നിർമാണം തുടങ്ങിയിട്ട്, നാലര വർഷം: മന്ത്രീ, ഇപ്പോൾ എന്നാൽ പിന്നെ എന്നാണല്ലേ അർഥം...
Mail This Article
മാങ്കോട്∙ നിർമാണം തുടങ്ങിയിട്ട്, നാലര വർഷം. പാടം –കലഞ്ഞൂർ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിൽ നിന്നു കരകയറാതെ നാട്ടുകാർ. ഇളമണ്ണൂർ–മുതൽ–പാടം വരെയുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതിനായിരുന്നു തീരുമാനം. പാതിവഴിയിൽ നിലച്ചുപോയ നിർമാണത്തിനൊടുവിൽ കരാറുകാരനെ വരെ നീക്കി. പ്രതിഷേധം ശക്തമായതോടെ മന്ത്രി നേരിട്ടെത്തി, നവീകരണം ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പു നൽകി, മടങ്ങി.
എന്നാൽ മന്ത്രി മടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും നവീകരണം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയിട്ടില്ല. വാഴപ്പാറ മുതൽ പാടം വരെയാണ് റോഡ് പൂർത്തിയാകാനുള്ളത്. ഇതിൽ മാങ്കോട് ജംക്‌ഷൻ മുതൽ പാടം വരെ ടാറിങ്ങിന്റെ അംശം പോലും പുറത്തു കാണാത്ത വിധം റോഡ് തകർന്നു. ചിതൽവെട്ടി, പിച്ചാണ്ടിക്കുളം, പാടം ഭാഗങ്ങളിലെല്ലാം വലിയ കുഴികളാണ്.
ചെറിയ മഴ പെയ്താൽ പോലും കുഴികളിൽ വെള്ളം നിറഞ്ഞ്, ചെറിയ വാഹനങ്ങൾ മുങ്ങി പോകുന്ന അവസ്ഥയിലാണ് റോഡിന്റെ ദുരവസ്ഥ. നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശത്തുള്ളവർക്ക് ആശുപത്രി ആവശ്യത്തിനു പോലും പത്തനാപുരത്തെത്തണം. ഈ വഴി മാത്രമാണ് ഇവർക്കാശ്രയം. ഓട്ടോയോ, ടാക്സിയോ വിളിച്ചാൽ വരാറില്ലെന്നും വന്നാൽ തന്നെ ഇരട്ടിയിലധികം രൂപ ചാർജ് നൽകേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു. വെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽ വാഹനങ്ങൾ മറിയുന്നതായും, അപകടം പതിവായതോടെ യാത്ര ചെയ്യാൻ ഭയമാണെന്നും നാട്ടുകാർ പറയുന്നു.