ADVERTISEMENT

ആലപ്പുഴ∙ രാവിലത്തെ ആലപ്പുഴ– എറണാകുളം മെമുവിൽ (06016) തിക്കിലും തിരക്കിലും ദുരിതയാത്ര തുടരുന്നു. ഇന്നലെ ചേർത്തല സ്റ്റേഷനിൽ നിന്നു കയറിയ വിദ്യാർഥിനി തിരക്കു കാരണം കുഴഞ്ഞു വീണു. വിദ്യാർഥിനിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. ട്രെയിനിൽ തിങ്ങി ഞെരുങ്ങി നിന്നതു കാരണം ശ്വാസം കിട്ടാതെ വന്നതാണു കുഴഞ്ഞു വീഴാൻ കാരണമെന്നു ഡോക്ടർമാർ പറഞ്ഞു.  നാലു ദിവസത്തെ പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. കുമ്പളം സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്തെങ്കിലും എറണാകുളം സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും അവിടെ എത്തിക്കാനുമായിരുന്നു അധികൃതരുടെ മറുപടിയെന്നു സഹയാത്രികർ പറയുന്നു.

എറണാകുളത്ത് എത്തിയപ്പോഴും റെയിൽവേയുടെ ഭാഗത്തു നിന്ന് ആശുപത്രിയിലെത്തിക്കാൻ നടപടിയുണ്ടായില്ല. തുടർന്നു സഹയാത്രികരാണു വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 7.25ന് ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന മെമുവിൽ തിരക്കു കാരണം ആളുകൾ കുഴഞ്ഞു വീഴുന്നതു സ്ഥിര സംഭവമാണെന്നു യാത്രക്കാർ പറയുന്നു. പലപ്പോഴും ബോധക്കേട് ഉണ്ടായാലും തിരക്കു കാരണം സീറ്റിൽ കിടത്താൻ പോലുമാകില്ല. ആലപ്പുഴയിൽ നിന്നു ട്രെയിൻ പുറപ്പെട്ട് മാരാരിക്കുളം പിന്നിടുമ്പോഴേക്കും തിരക്കാകും.

മറ്റു ട്രെയിനുകൾക്കു കടന്നു പോകാനായി തുറവൂരിൽ 15 മിനിറ്റോളം ട്രെയിൻ പിടിച്ചിടുകയും ചെയ്യും. ഇതു കാരണം യാത്രക്കാർ തിരക്കിൽ ഏറെ നേരം നിൽക്കേണ്ടി വരും. തുറവൂർ സ്റ്റേഷൻ കഴിഞ്ഞാണു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെങ്കിൽ ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷമേ ആശുപത്രിയിൽ എത്തിക്കാനാകൂ.  കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ചു ബന്ധുക്കളും വന്ന ശേഷം ജോലിക്ക് എത്തുമ്പോഴേക്കും വൈകുകയാണെന്നു ഫ്രൻഡ്സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാർ പറഞ്ഞു. ഇതുകാരണം പലർക്കും ശമ്പളം നഷ്ടപ്പെടുകയാണ്. മെമുവിലെ തിരക്കിനു പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളിലേക്കു കടക്കുമെന്നും ബിന്ദു വയലാർ പറഞ്ഞു.

English Summary:

This article highlights the severe overcrowding problem on the Alappuzha-Ernakulam MEMU train, causing passenger discomfort and safety hazards. It reports a recent incident of a student fainting due to suffocation and the lack of immediate assistance from railway authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com