പാമ്പ്, പാമ്പ്.. നാടിന്റെ നാനാഭാഗത്തു നിന്നും നീളുന്ന വിളി; പിടിക്കുന്ന രീതി ഇങ്ങനെ
![കാസർകോട് വിദ്യാനഗറിൽ മാളത്തിലൊളിച്ച പാമ്പിനെ പിടികൂടുന്നു. കാസർകോട് വിദ്യാനഗറിൽ മാളത്തിലൊളിച്ച പാമ്പിനെ പിടികൂടുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2021/2/20/kasargod-forest-department-sarpa-app.jpg?w=1120&h=583)
Mail This Article
കാസർകോട് ∙ പാമ്പ്, പാമ്പ്.. നാടിന്റെ നാനാഭാഗത്തു നിന്നും നീളുന്ന വിളി. വീടുകളിലും പരിസരങ്ങളിലും പ്രത്യക്ഷപ്പെടുന്ന പാമ്പുകളെ നീക്കം ചെയ്തു രക്ഷപ്പെടുത്താനുള്ള അഭ്യർഥനയാണ് ഓരോ ഫോൺ കോളും. ‘സർപ്പ’ മൊബൈൽ ആപ്പ് സന്ദേശങ്ങളും. സ്കൂട്ടറിലോ മറ്റു വാഹനങ്ങളിലോ രക്ഷകനായി എത്തുകയാണ് പാമ്പുപിടിത്തക്കാർ. കൊല്ലാനുള്ളതല്ല പാമ്പുകൾ, പകരം രക്ഷപ്പെടുത്തി കാട്ടിലേക്കു തന്നെ വിടുകയാണ് വനപാലകരും വൊളന്റിയർമാരും.
![മവീഷ് കുമാർ മവീഷ് കുമാർ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2021/2/20/kasargod-maveesh-kumar.jpg)
വിഷമില്ലാത്ത പാമ്പുകളെ വീടിന്റെ പരിസരത്തു നിന്ന് ഓടിക്കുകയാണ് ചെയ്യുന്നത്. വിഷമുള്ളതിനെ പ്രത്യേക ദണ്ഡ് ഘടിപ്പിച്ച ഹുക്കു കൊണ്ടു പുറത്തെടുത്ത് പിവിസി പൈപ്പിലൂടെ സഞ്ചിയിൽ കയറ്റി വിടുന്നു. സഞ്ചി ചുറ്റിക്കെട്ടി ബാഗിലാക്കി വനംവകുപ്പ് ഓഫിസിൽ എത്തിക്കും. വനം വകുപ്പ് അധികൃതർ പാമ്പിനെ ഉൾക്കാട്ടിൽ കൊണ്ടു വിടുന്നു. ഇതു വഴി വീട്ടുകാർക്കും പരിസരവാസികൾക്കും പാമ്പിനും നൽകുന്നത് സുരക്ഷ.
∙ പാമ്പിന്റെ ഇരകൾ –
കോഴി, കോഴിമുട്ട, എലി, പെരുച്ചാഴി, തെരുവു നായ്ക്കൾ, പന്നി, ആട് തുടങ്ങിയവ പാമ്പിന്റെ ഇരയാണ്. ചില ഇനം പാമ്പിന് മറ്റു പാമ്പുകളുടെ കുഞ്ഞുങ്ങളും ഇരയാണ്. നെൽപ്പാടങ്ങളിലെ തവളകളും ഒരു കാലത്ത് പ്രധാന ഇരയായിരുന്നു. തവളകൾ അപ്രത്യക്ഷമായതോടെ വീട്ടുപറമ്പിലേക്കായി പാമ്പുകളുടെ ഇര തേടിയുള്ള അന്വേഷണം. വീടും പരിസരവും മാളങ്ങൾ ഇല്ലാത്ത വിധം ശുചിത്വം ഉറപ്പു വരുത്തുകയാണ് പാമ്പുകൾ കടന്നു വരുന്നത് തടയാനുള്ള പ്രഥമ ദൗത്യം.
∙ പാമ്പുകളെ വേദനിപ്പിക്കരുത്
ജനങ്ങളുടെ സുരക്ഷയും പാമ്പിന്റെ രക്ഷയും ലക്ഷ്യമിട്ടാണു പാമ്പുപിടിത്തത്തിനു വനം വന്യജീവി വകുപ്പ് പ്രത്യേകം മാനദണ്ഡം ഉണ്ടാക്കിയത്. കാസർകോട് ജില്ലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വൊളന്റിയർമാരുമായി 38 പേർക്കാണു പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനു അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 17 പേർ വൊളന്റിയർമാരാണ്. ഇവർക്കു പ്രത്യേകം ലൈസൻസും പാമ്പിനെ പിടിക്കാനുള്ള പ്രത്യേക കിറ്റും നൽകിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ 18004254733.
∙ സർപ്പ ആപ്പ്
വീട്ടു പരിസരത്തെ പാമ്പിനെ പിടിക്കുന്നതിനു വനം വകുപ്പിന്റെ സർപ്പ ആപ്പ് സഹായിക്കും. പാമ്പിനെ പിടിക്കാൻ ആരെയും ഫോണിൽ വിളിക്കേണ്ട. പാമ്പിനെ കണ്ടെത്തിയാൽ വിവരം വനം വകുപ്പിന്റെ ഈ ആപ്പിൽ നൽകിയാൽ മതി. ആപ്പിൽ വിവരം ലഭിച്ചാൽ ഉടൻ വനം വകുപ്പിന്റെ പാമ്പു പിടിക്കുന്നയാൾ സ്ഥലത്തെത്തി പാമ്പിനെ പിടികൂടും.
∙ പാമ്പിനെ പിടിക്കുന്ന രീതി
പാമ്പിനെ പ്ലാസ്റ്റിക് കുപ്പിയിൽ കയറ്റി വിടുന്നതു ശ്വസന പ്രക്രിയയ്ക്കു തടസ്സമുണ്ടാകാനും മുറിവേൽക്കാനും ഇടയാകും. പാമ്പു പോലും സംഭവം അറിയാത്ത വിധം തുണിസഞ്ചിയിൽ കൈ കൊണ്ടു സ്പർശിക്കാതെ വേണം പാമ്പിനെ മാറ്റേണ്ടത്. വിഷം ഇല്ലാത്തതിനെ വീട്ടിൽ അകത്താണെങ്കിലും ഓടിച്ചു വിട്ടാൽ മതി. പിടികൂടിയാൽ പ്രദർശനം നടത്താതെ 3 മിനിറ്റിനകം പാമ്പിനെ മാറ്റണം.
പിടികൂടുന്ന പാമ്പിനെ 2 മുതൽ 3 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വിടണം എന്നാണ് നിയമം. പെരുമ്പാമ്പിനെ കയർ കൊണ്ടു വലിക്കുന്നതും ഉപദ്രവിക്കുന്നതും വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. ഇതിനു 3 മുതൽ 7 വർഷം വരെ തടവു ശിക്ഷയുണ്ട്’ - എം.വി. മവീഷ് കുമാർ, പാമ്പുപിടിത്ത പരിശീലകൻ