കുരുക്കഴിക്കാൻ കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് ട്രാഫിക് പൊലീസ്
Mail This Article
മേലെചൊവ്വ ∙ ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് പൊലീസ് നേതൃത്വത്തിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. മേലെചൊവ്വ ജംക്‌ഷനിൽനിന്ന് മട്ടന്നൂർ റോഡിലേക്ക് 60 മീറ്റർ മാറിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം പണിതിട്ടുള്ളത്.കണ്ണൂർ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്റെ പ്രധാന പ്രഭവകേന്ദ്രമാണ് മേലെചൊവ്വ ജംക്‌ഷൻ. ജംക്‌ഷനിൽ നിന്ന് മട്ടന്നൂർ റോഡിലൂടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ കവലയിൽ മട്ടന്നൂർ റോഡ് തുടങ്ങുന്ന സ്ഥലത്ത് തന്നെ നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. ഇത്തരത്തിൽ ഇരിട്ടി, ഇരിക്കൂർ, ചക്കരക്കൽ, അഞ്ചരക്കണ്ടി, മട്ടന്നൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ മിക്കപ്പോഴും ഒന്നിച്ചെത്തി വരിയായി നിർത്തിയിടുമ്പോൾ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടും.
തിരിച്ച് കണ്ണൂർ നഗരത്തിലേക്ക് വരുന്ന ബസുകളും ഇവിടെ തന്നെ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും. ഇതു കാരണം മറ്റു വാഹനങ്ങൾക്ക് ഇരു ഭാഗത്തേക്കും മറി കടന്നുപോകാൻ പറ്റാത്ത അവസ്ഥയും ഗതാഗതക്കുരുക്കുമാണ് നിത്യ കാഴ്ച. ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് ജംക്‌ഷനിൽ നിന്ന് 60 മീറ്ററോളം മാറി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ പുതിയ കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിൽ നിർത്താതെ ഇപ്പോഴും ജംക്‌ഷനിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിൽ ബസുകളെ നിർത്തിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ട്രാഫിക് പൊലീസ് നേതൃത്വത്തിൽ മേലെചൊവ്വയിൽ നിരീക്ഷണം നടത്തും. മേലെ ചൊവ്വയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിൽ നിർത്തണമെന്ന സന്ദേശം ഇന്നു രാവിലെ മുതൽ താവക്കര ബസ് സ്റ്റാൻഡിൽ നിന്ന് ബസ് ജീവനക്കാർക്ക് നൽകുമെന്ന് കണ്ണൂർ ട്രാഫിക് എസ്ഐ സുരേഷ് കുമാർ പറഞ്ഞു. എന്നിട്ടും അനുസരിക്കുന്നില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.
നഗരത്തിലെ കാൽടെക്സിൽ തലശ്ശേരി ഭാഗത്തേക്ക് 4 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡ് തടസ്സപ്പെടുത്തിയാണ് ബസുകൾ നിർത്തുന്നത്. ഇത് കാരണം സ്ഥലത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ട്രാഫിക് പൊലീസ് നടപടി തുടങ്ങി. തലശ്ശേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് മുൻപിലായി ഡിവൈഡറുകൾ കൊണ്ട് റോഡിൽ പ്രത്യേക വരി ഉണ്ടാക്കിയാണ് ബസുകളെ കടത്തിവിടുന്നത്.