എങ്ങുമെത്താതെ യുഐടി കോളജ് കെട്ടിട നിർമാണം
Mail This Article
ശാസ്താംകോട്ട ∙ യുഐടി (യൂണിവേഴ്സ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കോളജിനു സ്ഥിരം സൗകര്യം ഉറപ്പാക്കാനായി ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി വഴിമുട്ടി. പ്രവാസി വ്യവസായി മുതുപിലാക്കാട്ട് വാങ്ങി നൽകിയ 30 സെന്റ് സ്ഥലത്താണ് ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന പ്രഖ്യാപനത്തോടെ കെട്ടിട നിർമാണം തുടങ്ങിയത്.
ഇതിനായി കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ നിർമാണം മാത്രമാണ് നടന്നത്. നിർമാണ സാമഗ്രികളുടെ വില ഉയർന്നതിനെത്തുടർന്നു നഷ്ടം സംഭവിച്ചതിനാൽ കരാർ പുതുക്കി നൽകണമെന്നും പരാതിയുണ്ട്.
എന്നാൽ വിഷയത്തിൽ ഇടപെടൽ ഉറപ്പാക്കാനും പദ്ധതി പൂർത്തീകരിക്കാനും സർക്കാർ സംവിധാനങ്ങളും താൽപര്യം കാണിച്ചില്ല.
പോരുവഴി പഞ്ചായത്തിന്റെ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് കോളജ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കെട്ടിടത്തിൽ ബിബിഎ, ബികോം, എംകോം കോഴ്സുകളിലായി മൂന്നൂറോളം വിദ്യാർഥികളാണ് പഠിക്കുന്നത്.
ആവശ്യമായ ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഒന്നും തന്നെയില്ല. പുതിയ കോഴ്സുകൾ അനുവദിക്കാനും കഴിയുന്നില്ല. വാടക കുടിശികയെത്തുടർന്നു കെട്ടിടം ഒഴിയണമെന്ന് പഞ്ചായത്ത് നിർദേശിച്ചിരുന്നു.
എന്നാൽ സ്വന്തം നിലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതിനാൽ വാടക മുൻപ് ഒഴിവാക്കിയിരുന്നെന്നാണ് കോളജ് പറയുന്നത്. പുതിയ ബ്ലോക്ക് നിർമിച്ചു കോളജിന്റെ പ്രവർത്തനം മാറ്റുന്നതോടെ പ്രശ്നം പരിഹരിക്കുമെന്നുമാണു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പദ്ധതി വഴിമുട്ടിനിൽക്കുന്നതിനാൽ കോളജിന്റെ പ്രവർത്തനം വീണ്ടും അനിശ്ചിതത്വത്തിലായി.
എന്നാൽ നിർമാണം ഉപേക്ഷിച്ചു മടങ്ങാൻ കരാറുകാരെ അനുവദിക്കില്ലെന്നും നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേർന്നു പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.