0.005 സെക്കൻഡിന്റെ കഥ; ഫിനിഷിങ് പോയിന്റിലേക്ക് ഒരേ സമയം നാലു ചാട്ടുളികളുടെ പാച്ചിൽ; കാരിച്ചാൽ തുഴഞ്ഞത് ചരിത്രത്തിലേക്ക്
Mail This Article
ആലപ്പുഴ ∙ ഇമ ചിമ്മിയാൽ നഷ്ടമാകുന്ന കാഴ്ചകൾ. മില്ലി സെക്കൻഡ് വ്യത്യാസത്തിൽ ചുണ്ടൻ വള്ളങ്ങളുടെ കൂമ്പുകൾ ഫിനിഷിങ് പോയിന്റ് തുളച്ചു പോയ ഫൈനൽ. അഞ്ചാം ഹീറ്റ്സിൽ റെക്കോർഡ് സമയം കുറിച്ച കാരിച്ചാൽ ചുണ്ടൻ, ഫൈനലിൽ മത്സരക്കടുപ്പമറിഞ്ഞാണു ജയിച്ചത്. മഴയില്ല, പൊരിവെയിലില്ല. ഓളംവെട്ടുന്ന പുന്നമടക്കായലിനു മീതേ ഇന്നലെ എല്ലാം ശുഭമായിരുന്നു. നൂറിലേറെ മനുഷ്യരുടെ കൈകൾ ഒറ്റ യന്ത്രംപോലെ, ഒരേ താളത്തിൽ പ്രവർത്തിച്ചു നെടുങ്കൻ ചുണ്ടൻവള്ളങ്ങളെ റോക്കറ്റ് പോലെ ഒരു കിലോമീറ്ററിലേറെ ദൂരം പായിക്കുന്ന കാഴ്ച കാണാൻ വന്നവർക്കൊന്നും നിരാശയുണ്ടായില്ല. നിർത്താതെ ആരവമിട്ട ഗ്യാലറികളും വീർപ്പടക്കിയ നിമിഷങ്ങൾ ഇടയ്ക്കുണ്ടായി.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രില്ലിൽ തുടങ്ങി കാഴ്ചകളുടെ സദ്യ. 19 ചുണ്ടൻവള്ളങ്ങൾ ഉദ്ഘാടന വേദിക്കു മുന്നിൽ നിരയിട്ടു. വർണ യൂണിഫോമുകൾ ധരിച്ച തുഴച്ചിൽക്കാർ വിസിൽ വിളികൾക്കൊപ്പിച്ചു തുഴകൾ ഒന്നിച്ചുയർത്തിയും താഴ്ത്തിയും മറ്റു നാടുകളിൽനിന്നെത്തിയ അതിഥികളെ വിസ്മയിപ്പിച്ചു.പിന്നെ കായലിന്റെ നെട്ടായം ശാന്തമായി. അത് ആളിക്കത്തലുകൾക്കു മുൻപുള്ള ഒതുക്കമായിരുന്നെന്നു പിന്നെ കണ്ടു. സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികൾ കയറിയ നാലു സ്പീഡ് ബോട്ടുകൾ സ്റ്റാർട്ടിങ് പോയിന്റിൽനിന്നു നാലു ട്രാക്കുകളിലൂടെ പാഞ്ഞെത്തിയപ്പോൾ മുതൽ പുന്നമടക്കായൽ ആർപ്പുവിളികൾക്കു നടുവിലായിരുന്നു. വെള്ളപ്പതാകകൾ വീശിയെത്തിയ സ്പീഡ് ബോട്ടുകൾ ട്രാക്ക് പരിശോധിച്ച്, എല്ലാം ഓക്കെ എന്നറിയിച്ചു തിരികെ പച്ചക്കൊടികൾ വീശി പാഞ്ഞുപോയി.
നാലു ട്രാക്കും നിറഞ്ഞു ചുണ്ടൻവള്ളങ്ങൾ പാഞ്ഞെത്തിയ ഹീറ്റ്സ്. ആദ്യത്തേതിൽ ആനാരി ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം, മൂന്നാമത്തേതിൽ തലവടി, നാലാമത്തേതിൽ വീയപുരം, മൂന്നു വള്ളങ്ങളുടെ അഞ്ചാം ഹീറ്റ്സിൽ കാരിച്ചാൽ. ആരവങ്ങൾക്കു നിമിഷങ്ങുടെ മാത്രം ഇടവേളയേ ഉണ്ടായുള്ളൂ. ഫൈനൽ പോലെ ആവേശകരമായിരുന്നു അഞ്ചാം ഹീറ്റ്സ്. തീപ്പൊരി പാറിച്ചാണു കാരിച്ചാലും വീയപുരവും നിരണവും നടുഭാഗവും തുഴച്ചിൽ പൂർത്തിയാക്കിയത്. കാരിച്ചാൽ തീർത്ത തുഴപ്പാടുകളിൽ ഒരു റെക്കോർഡ് സമയം കൂടി തെളിഞ്ഞു. നാലാം ഹീറ്റ്സും മോശമായില്ല. വീയപുരവും നിരണവും നടുഭാഗവും ഫിനിഷ് ചെയ്തത് സെക്കൻഡിന്റെ മാത്രം വ്യത്യാസത്തിലാണ്. കരുവാറ്റ മാത്രം അൽപം വൈകി.
ഹീറ്റ്സ് പൂർത്തിയാക്കി ഫൈനലിനായി കായലിൽ കളമൊരുങ്ങുന്ന ഇടവേളയിൽ കമന്റേറ്റർമാർ വഞ്ചിപ്പാട്ടു പാടിയും ആർപ്പിട്ടും ആവേശമേറ്റി. ഏറ്റുപാടി താളത്തിൽ തുള്ളാൻ മുഖ്യാതിഥികളായ ജനപ്രതിനിധികളും കൂടി. കായലിനു തീ പിടിക്കാൻ പോകുന്നു എന്ന കമന്റേറ്ററുടെ വാക്കുകൾ കേട്ടു ഗ്യാലറികൾ ആകെയിളകി. ആർപ്പുവിളികൾ ഏറെ നേരം നീണ്ടു. തീരത്തോടു ചേർന്നു നീന്തിത്തുടിച്ചും സ്പീഡ് ബോട്ടിൽ ചുറ്റിയും കായലിനെ ഉത്സവപ്പറമ്പാക്കാൻ ഇറങ്ങിയവരെ ഒഴിപ്പിച്ചതോടെ ഫൈനലിനു കായൽ സജ്ജമായി. പോക്കുവെയിൽ മങ്ങിത്തുടങ്ങി. 5.15 കഴിഞ്ഞപ്പോൾ സ്റ്റാർട്ടിങ് പോയിന്റിലെ നാലു ട്രാക്കിൽനിന്നും ഒന്നിച്ചൊരു കുതിപ്പ്. ഇങ്ങു തെക്കേയറ്റം വരെ അത് ആയിരങ്ങളുടെ നെഞ്ചിടിപ്പായി പടർന്നു.
ഏതു ഭാഗത്തുനിന്നും ഏതു കോണിൽനിന്നും നോക്കിയവർ കണ്ടത് നാലു ചുണ്ടൻവള്ളങ്ങളും ഒരുപോലെ കുതിച്ചു നീങ്ങുന്നതാണ്. ഒരിഞ്ചെങ്കിലും വ്യത്യാസം പറയാനില്ല. ആ തുല്യത ഫിനിഷിങ് പോയിന്റ് വരെ തുടർന്നു. ദിക്കുകൾ നടുങ്ങുമാറ് നീണ്ട ആരവം. ഫിനിഷിങ് പോയിന്റിലേക്ക് ഒരേ സമയം നാലു ചാട്ടുളികളുടെ പാച്ചിൽ കണ്ടു. അവസാനത്തെ ഏതാനും സെക്കൻഡുകളിൽ ഇടിച്ചുകയറിയ കാരിച്ചാൽ നേർത്തൊരു വ്യത്യാസത്തിൽ നെഹ്റുവിന്റെ വെള്ളിക്കപ്പ് വച്ച ഫിനിഷിങ് പോയിന്റിനെ കടന്നു പോയി. പക്ഷേ, ആരു ജയിച്ചെന്നു നഗ്നനേത്രങ്ങൾകൊണ്ടു നിർണയിക്കാൻ കഴിയുമായിരുന്നില്ല.
ഇലക്ട്രോണിക് സ്ക്രീനിൽ ചുണ്ടൻവള്ളങ്ങളുടെ പേരിനു നേരെ അവ കുറിച്ച സമയം തെളിഞ്ഞപ്പോൾ ആദ്യം കാരിച്ചാലും വീയപുരവും തമ്മിൽ അണുവിട വ്യത്യാസമില്ലായിരുന്നു – 4:29:79. അൽപം കഴിഞ്ഞപ്പോൾ അതു മാറി. കാരിച്ചാൽ – 4:29:785. നാട്ടിൻപുറത്തെ പ്രയോഗത്തിൽ, എലിമീശ വണ്ണത്തിനൊരു ജയം!വിജയികൾക്കു കപ്പ് കൈമാറിയെങ്കിലും വീയപുരം ചുണ്ടന്റെ തുഴക്കാർ പരാതി ഉയർത്തി. ആദ്യം കാണിച്ച സമയം തിരുത്തിയതിൽ സംശയം ഉന്നയിച്ചു. ഒടുവിൽ ഇലക്ട്രോണിക് കണിശത അംഗീകരിച്ച് എല്ലാം തീർപ്പാക്കി. ഇതാണു ഫൈനൽ പോരാട്ടമെന്നു തലകുലുക്കാത്ത കാണികൾ കുറവായിരിക്കും. മടക്കയാത്രകളിലെ അവരുടെ ചർച്ചകളിൽ ആ കണ്ണഞ്ചിക്കുന്ന കാഴ്ച പുനർജനിച്ചുകൊണ്ടേയിരുന്നു. ചെലവിട്ട സമയം മുതലാകുന്ന പോരാട്ടങ്ങൾ കണ്ടു മടങ്ങിയവർ നഗരവഴികളിലും ആർപ്പു വിളിച്ചു.