ADVERTISEMENT

പുനലൂർ ∙ കഴിഞ്ഞ 10 വർഷത്തിലധികമായി നഗരസഭ ബജറ്റുകളിൽ സ്ഥാനം പിടിച്ച 7 നില വ്യാപാര സമുച്ചയത്തിന്റെ പുനരുദ്ധാരണം തുടങ്ങിയിട്ട് ഇന്ന് 75 മാസം തികഞ്ഞിട്ടും ഇതുവരെ തുറന്നു പ്രവർത്തിക്കുന്ന സ്ഥിതിയിൽ‌ എത്തിയില്ല. 2018 ഏപ്രിൽ 25നാണു പുനരുദ്ധാരണം ആരംഭിച്ചത്. പട്ടണത്തിന്റെ ഹൃദയഭാഗത്തു ദിവസവും നൂറുകണക്കിനു പേർ വരികയും പോകുകയും ചെയ്തിരുന്ന ഒരു വ്യാപാര സമുച്ചയമാണ് ഇത്. ദേശസാൽകൃത ബാങ്കുകളും ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കൊണ്ട് സമ്പന്നമായ ഈ വ്യാപാര സമുച്ചയം പട്ടണത്തിന്റെ മുഖമുദ്രയും അടയാളവും ആയിരുന്നു.

എന്നാൽ, ഇന്നു നാടിന് അപമാനമായി മാറിയിരിക്കുകയാണ്. ഓരോ ബജറ്റിലും നവീകരണം പൂർത്തിയാക്കുന്നതിനു തുക നീക്കിവയ്ക്കുമെങ്കിലും ഈ ദിശയിൽ കൃത്യമായി ഒന്നും നടന്നിട്ടില്ല. ആദ്യം 3.96 കോടി രൂപയുടെ അടങ്കലിൽ ആണു നവീകരണ പ്രവൃത്തി ആരംഭിച്ചത്. ഇപ്പോൾ 5 കോടിയോളം ചെലവഴിച്ചിട്ടും ഇതുവരെ പണികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ഒരു വർഷത്തിനകം പൂർത്തീകരിക്കും എന്നാണ് തുടങ്ങുന്ന സമയത്ത് നഗരസഭ അധികൃതർ പറഞ്ഞിരുന്നത്.

കഴിഞ്ഞവർഷം ഇവിടെ സ്വകാര്യ കമ്പനി ലിഫ്റ്റ് എത്തിച്ച് കെട്ടിടത്തിൽ സ്ഥാപിക്കുന്നതിനായി മൂന്നാഴ്ചയോളം കാത്തിരുന്നു. എന്നാൽ, ഇതിനുള്ള ഭൗതിക സാഹചര്യം ഒരുക്കിയിട്ടില്ലാത്തതിനാൽ അവർ ലിഫ്റ്റ് തിരികെ കൊണ്ടുപോയി. ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിന് അഗ്നിരക്ഷാ വകുപ്പിൽ നിന്ന് എൻഒസി ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിനായി ഇവിടെ അടിക്കടി പരിശോധനകൾ നടത്തുന്നതല്ലാതെ ഒരു പുരോഗതിയും ഇല്ല.

അഗ്നിരക്ഷാ സേനയുടെ എൻഒസി ലഭ്യമാക്കാൻ കെട്ടിടത്തിന്റെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ആകാശവാണിയുടെ ഡിഷ് ആന്റിന മാറ്റി സ്ഥാപിക്കണം. ഇതും നടന്നിട്ടില്ല. വ്യാപാര സമുച്ചയം തുറക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ മാത്രം കേട്ടു ചെവി തഴമ്പിച്ച നാട്ടുകാർക്ക് ഇപ്പോൾ അധികൃതരുടെ വാക്കിൽ വിശ്വാസം ഇല്ലാതായിരിക്കുകയാണ്.

English Summary:

Punalur Commercial Complex: 75 Months and Still Unopened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com