ഒരു വർഷമായുള്ള ഗതാഗത നിയന്ത്രണം അവസാനിക്കുന്നു; കുതിരാൻ തുരങ്കം ഈ ആഴ്ച തുറക്കും
Mail This Article
കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിൽ. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഈ ആഴ്ച തന്നെ തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുക്കും. തുരങ്കത്തിനുള്ളിലെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും പുനഃസ്ഥാപിക്കുന്ന ജോലികളാണു നടക്കുന്നത്.
തുരങ്കങ്ങൾക്കുള്ളിലെ എല്ലാ അഗ്നിരക്ഷാ ഉപകരണങ്ങളും ഇതിനൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ വൃത്തിയാക്കൽ പൂർത്തിയാക്കിയ ശേഷം ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിഭാഗം സുരക്ഷാപരിശോധന നടത്തും. അഗ്നി സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാകും ഗതാഗതത്തിനായി തുരങ്കം തുറന്നു നൽകുക.
അറ്റകുറ്റപ്പണികൾ ഇന്നേക്കു മുൻപു പൂർത്തിയാക്കുമെന്നു കരാർ കമ്പനി ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ മാർച്ച് 11നു മുൻപു അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനു നേരത്തെ എൻഎച്ച്എഐ നിർദേശം നൽകിയിരുന്നു. നിർമാണം വൈകിയതിനു കരാർ കമ്പനിക്കു ദേശീയപാത അതോറിറ്റി പിഴ ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയെത്തുടർന്നു തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതവും പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാക്കിയിരുന്നു. പണി പൂർത്തിയാക്കി 2 തുരങ്കങ്ങളും തുറക്കുന്നതോടെ കുതിരാൻ മേഖലയിൽ ഒരു വർഷത്തോളമായുള്ള ഗതാഗത നിയന്ത്രണത്തിനും അവസാനമാകും.