ഇന്നലെ രാത്രി പത്തോടെ താൽക്കാലിക ദുരിതാശ്വാസ ക്യാംപ് തുറന്നു.
വൻ തോതിൽ വെള്ളം കയറുന്ന ഭാഗത്ത് തടയണ ഒരുക്കി. ഡിടിപിസിയുടെ നിയന്ത്രണത്തിലുളള ചൂട്ടാട് പാർക്കിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായി. ചൂട്ടാട് ഭാഗത്ത് വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലെ വീടുകളിൽ ഉള്ളവരോട് മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
ചൂട്ടാട് കടപ്പുറത്ത് 200 മീറ്ററോളം കര കടലെടുത്ത നിലയിലാണ്. ജന പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥൻമാർ, അസി.കലക്ടർ എന്നിവർ സന്ദർശനം നടത്തി.
വള്ളം മറിഞ്ഞു
പയ്യന്നൂർ ∙ കടലിളക്കത്തിൽ പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്നലെ രാവിലെ 6 മണിക്കായിരുന്നു സംഭവം. പാലക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽ നിന്ന് അഴിമുഖം വഴി കടലിലേക്ക് 12 മത്സ്യത്തൊഴിലാളികളുമായി പോയ മർഹബ വള്ളമാണ് കടലിലെ പ്രതിഭാസത്തിൽ മറിഞ്ഞത്. വള്ളം തിരമാലയിൽ അകപ്പെട്ട് തകർന്നു. 12 മത്സ്യത്തൊഴിലാളികളിൽ 4 പേർ നീന്തി കരക്കെത്തി. മറ്റുള്ളവരെ മറ്റ് മത്സ്യത്തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തി. 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങിയില്ല.