വിക്രം ഗൗഡ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ
Mail This Article
ഇരിട്ടി∙ കർണാടക ഹെബ്രി വനമേഖലയിൽ നക്സൽ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയുടെ സംഘാംഗങ്ങൾ കേരളത്തിലേക്കു കടന്നേക്കുമെന്ന സംശയത്തിൽ പശ്ചിമഘട്ട വനമേഖലയിൽ ഹെലികോപ്റ്ററിൽ തിരച്ചിൽ. കർണാടക – കേരള അതിർത്തി വനമേഖലകളിലും കേരളത്തിന്റെ അധീനതയിലുള്ള പശ്ചിമഘട്ട വനമേഖലകളിലുമാണ് കേരള പൊലീസ് – നക്സൽ വിരുദ്ധ സേന – സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് സംഘം ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്. കേരളത്തിൽ പശ്ചിമഘട്ടത്തിൽ 11 വർഷം പ്രവർത്തിച്ച ശേഷമാണു വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഫെബ്രുവരി 24 ന് കർണാടകയിലേക്കു മടങ്ങിയത്.
കേരളത്തിൽ 4 മാസം മുൻപ് പിടിയിലായ മാവോയിസ്റ്റ് കബനീദളം കമാൻഡർ സി.പി.മൊയ്തീനുമായുള്ള അഭിപ്രായ ഭിന്നതമൂലമായിരുന്നു ഇതെന്ന് കേരള എടിഎസ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ നിന്നു മടങ്ങുമ്പോൾ വിക്രം ഗൗഡ, സുന്ദരി, വനജാക്ഷി, രവീന്ദ്ര, ജിഷ, രമേശ്, മുണ്ടഗാരു ലത, ജയണ്ണ, സുരേഷ് എന്നിങ്ങനെ 9 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ സുരേഷിനു കാട്ടാനയുടെ ചവിട്ടേറ്റതിനെ തുടർന്നു ചികിത്സ ലഭിക്കുന്നതിനായി സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ ഉപേക്ഷിച്ചിരുന്നു.
വിക്രം ഗൗഡ കൊല്ലപ്പെട്ട എറ്റുമുട്ടലിനു പിന്നാലെ കടന്നുകളഞ്ഞ സുന്ദരി, വനജാക്ഷി, രവീന്ദ്ര എന്നിവർ ഹെബ്രി വനത്തിലൂടെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം വഴി കേരളത്തിൽ പഴയ പ്രവർത്തന മേഖലയിലെ ഒളിസങ്കേതങ്ങളിലേക്കു എത്താനുള്ള സാധ്യത മുൻനിർത്തി അതിർത്തിയിൽ കേരള നക്സൽ വിരുദ്ധ സേന കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. കർണാടകയിൽ എഎൻഎഫ് വ്യാപക തിരച്ചിൽ നടത്തുന്നതിനാൽ ശൃംഗേരി സംഘവും കേരളത്തിലേക്കു കടന്നേക്കുമെന്ന മുന്നറിയിപ്പുണ്ട്.
ഇന്നലെ വയനാട് അഡിഷനൽ എസ്പി ടി.എൻ.സജീവൻ, പേരാവൂർ ഡിവൈഎസ്പി കെ.വി.പ്രമോദൻ, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്ഐ പി.എൽ.ബൈജു, ഹവിൽദാർ എം.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് നിന്നു ഹെലികോപ്റ്ററിൽ പറന്നുയർന്നത്. തിരുനെല്ലി, ബാണാസുര, കമ്പമല, മക്കിമല, രാമച്ചി, ആറളം ഫാം, ആറളം, കൊട്ടിയൂർ, അയ്യൻകുന്ന്, മാക്കൂട്ടം, മലപ്പുറം എന്നീ വനമേഖലകൾക്കു മുകളിലൂടെ നിരീക്ഷണം നടത്തിയ ശേഷം ഇരിട്ടി വള്ള്യാട് വയലിൽ ഹെലികോപ്റ്റർ ഇറക്കി ഇന്ധനം നിറച്ച ശേഷം അരീക്കോട്ടേക്കു മടങ്ങി.
വിക്രം ഗൗഡയുടെ മരണം മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ നിർദേശവുമായി കർണാടക
മംഗളൂരു∙ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടതോടെ, മറ്റു മാവോയിസ്റ്റുകൾക്കു കീഴടങ്ങാൻ നിർദേശവുമായി കർണാടക സർക്കാർ. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടാൻ നക്സൽ വിരുദ്ധ സേനയ്ക്കു താൽപര്യമില്ലെന്നും കീഴടങ്ങുന്നവർക്ക് കേസ് കഴിഞ്ഞാൽ പുനരധിവാസ പാക്കേജ് നൽകുമെന്നും ഡിജിപി പ്രണബ് മൊഹന്തി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ഹെബ്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഏറ്റുമുട്ടൽ മുൻകൂട്ടി തീരുമാനിച്ചതല്ല.\
സുരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നു. വിക്രം ഗൗഡയിൽ നിന്ന് ഒരു ട്രിഗറിൽ 60 റൗണ്ട് വരെ വെടിയുതിർക്കാനാവുന്ന അത്യാധുനിക തോക്കും 3 പിസ്റ്റളും കത്തിയും കണ്ടെടുത്തു. മഹാദേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയും സദാശിവ ഗൗഡ, വെങ്കിടേഷ് എന്നിവരെയും കൊലപ്പെടുത്തിയതു വിക്രമാണ്’ – ഡിജിപി പറഞ്ഞു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനിടെ ഹെബ്രി പീതബൈലു കാട്ടിലേക്ക് കടന്ന3 മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി.
പൊലീസ് നായയും ഡ്രോണും ഉപയോഗിച്ചാണു തിരച്ചിൽ. 20 അംഗ നക്‌സൽവിരുദ്ധ സേന ഹെബ്രിയിൽ തുടരുന്നുണ്ട്. അതേസമയം, ഏറ്റുമുട്ടൽ വ്യാജമാണെന്നു സംശയമുണ്ടെന്നും റിട്ട.ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മാവോയിസ്റ്റ് മുൻ നേതാക്കളായ നൂർ ശ്രീധർ, ശ്രീമനെ നാഗരാജ് എന്നിവർ ആവശ്യപ്പെട്ടു. വിക്രം ഗൗഡയുടെ മൃതദേഹം മണിപ്പാൽ ആശുപത്രിയിൽനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ നഡ്പാൽ കുഡ്‌ലുവിലെത്തിച്ച് സംസ്കരിച്ചു.