റോസ്മല സഫാരി ആദ്യദിനം തന്നെ സൂപ്പർ ഹിറ്റ്, വനയാത്രയിൽ മതിവരാതെ സഞ്ചാരികൾ
Mail This Article
റോസ്മല∙ കാനനഭംഗി ആസ്വദിച്ച റോസ്മല സഫാരി വനയാത്രയിൽ മതിവരാതെ സഞ്ചാരികൾ. ഇന്നലെ രാവിലെ 10ന് തെന്മല ശെന്തുരുണി വന്യജീവി സങ്കേതം ഇക്കോ ടൂറിസം വന വിജ്ഞാന കേന്ദ്രത്തിൽ നിന്ന് തുടങ്ങിയ റോസ്മല സഫാരി ആദ്യദിനം തന്നെ സൂപ്പർ ഹിറ്റ്. 24 സഞ്ചാരികൾ ഉണ്ടായിരുന്നു. തിരികെ റോസ്മല ഇറങ്ങി തെന്മലയിൽ ഉച്ചയ്ക്ക് 2.30നു വനയാത്ര അവസാനിച്ചപ്പോൾ ഇനിയും വരുമെന്നു പറഞ്ഞു പിരിഞ്ഞു. തെന്മല നിന്നു 14 കിലോമീറ്റർ തിരുമംഗലം ദേശീയപാതയിലൂടെ മിനി ബസിലായിരുന്നു യാത്രയുടെ തുടക്കം. പതിമൂന്നുകണ്ണറ പാലത്തിന്റെ തലയെടുപ്പു കണ്ടാസ്വദിച്ച സഞ്ചാരികൾ ഗേജ്മാറ്റത്തോടെ മാറിയ കൊല്ലം ചെങ്കോട്ട റെയിൽപാതയുടെ ഒാരത്തു കൂടി കഴുതുരുട്ടി കടന്നു. പാതയോരത്തെ വനഭംഗിയിൽ മതിവരാതെയായിരുന്നു 11 മണിയോടെ ആര്യങ്കാവിലെത്തിയത്. ചെറിയ ഒരു ബ്രേക്കിനു ശേഷം കാടുകയറ്റത്തിനു തുടക്കമായി.
വനത്തിന്റെ മടിത്തട്ടിലൂടെ കടും കട്ടിയായ 12 കിലോമീറ്റർ റോസ്മല കാനനയാത്ര തുടങ്ങി. തുടക്കത്തിൽ തകർന്ന റോഡിലൂടെ ആടിയുലഞ്ഞുള്ള കയറ്റം. പ്രത്യേക പരിശീലനം നേടിയ കുളത്തൂപ്പുഴ നെടുവെണ്ണൂർക്കടവ് പൂമ്പാറ സ്വദേശി മുകേഷിന്റെ (വിനോദ്) ഡ്രൈവിങ് മികവിൽ കാനന യാത്രയുടെ കാഠിന്യം കുറഞ്ഞു. മഞ്ഞത്തേരി ചപ്പാത്തിലെത്തിയപ്പോൾ വണ്ടി നിർത്തി. പിന്നെ മഞ്ഞത്തേരി കയറി കയറ്റം ഇറങ്ങുമ്പോൾ പാതയിൽ വില്ലനായി എത്തിയതു പച്ചിലപാമ്പ്. പാതയിൽ നിന്നും തെല്ലൊന്നനങ്ങാൻ കൂട്ടാക്കാത്ത പാമ്പിനെ ഒാരത്തേക്കു മാറ്റാൻ പാടുപെടേണ്ടി വന്നു. യാത്ര തുടർന്നപ്പോൾ വലിയമരച്ചില്ലയിൽ വിരുന്നുകാരനായി എത്തിയതു മലയണ്ണാനും കൂട്ടരും. വീതിയില്ലാത്ത വനപാതയിൽ ബൈക്കുകളും കാറുകളും ഇടയ്ക്കൊക്കെ വന്നു കയറിയതോടെ തടസ്സം നേരിട്ടെങ്കിലും മറികടന്നു റോസ്മല ഗ്രാമത്തിന്റെ കവാടത്തിലെത്തി.
കാവടത്തിന്റെ കാവൽക്കാരനെന്ന പോലെ അഗസ്ത്യമല ബയോസ്ഫിയർ റിസർവ് വനത്തിന്റെ മാത്രം സ്വത്തായ മാനം മുട്ടെ വളർന്ന ചെങ്കുറുഞ്ഞി മരം (ഗ്യൂട്ട ട്രാവർകോറിക്ക). ഈ മരത്തിന്റെ പേരിൽ നിന്നാണു വന്യജീവി സങ്കേതത്തിനു ശെന്തുരണി എന്ന പേരു വീണത്. പിന്നീടു നേരെ പോയതു റോസ്മലയുടെ തലയെടുപ്പിലേക്ക്. കല്ലട പരപ്പാർ അണക്കെട്ടിന്റെ അതിവിശാല മനോഹര കാഴ്ച നൽകുന്ന വ്യൂ ടവർ എന്ന കാഴ്ച ഗോപുരത്തിലേക്ക്. ഒരു മണിക്കൂർ ടവറിൽ ചെലവിട്ട ശേഷം കാനന പാതയിലൂടെ തിരികെ റോസ് മലയിറക്കം. തിരിച്ചുള്ള യാത്രയിൽ നാടൻ പാട്ടുകൾ പാടിയും തമാശകൾ പങ്കുവച്ചും തീരും മുൻപേ തെന്മലയിലെത്തി. റോസ്മല സഫാരി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.കെ.സുധീർ ഫ്ലാഗ് ഒാഫ് ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഒാഫിസർ ജി.സന്തോഷ് കുമാർ, ഫോറസ്റ്റർ ടി.ജയകുമാർ, പ്രോഗ്രാം ഒാഫിസർ സുധഗൗരി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ടി.കൃഷ്ണകുമാർ, ശാരദാ മന്ദിരം, അലിമുക്ക്, പുനലൂർ
റോസ്മല സഫാരി വനയാത്ര തികച്ചും പുതിയൊരനുഭവമായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഒരു ദിനം ചെലവഴിക്കാൻ കഴിഞ്ഞു. കുറെ മാറ്റങ്ങൾ വരുത്തി കൂടുതൽ സ്ഥലങ്ങളും ഉൾപ്പെടുത്തണം.
അലൻ അലക്സ് ഡാനിയേൽ, ഈട്ടിവിള വീട്, ചോഴിയക്കോട്, കുളത്തൂപ്പുഴ
റോസ്മല സഫാരി വനയാത്ര എനിക്കും ഭാര്യയ്ക്കും പുത്തൻ അനുഭവമായി. ശെന്തുരുണി വന്യജീവി സങ്കേതത്തെയും റോസ്മലയേയും കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വനംവകുപ്പിനു നന്ദി പറയുന്നു. വ്യൂ ടവറിലെ കാഴ്ച ആരേയും മോഹിപ്പിക്കും.
നിഖിൽ കൃഷ്ണ, ശാരദാ മന്ദിരം, അലിമുക്ക്, പുനലൂർ
ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ശെന്തുരുണിയിലെ റോസ്മലയിലേക്കുള്ള വനയാത്ര. 250 രൂപയ്ക്കു ഇങ്ങനെയൊരു ട്രിപ് എവിടെയും കിട്ടുമെന്നു തോന്നുന്നില്ല.
വി.ശശിധരൻ, ചരുവിള പുത്തൻ വീട്, കുരുവിക്കോണം, അഞ്ചൽ
യാത്ര പുതിയൊരു അനുഭവം നൽകി. ആദ്യദിനം തന്നെ യാത്ര ചെയ്യാൻ സാധിച്ചതിൽ സന്തോഷം. വ്യൂ ടവർ വളരെ സന്തോഷം നൽകിയ അനുഭവമായി.
English Summary: Rosemala Safari is a super hit on the first day, and tourists can't get enough of the safari