ഇത് പുനർജന്മം: കിണറ്റിൽ വീണ വയോധികയെ സാഹസികമായി രക്ഷിച്ച് എസ്ഐ; സല്യൂട്ട്
Mail This Article
പുത്തൂർ ∙ ഉപയോഗശൂന്യമായ കിണറ്റിൽ വീണ വയോധികയ്ക്ക് എസ്ഐ സമ്മാനിച്ചതു പുനർജന്മം. വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിനു സമീപം കിഴക്കതിൽ വീട്ടിൽ രാധമ്മയെ (74) ആണ് പുത്തൂർ എസ്ഐ ടി.ജെ.ജയേഷ് (41) സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.18ന് ആണ് കിണറ്റിൽ ആളു വീണെന്ന സന്ദേശത്തെത്തുടർന്നു ജയേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഒ.പി.മധുവും എസ്‌സിപിഒ ഡാനിയേൽ യോഹന്നാനും ഉൾപ്പെടുന്ന പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തിയത്. വേറെ കുഴൽക്കിണറുള്ളതിനാൽ വീട്ടുകാർ ഉപയോഗിക്കാത്ത കിണറ്റിലായിരുന്നു രാധമ്മ വീണത്.
ചുറ്റും കാടും പൊന്തയും മൂടി വെള്ളവും വായുവും ദുഷിച്ച നിലയിലായിരുന്നു. കാടും കുറ്റിച്ചെടികളും വകഞ്ഞുമാറ്റി നോക്കിയപ്പോൾ വെള്ളത്തിനു മുകളിൽ നിശ്ചലമായി കിടക്കുകയായിരുന്നു രാധമ്മ. മരിച്ചു എന്നായിരുന്നു സംശയം. പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോൾ മൂക്കിന്റെ ഭാഗത്ത് വെള്ളത്തിൽ കുമിളകൾ ഉയരുന്നതു കണ്ടു. എസ്ഐ ജയേഷ് പിന്നീടൊന്നും ആലോചില്ല. വഴുക്കലുള്ള തൊടികളിലൂടെ ഇറങ്ങുന്നത് അതിസാഹസികമായിരുന്നു. 30അടിയിലേറെ ആഴമുള്ള കിണറ്റിൽ പകുതിയിലേറെ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. മുൻപ് മോട്ടർ സ്ഥാപിച്ച സമയത്ത് ഉണ്ടായിരുന്ന പൈപ്പിനെ താങ്ങാക്കി അതിവേഗം താഴെയെത്തി.
ഒരു കൈ കൊണ്ട് രാധമ്മയെ പകുതി ഉയർത്തി തല വെള്ളത്തിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. പിന്നീട് അഗ്നിരക്ഷാ സേന എത്തുന്നതു വരെ അര മണിക്കൂറിലേറെ സമയമാണ് എസ്ഐ ജയേഷ് രാധമ്മയെ വെള്ളത്തിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു നിന്നത്. രണ്ടു കയറുകൾ കിണറ്റിലേക്കിറക്കി നൽകിയതിൽ ഒന്നു തന്റെ അരയിലും മറ്റേത് രാധമ്മയുടെ ശരീരത്തിലും കെട്ടിമുറുക്കി വെള്ളത്തിലേക്കു വീഴാതെ കാത്തു. അപ്പോഴേക്കും ശാസ്താംകോട്ട നിന്ന് അഗ്നിരക്ഷാസേന എത്തി കിണറ്റിലേക്കു വല ഇറക്കിക്കൊടുത്തു. ഒറ്റയ്ക്കു തന്നെ രാധമ്മയെ വലയിലേക്കു സുരക്ഷിതമായി മാറ്റി മുകളിലേക്കുയർത്താൻ സഹായിച്ചു. പിന്നാലെ ജയേഷും പുറത്തെത്തിയെങ്കിലും വീണുപോയി. രാധമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വിട്ടു. എസ്ഐ ആകുന്നതിനു മുൻപ് 11 വർഷം അഗ്നിരക്ഷാസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ജയേഷ്. മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ ലഭിച്ചിട്ടുണ്ട്. ഇരുമ്പനങ്ങാട് സ്വദേശിയാണ്.
രാവിലെ 10:11
പുത്തൂർ എസ്ഐ ടി.ജെ.ജയേഷിന്റെ ഫോണിലേക്ക് ഒരു വിളി എത്തുന്നു. വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിനു തൊട്ടുതാഴത്തെ വീട്ടുകിണറ്റിൽ വയോധിക വീണു എന്നതായിരുന്നു സന്ദേശം.
സമയം 10:18
പൊലീസ് സംഘം സ്ഥലത്തെത്തുന്നു. കാടും പൊന്തയും നീക്കി കിണറ്റിലേക്കു നോക്കിയപ്പോൾ വെള്ളത്തിനു മുകളിൽ രാധമ്മ നിശ്ചലമായി കിടക്കുന്നു. ജീവന്റെ ലക്ഷണം കണ്ടതോടെ രക്ഷാദൗത്യത്തിലേക്ക്. മുൻപ് അഗ്നിരക്ഷാസേനയിൽ ജോലി ചെയ്ത അനുഭവ പരിചയത്തെ കൂട്ടുപിടിച്ച് എസ്ഐ ജയേഷ് അതിവേഗം കിണറ്റിലേക്കിറങ്ങി.
സമയം 10:23
വെള്ളപ്പരപ്പിലെത്തിയ എസ്ഐ ജയേഷ് രാധമ്മയെ ഒരു കൈ കൊണ്ടുയർത്തി തല വെള്ളത്തിനു മുകളിലാക്കി പിടിച്ചു. പ്രഥമശുശ്രൂഷ നൽകി. രാധമ്മയെ കൈകളിൽ താങ്ങി എസ്ഐ അതേ നില തുടർന്നു. മുകളിൽ നിന്നവർ ഇട്ടുകൊടുത്ത ഒരു കയർ എസ്ഐ തന്റെ അരയിലും മറ്റേത് രാധമ്മയുടെ ശരീരത്തും കെട്ടിയുറപ്പിച്ചു നിലകൊണ്ടു.
സമയം 10:36
ശാസ്താംകോട്ട നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കിണറ്റിലേക്ക് വല ഇറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി.
സമയം 10:42
അഗ്നിരക്ഷാസേനയുടെ വല കിണറ്റിലേക്ക്. കിണറ്റിൽ ഇറക്കിയ വലയിലേക്കു എസ്ഐ ഒറ്റയ്ക്കു രാധമ്മയെ സുരക്ഷിതമായി കിടത്തി. പിന്നീട് പതിയെ മുകളിലേക്ക്.
സമയം 10:54
രാധമ്മ സുരക്ഷിതമായി കിണറിനു പുറത്തെത്തി. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.