ADVERTISEMENT

വിദ്യാനഗർ‍∙ മതിൽക്കെട്ടിനുള്ളിൽ തള്ളിയ ഭക്ഷ്യ അവശിഷ്ടങ്ങളുടെ മണം പിടിച്ച് മതിൽകെട്ടിനുള്ളിലേക്ക് ചാടിയ നായ പുറത്തെ വരാനാവാതെ കുടുങ്ങിയത് ഒരാഴ്ചയോളം. കലക്ടറേറ്റ് കോംപൗണ്ടിൽ ഇറിഗേഷൻ വകുപ്പ് മതിൽ കെട്ടിത്തിരിച്ച 25 സെന്റ് സ്ഥലത്തെ മഴ കൊയ്ത്ത് കേന്ദ്രം കോംപൗണ്ടിലായിരുന്നു നായ ‘തടങ്കലി’ലാക്കപ്പെട്ടത്. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തി മതിൽ പൊളിച്ച് നായയെ രക്ഷപ്പെടുത്തി. ചുറ്റിലും 3 മീറ്ററിലേറെ ഉയരമുള്ള മതിൽ അടങ്ങിയ സ്ഥലത്തു നിന്നു ഞായറാഴ്ച രാവിലെ എന്തോ കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് നായ ഇവിടെ കുടുങ്ങിയതായി അധികൃതർ അറിഞ്ഞത്.

ആൾപ്പെരുമാറ്റം ഇല്ലാത്ത ഇവിടെ നിർത്താത്ത കുര ആയിരുന്നു. ഉടനെ അഗ്നിശമന സേന എത്തി മുക്കാൽ മണിക്കൂറോളം ശ്രമിച്ചിട്ടും നായയെ പുറത്തു കടത്താൻ ആയില്ല. രക്ഷിക്കാൻ എത്തിയവരെ ഭയന്ന നായ പൊളിഞ്ഞു വീണ മരത്തിന്റെ അരികിലെ വലിയ മടയി‍ൽ കടന്നു. അതിൽ നിന്ന് പുറത്തു കടത്തുക അസാധ്യമായി. ഒടുവിൽ അകത്തു നിന്നു മതിലിനു മുകളിലേക്ക് നടന്നു കയറാൻ പാകത്തി‍ൽ ഷീറ്റ് ചാരി വച്ചു കൊടുത്തു. എന്നാൽ ഇന്നലെ രാവിലെയും നായ അകത്തു തന്നെയായിരുന്നു.

ജില്ലാ അധികൃതർ വീണ്ടും അഗ്നിരക്ഷാ സേനയെ വിളിച്ച് നായയെ പുറത്തു കടത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ടു.  സേന എത്തിയെങ്കിലും രക്ഷപ്പെടുത്താൻ മറ്റൊരു മാർഗവും ഇല്ലാതായി. പുറമേ നിന്നുള്ള ചിലരുടെ കൂടി സഹായം തേടിയെങ്കിലും അതും അസ്ഥാനത്തായി. ഒടുവിൽ നായയ്ക്കു പുറത്തു കടക്കാൻ പാകത്തിൽ മതിലിന്റെ ഒരു ഭാഗത്തെ ഏതാനും കല്ലുകൾ പൊളിച്ചു നീക്കം ചെയ്യുകയായിരുന്നു. ഇതു വഴി നായ പുറത്തുകടന്നു.

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ, സാമൂഹിക നീതി വകുപ്പ് ഓഫിസ്, റജിസ്ട്രാർ ഓഫിസ് തുടങ്ങിയവയുടെ സമീപമാണ് ഈ കേന്ദ്രം. ഭക്ഷ്യ അവശിഷ്ടങ്ങൾ ഇവിടെ തള്ളുന്നതു കൊണ്ടാണ് നായ മതി‍ൽക്കെട്ടിനുള്ളിലേക്കു ചാടിയതെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ ചുറ്റും ഓടിയതിന്റെ കാൽപാട് പതി‍ഞ്ഞത് നോക്കിയാൽ ഒരാഴ്ചയായിട്ടുണ്ടാകും നായ ഇവിടെ കുടുങ്ങിയിട്ടെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com