അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാഷിർ ഇനി അറിവ് പകരും
Mail This Article
തൃക്കരിപ്പൂർ ∙ ഹാഷിറിന്റെ ഹൃദയത്തിനു വല്ലാത്ത തെളിച്ചമുണ്ട്. മനസ്സിനു നിശ്ചയദാർഢ്യവും. ഇരുട്ടു കയറിയ കണ്ണിൽ അക്ഷരങ്ങൾ ചിതറുമ്പോഴും അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാഷിർ പഠിച്ചു മുന്നേറി. നിശ്ചയദാർഢ്യം ഒടുവിൽ അധ്യാപകനുമാക്കി. ഇത് പി.സി.ഹാഷിർ. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം പന്ത്രണ്ടിലെ ടി.കെ.ഹമീദിന്റെയും പി.സി.സുഹറയുടെയും മകൻ.
വെളിച്ചമില്ലാത്ത കണ്ണുകൾ ഹാഷിറിനെ ഒരിക്കലും പിന്നിലാക്കിയില്ല. ഇച്ഛാശക്തിയിൽ കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്നു അറബിക് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. അറബിക്കിൽ ബിഎഡും പൂർത്തിയാക്കി ഒടുവിൽ ഈ മാസം മലപ്പുറം ജില്ലയിലെ പുത്തൂർ പള്ളിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ അറബിക് അധ്യാപകനായി ജോലിയിലും പ്രവേശിച്ചു. നിശ്ചയദാർഢ്യത്തിനുള്ള പ്രതിഫലം.
പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം പഠന പ്രക്രിയയിൽ മുന്നിലായി. ജോലി വലിയ സ്വപ്നമായിരുന്നു. സാധ്യമായപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. പരിമിതികളിൽ പകച്ചു പോകുന്നവർക്കും പിന്നോട്ട് പോകുന്നവർക്കും തന്റെ ജീവിതമാണ് ഹാഷിർ പാഠമായി നൽകുന്നത്. സാഹിത്യ രചനകളിലും പരിപാടികളിലും ഹാഷിർ സജീവമാണ്. അറബി സാഹിത്യത്തിൽ ജെആർഎഫ് നേടിയിട്ടുണ്ട്. അധ്യാപക ജോലിയിൽ പ്രവേശിച്ച ഹാഷിറിനെ വലിയപറമ്പ് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഖാദർ പാണ്ഡ്യാലയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.