ഓണത്തിന് പച്ചക്കറി വിളവെടുത്ത് കാഷ്യു കോർപറേഷൻ
Mail This Article
കൊല്ലം∙ കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറികളിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾ സംഘം ചേർന്നു നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വിൽപനയും കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. 6 മാസക്കാലമായി തൊഴിലാളികളും ജീവനക്കാരും 3 ഗ്രൂപ്പായി തിരിഞ്ഞാണു കൃഷിയിറക്കിയത്. ഏത്തവാഴ, പച്ചമുളക്, ചീര, വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ, പയർ, മരച്ചീനി, പടവലം, ഇഞ്ചി ഉൾപ്പെടെ 12 ഇനം പച്ചക്കറികളാണ് ജൈവ രീതിയിൽ തൊഴിലാളികൾ കൃഷിയിറക്കിയത്.
ഫാക്ടറിയിൽ തൊഴിലില്ലാത്ത ഇടവേളകളിലായിരുന്നു കൃഷി. ഫാക്ടറിയിൽ ബോണസ് നൽകിയ ഇന്നലെ ഫാക്ടറി വളപ്പിലും പുറത്തും പച്ചക്കറി വിൽപന നടത്തി. അടുത്ത ഓണത്തിനു കോർപറേഷന്റെ 30 ഫാക്ടറികളിലും പദ്ധതി നടപ്പാക്കുമെന്നു ചെയർമാൻ പറഞ്ഞു. ട്രേഡ് യൂണിയൻ നേതാക്കളായ ജി ബാബു, ശശിധരൻ, തുളസീധരൻ, മണികണ്ഠൻ ഫാക്ടറി മാനേജർ ബിജു എന്നിവർ പ്രസംഗിച്ചു.