ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം ലൈവായി മൊബൈൽ ഫോണിൽ; ഈ ‘ചതി’ ഒരിക്കലും കരുതിയില്ല!
Mail This Article
പുത്തൂർ ∙ അർധരാത്രിയിൽ ക്ഷേത്രത്തിൽ കാണിക്കവഞ്ചി മോഷണത്തിന് എത്തിയ മോഷ്ടാവ് ഒരിക്കലും കരുതിയില്ല അതിന്റെ തത്സമയ വിഡിയോ ഭരണസമിതി അംഗങ്ങളുടെ മൊബൈൽ ഫോണുകളിൽ എത്തുമെന്ന്. വഞ്ചിയിലെ പണവും കവർന്നു തിരിച്ചിറങ്ങിയ മോഷ്ടാവ് ചെന്നുപെട്ടത് കാത്തു നിന്ന ഭരണസമിതി അംഗങ്ങളുടെ മുന്നിലേക്ക്. ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ പനവേലിൽ ഉമാനിലയത്തിൽ മോഹൻദാസിനെയാണ് (രമണൻ-63) കോട്ടാത്തല പടിഞ്ഞാറ് തേവലപ്പുറം കിഴക്ക് ശ്രീഭൂതനാഥ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയുടെ പുതിയ സംവിധാനം കുടുക്കിയത്.
മുൻപും പലതവണ മോഹൻദാസ് ഇവിടെ മോഷണം നടത്തിയിരുന്നു. സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും തോർത്തു കൊണ്ടു തല മൂടിയും ക്യാമറയിൽ നിന്നു മുഖം മറച്ചുമൊക്കെയായിരുന്നു മോഷണം. ഇതു പതിവായപ്പോഴാണ് ഭരണസമിതി അംഗങ്ങൾ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഇതിനായി 3 പുതിയ ക്യാമറകൾ സ്ഥാപിച്ചു. രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഉള്ളിൽ ആരെങ്കിലും ക്ഷേത്ര പരിസരത്ത് എത്തിയാൽ ഭരണസമിതി അംഗങ്ങളുടെ മൊബൈൽ ഫോണിലേക്കു തത്സമയ വിഡിയോ ദൃശ്യം എത്തുന്ന സംവിധാനമുള്ള ക്യാമറകളായിരുന്നു അത്. ക്യാമറകൾ പണി കൃത്യമായി ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടോടെ ഭരണസമിതി അംഗങ്ങളുടെ ഫോണുകളിൽ അലാം മുഴങ്ങി. നോക്കിയപ്പോൾ വഞ്ചിക്കള്ളൻ മോഷണം നടത്തുന്ന വ്യക്തമായ വിഡിയോ. പിന്നെ വൈകിയില്ല, പരസ്പരം വിളിച്ചറിയിച്ചു ഭരണസമിതിയംഗങ്ങൾ ക്ഷേത്രത്തിലെത്തി.
മലമുകളിലേക്കു 360ൽ ഏറെ പടികളുള്ള ക്ഷേത്രമാണിത്. ഇത്രയും പടി താണ്ടി മോഷണം നടത്തിയ മോഹൻദാസ് ഇത്തവണയും പിടിക്കപ്പെടില്ല എന്ന ധാരണയിൽ പടികൾ ഓടിയിറങ്ങിയതു കാത്തുനിന്നവരുടെ കൈകളിലേക്കായിരുന്നു. മൽപിടിത്തം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിയെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 580 രൂപയും പ്രതിയിൽ നിന്നു കണ്ടെടുത്തു.