ADVERTISEMENT

പത്തനാപുരം ∙ കൊട്ടിഘോഷിച്ച് എത്തിച്ച കരാർ കമ്പനി മുങ്ങി; എഫ്ഡിആർ ടെക്നോളജിയിൽ നിർമിക്കാനിരുന്ന പത്തനാപുരം – ഏനാത്ത് റോഡ്, പത്തനാപുരം – പുന്നല – കറവൂർ – അലിമുക്ക് റോഡ് എന്നിവയുടെ ഗതി ഇനി എന്താകുമെന്ന ആശങ്കയിൽ നാട്ടുകാർ. നിർമാണം മുടങ്ങിയതോടെ കാൽനട യാത്ര പോലും അസാധ്യമായ അവസ്ഥയിലാണു പ്രദേശവാസികൾ. ബിഎം – ബിസി നിലവാരത്തിൽ 10 മീറ്റർ വീതിയിൽ നിർമിക്കുന്നതിന് കിഫ്ബിയിൽ നിന്നു പണം അനുവദിച്ച റോഡുകളാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഇടപെടലിൽ എഫ്ഡിആർ ടെക്നോളജിയിലേക്കു മാറ്റുന്നത്. വീതി 10 മീറ്ററിൽ നിന്ന് 5.5 മീറ്ററായി കുറയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് 2 വർഷം മുൻപ് പത്തനാപുരം – ഏനാത്ത് റോഡ് നിർമാണം തുടങ്ങി. തുടക്കത്തിൽ തന്നെ നവീകരണം പാളിയ മട്ടായിരുന്നു. പലതവണ നിർത്തി വച്ച നിർമാണം ജനകീയ പ്രതിഷേധം ശക്തമാകുമ്പോൾ മാത്രം നടന്നു വന്നു. റോഡ് കുത്തിപ്പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് തുടങ്ങാത്തതു കടുത്ത പ്രതിഷേധത്തിനു കാരണമായി. ആദ്യ ഘട്ടത്തിൽ ഉറപ്പിച്ച ഭാഗങ്ങൾ ഇളകി കുഴികൾ രൂപപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ ടാറിങ് നടത്താൻ തീരുമാനമായി. കലുങ്ക്, ഓട എന്നിവ നിർമിക്കേണ്ട ഭാഗങ്ങൾ ഒഴിവാക്കിയാണ് ടാറിങ് തുടങ്ങാൻ തീരുമാനിച്ചത്. ഇഴഞ്ഞിഴഞ്ഞ് ചിലയിടങ്ങളിൽ ടാറിങ് നടത്തിയെങ്കിലും അശാസ്ത്രീയ നിർമാണം മൂലം ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും വെള്ളം റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയായി. ഇതു വീണ്ടും പ്രതിഷേധം തുടങ്ങാൻ കാരണമായി. ഇതു മയപ്പെടുത്താൻ‌ കുറച്ചു തൊഴിലാളികളെ വച്ച് ഓടയും കലുങ്കും നിർമിക്കുന്നതിന്റെ പേരിൽ പ്രഹസനം നടത്തി വന്നു.

ഇതിനിടയിലാണ് പുന്നല – കറവൂർ – അലിമുക്ക് റോഡ് നിർമാണത്തിനായി കരാർ കമ്പനി ശ്രമം നടത്തിയത്. ഏനാത്ത് റോഡിന്റെ ദുരിതാവസ്ഥ അറിയാവുന്ന നാട്ടുകാർ പുന്നല റോഡ് പൊളിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്തെത്തി.

മന്ത്രി കെ.ബി.ഗണേഷ്കുമാർ നേരിട്ടെത്തി ജനങ്ങളുമായി സംസാരിച്ചു നിർമാണം പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയാണ് പ്രതിഷേധം ശമിപ്പിച്ചു നിർമാണം തുടങ്ങിയത്. 

എന്നാൽ, റോഡ് പൊളിച്ച് ആദ്യ ഘട്ടത്തിൽ ഉറപ്പിക്കൽ പൂർത്തിയായ ശേഷം ടാറിങ്ങിലേക്കു കടന്നില്ലെന്നു മാത്രമല്ല, കുഴികളായി മാറിയ റോഡിൽ വാഹനയാത്ര കഠിനമാകുകയും ചെയ്തു. വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഏനാത്ത് റോഡ് മാതൃകയിൽ കലുങ്കും ഓടയും ഒഴിവാക്കി ചിലയിടങ്ങളിൽ ടാറിങ് നടത്തി. ടാറിങ് നടത്താത്ത സ്ഥലങ്ങളിൽ ഗർത്തങ്ങൾ പോലെ കുഴികൾ രൂപപ്പെടുകയും ചെയ്തു. ഫലത്തിൽ 2 റോഡുകളിലും ഇപ്പോൾ യാത്രായോഗ്യം അല്ല. 

മഴ കഴിയുന്നതോടെ ടാറിങ് വീണ്ടും തുടങ്ങുമെന്നു മന്ത്രി ഉൾപ്പെടെയുള്ളവർ പല തവണയായി പ്രഖ്യാപിച്ചതിന് ഇടയിലാണ് കരാർ ഏറ്റെടുത്ത കമ്പനി ആരുമറിയാതെ മുങ്ങിയെന്ന വിവരം പുറത്താകുന്നത്. 25 വർഷമായി നവീകരണം നടക്കാത്ത പത്തനാപുരം – ഏനാത്ത് റോഡ്, പത്ത് വർഷമായി തകർന്നു കിടക്കുന്ന പുന്നല – കറവൂർ – അലിമുക്ക് റോഡ് എന്നിവ ഉന്നത നിലവാരത്തിൽ നവീകരിക്കും എന്ന പ്രദേശവാസികളുടെ പ്രതീക്ഷകൾക്ക് ആണ് ഇതോടെ മങ്ങൽ ഏറ്റത്. കരാർ റദ്ദാക്കി പുതിയതു ക്ഷണിക്കുമോ, അതോ നിലവിലെ കമ്പനിയെ തന്നെ മടക്കി എത്തിക്കുമോയെന്ന കാര്യത്തിൽ പോലും ഇതുവരെ തീരുമാനമായിട്ടില്ല. മണ്ഡലത്തിലെ തന്നെ കലഞ്ഞൂർ – മാങ്കോട് – പാടം റോഡിന്റെ അവസ്ഥയിലേക്ക് ഇതും എത്തുമോ എന്നാണു നാട്ടുകാരുടെ ചോദ്യം. 4 വർഷം മുൻപു നിർമാണം തുടങ്ങിയ റോഡ് ഇപ്പോഴും തകർന്ന് കിടപ്പാണ്.

 മന്ത്രി നേരിട്ടെത്തി പഴയ കരാറുകാരനെ മാറ്റിയെങ്കിലും പുതിയ കരാർ നൽകാൻ ഇതുവരെ തയാറായിട്ടില്ല. നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട ഈ റോഡുകൾ തകർന്നു കിടക്കുന്നതു മൂലം ആശുപത്രി ആവശ്യങ്ങൾ പോലുള്ള അത്യാവശ്യ കാര്യങ്ങൾ സുഗമമായി നിർവഹിക്കാൻ ആകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.

English Summary:

The much-anticipated road construction projects in Pathanapuram, Kerala, have been left incomplete and in disrepair after the contracted company vanished. Residents are grappling with dangerous and impassable roads, despite repeated assurances from authorities. The situation highlights concerns about accountability and the future of essential infrastructure in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com