തുറവൂർ–അരൂർ ഉയരപ്പാത: കോൺക്രീറ്റിങ് തീർന്ന് 240 തൂണുകള്‍; ദൂരം12.75 കി.മീ, ആകെ തൂണുകൾ 354
Mail This Article
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് 354 തൂണുകളിൽ 240 തൂണുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിലാണ് ഉയരപ്പാത. പില്ലറുകൾക്ക് മുകളിൽ പില്ലർ ക്യാപ് പൂർത്തിയായിടത്ത് 30 തൂണുകൾക്കായുള്ള കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതിനൊപ്പം തൂണുകൾക്കു മുകളിൽ സ്ഥാപിക്കുന്നു കോൺക്രീറ്റ് ഗർഡറുകൾ തമ്മിൽ കോൺക്രീറ്റ് ചെയ്തത് ഉറച്ചതോടെ താൽക്കാലികമായി സ്ഥാപിച്ച സ്റ്റീൽ ഗർഡറുകൾ അഴിച്ചു മാറ്റുന്നുണ്ട്.തുറവൂർ, കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലാണ് സ്റ്റീൽ ഗർഡറുകൾ അഴിച്ചു മാറ്റുന്നത്.
180 തൂണുകളിൽ സ്ഥാപിക്കുന്നതിനായി ചേർത്തല, പുത്തൻചന്ത, അരൂർ എന്നിവിടങ്ങളിലുള്ള യാഡുകളിൽ കോൺക്രീറ്റ് ചെയ്ത ഗർഡറുകൾ പാതയിലൂടെ പുള്ളർ ലോറികളിൽ കൊണ്ടുവരുന്ന ജോലിയും നടക്കുന്നുണ്ട്. പുള്ളർ ലോറികളുടെ പരമാവധി വേഗം മണിക്കൂറിൽ 30– 35 കിലോമീറ്ററായതിനാൽ ഗതാഗതക്കുരുക്കും നേരിടുന്നു.രാവിലെയും വൈകിട്ടുമുള്ള തിരക്ക് സമയങ്ങളിൽ ഗർഡറുകൾ കൊണ്ടുവരുന്ന ജോലി പരമാവധി ഒഴിവാക്കി. രാത്രിയും പുലർച്ചെയുമാണ് പുള്ളർ ലോറികളിൽ ഗർഡറുകൾ കൊണ്ടുവരുന്നത്.2 തൂണുകൾ തമ്മിൽ 35 മീറ്റർ അകലത്തിൽ 7 കോൺക്രീറ്റ് ഗർഡറുകൾ വീതമാണ് സ്ഥാപിക്കുന്നത്. ഗർഡറുകൾക്ക് താങ്ങായി 50 ടൺ ഭാരമുള്ള സ്റ്റീൽ ഗർഡറുകളാണ് വീ ആകൃതിയിലുള്ള പിയർ ക്യാപുകൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്നത്.