ADVERTISEMENT

എടക്കാട് ∙ കണ്ണൂർ സിറ്റി, എടക്കാട്, കടമ്പൂർ, കാടാച്ചിറ മേഖലകളിൽ ഒട്ടേറെ കവർച്ചകൾ നടത്തി വർഷങ്ങളോളം മുങ്ങിനടന്നിരുന്ന, ‘ബ്ലാക്ക് മാൻ’ എന്നറിയപ്പെടുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി രാജപ്പനെ (45) അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്കു മുൻപ്, കടമ്പൂരിലെ വീട്ടിൽ ഉറങ്ങിക്കിടന്ന 95 വയസ്സുകാരിയുടെ സ്വർണമാലയും 65,000 രൂപയും കവർന്ന കേസിന്റെ അന്വേഷണത്തിലാണു രാജപ്പൻ കുടുങ്ങിയത്. ഈ മോഷണത്തിലൊരു ‘രാജപ്പൻ ടച്ച്’ ഉണ്ടെന്നു മനസ്സിലാക്കിയ കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം പ്രതി രാജപ്പൻ തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു. 

രാജപ്പൻ
രാജപ്പൻ

എടക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിപുൻ വെണ്ടുട്ടായി ഇന്നലെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിൽക്കുകയായിരുന്ന രാജപ്പനെ തിരിച്ചറിഞ്ഞു. തുടർന്ന് എടക്കാട് ഇൻസ്പെക്ടർ എം.വി.ബിജു, പ്രിൻസിപ്പൽ എസ്ഐ ദിജേഷ്, എസ്ഐ രാംമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്റ്റേഷനുകളിലായി മുപ്പതിലേറെ കവർച്ചക്കേസുകളിൽ പ്രതിയായ രാജപ്പൻ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള പ്രതിയാണ്. പിടികൊടുക്കാതെ മുങ്ങിനടന്നിരുന്നതിനാലാണ്  ‘ബ്ലാക്ക് മാൻ’  എന്ന പേരുവീണത്. കവർച്ച നടത്തി തമിഴ്നാട്ടിലേക്കു മുങ്ങുകയും അടുത്ത മോഷണത്തിനായി ‘പൊങ്ങുകയുമാണ്’ രാജപ്പന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു.

കാൽതൊട്ട് വന്ദിച്ച് കവർച്ച; സ്വർണമാല കവർന്നത് സംഭാവന ചോദിച്ചെത്തിയവർ
പയ്യന്നൂർ ∙ അനാഥാലയത്തിലേക്കു സംഭാവനയും പഴയ വസ്ത്രങ്ങളും ശേഖരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ 2 പേർ വയോധികയുടെ സ്വർണ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. 35 വയസ്സ് തോന്നിക്കുന്ന യുവാക്കളാണ് തെക്കേ ബസാർ അമ്പലം റോഡിലെ എൽ.തങ്കമ്മയുടെ (80) ഒന്നര പവൻ തൂക്കം വരുന്ന മാല കവർന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. 

5 വർഷത്തിലധികമായി ഇവർ തങ്കമ്മ താമസിക്കുന്ന വാടക വീട്ടിൽ വരാറുണ്ട്. കർണാടകയിലെ ഒരു സ്ഥാപനത്തിലേക്കെന്ന പേരിൽ പഴയ തുണികൾ ശേഖരിച്ചാണ് മടങ്ങാറുള്ളത്. സമീപ വീടുകളിൽ നിന്നും പഴയ തുണികൾ ശേഖരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവർ വീട്ടിലെത്തിയപ്പോൾ തങ്കമ്മ പുറത്തേക്ക് ഇറങ്ങിയിരുന്നു. 50 രൂപ സംഭാവനയും കൊടുത്തു. പഴയ വസ്ത്രം എടുക്കാൻ ഞങ്ങളും അകത്തേക്ക് വരാമെന്ന് പറഞ്ഞപ്പോൾ തങ്കമ്മ തടഞ്ഞു.

തുടർന്ന് ഒരാൾ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് കാൽ തൊട്ട് വന്ദിച്ചു. ഇതിനിടയിൽ രണ്ടാമൻ കഴുത്തിലെ മാല വലിച്ചു. തങ്കമ്മ മാലയിൽ പിടിച്ച് ബഹളം വച്ചതോടെ പകുതി മാല മാത്രമേ അവരുടെ കയ്യിൽ കിട്ടിയുള്ളൂ. മാലയുമായി ഇരുവരും കടന്നുകളയുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പൊലീസ് എത്തി സമീപത്തെ സിസിടിവികൾ പരിശോധിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ അവർ നൽകിയ അനാഥാലയത്തിന്റെ പേരിലുള്ള രസീത് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

English Summary:

After years on the run, a notorious criminal known as "Black Man" has finally been apprehended in Kerala. Rajappan, originally from Tamil Nadu, was wanted for a string of robberies in Kannur and surrounding areas. His capture came after he targeted a 95-year-old woman in her home, stealing her valuables.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com