ADVERTISEMENT

കാഞ്ഞങ്ങാട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ വധശ്രമ വകുപ്പാണു ചുമത്തിയിട്ടുള്ളത്. രണ്ടു ദിവസങ്ങളിലായി 4 പേർ മരിച്ചതോടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഇതിന് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി  2ൽ റിപ്പോർട്ട് നൽകി.

അതേസമയം, 3 പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ അപ്പീലിൽ കോടതി 6ന് വാദം കേൾക്കും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ, കേസിലെ ഒന്നും രണ്ടും പ്രതികളായ ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ, കെ.ടി.ഭരതൻ എന്നിവർക്ക് വാദത്തിനു ഹാജരാകാൻ നിർദേശിച്ച് പൊലീസ് കത്തുനൽകി. ഏഴാം പ്രതി പി.രാജേഷ് ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുകയാണ്. ആകെ 9 പ്രതികളുള്ള കേസിൽ 4 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

വെടിക്കെട്ടപകടത്തിൽ മരിച്ച ഷിബിൻരാജിന്റെ മൃതദേഹം ചെറുവത്തൂർ ഓർക്കുളത്തെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ഷീബ. 

ചിത്രം: അഭിജിത്ത് രവി / മനോരമ
വെടിക്കെട്ടപകടത്തിൽ മരിച്ച ഷിബിൻരാജിന്റെ മൃതദേഹം ചെറുവത്തൂർ ഓർക്കുളത്തെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ഷീബ. ചിത്രം: അഭിജിത്ത് രവി / മനോരമ

  കഴിഞ്ഞദിവസം മരിച്ച കിണാവൂർ സ്വദേശികളായ യു.രതീഷ് (32), കെ.ബിജു (38), ചെറുവത്തൂർ സ്വദേശി ഷിബിൻരാജ് (19) എന്നിവരുടെ സംസ്കാരം നടത്തി. അപകടത്തിൽ പൊള്ളലേറ്റ് കണ്ണൂരിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഷിബിൻ രാജ്
ഷിബിൻ രാജ്

ആശ്രയമായവർ കണ്ണീരോർമ; ആശയറ്റ് കുടുംബങ്ങൾ 
കാഞ്ഞങ്ങാട് ∙ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത് നീലേശ്വരത്താണെങ്കിലും അതിന്റെ അലയൊലികളിൽ കണ്ണീർമഴ പെയ്തിറങ്ങുന്നത് സമീപഗ്രാമങ്ങളിൽ. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയ സി.സന്ദീപ് (38), യു.രതീഷ് (32), കെ.ബിജു (38) എന്നിവർ ചോയംകോട്– കിണാവൂർ സ്വദേശികളാണ്. നാലാമത്തെയാൾ 19 വയസ്സുള്ള, ചെറുവത്തൂർ സ്വദേശി ഷിബിൻ രാജും.

രതീഷിന്റെ മൃതദേഹം നീലേശ്വരം ചോയ്യോങ്കോട്ടെ  വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ജാനകി.
രതീഷിന്റെ മൃതദേഹം നീലേശ്വരം ചോയ്യോങ്കോട്ടെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ജാനകി.

വേദനാജനകമായ വേർപാടിൽ നാട് വിങ്ങിക്കരയുമ്പോഴും ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾ ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം ഉയരുന്നു. വീരർകാവ് ക്ഷേത്രവും സർക്കാരും മരിച്ചവർക്കും പരുക്കേറ്റവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ബിജു ഈയിടെ വായ്പയെടുത്ത് വാങ്ങിയ ഓട്ടോ ടാക്സിയിൽ ‍ഡീസലടിക്കാനായിട്ടാണ് സന്ദീപിനെയും കൂട്ടി ചെറുവത്തൂരിലേക്ക് പോയത്. പോകുന്ന വഴി, സുഹൃത്തുക്കളായ രതീഷിനെയും രജിത്തിനെയും ഫോണിൽ വിളിച്ച്, നീലേശ്വരത്തെ കളിയാട്ടം ഒരുമിച്ചു കാണാമെന്ന് പറയുകയായിരുന്നു.

fireworks-tragedy-ratheesh

4 പേരും ഒരുമിച്ചാണ് വീരർകാവിൽ നിന്നിരുന്നത്. പൊള്ളലേറ്റ ശരീരവുമായി ദിവസങ്ങളോളം പോരാടിയതിന് ശേഷം ആദ്യം സന്ദീപ് യാത്രയായി. പിന്നാലെ രതീഷും ബിജുവും. ഉറ്റ കൂട്ടുകാരുടെ മരണവാർത്ത അറിയാതെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രജിത്. നാട്ടിലെ പ്രധാന പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു നാൽവർ സംഘം. 

കണ്ണാംകുന്ന് ചെറളത്ത് ഭഗവതി ക്ഷേത്രം ഭരണസമിതിയിലെ ട്രഷററാണ് ചികിത്സയിൽ കഴിയുന്ന രജിത്. ഇതേ ക്ഷേത്രത്തിലെ കമ്മിറ്റി അംഗവും യുവധാര സ്വയം സഹായ സംഘത്തിന്റെ പ്രവർത്തകനുമായിരുന്നു ബിജു. മുൻ ഭരണ സമിതിയംഗമാണ് സന്ദീപ്. പൂരക്കളി കലാകാരന്മാരായ ഇവർ ഒരുമിച്ച്, എല്ലാ വർഷവും പ്രദേശത്തെ കളിയാട്ടങ്ങൾക്കെല്ലാം എത്തും.

സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകാതെ തങ്ങളുടെ കുടുംബത്തെ താങ്ങി നിർത്തിയവരാണ് 4 പേരും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പരസ്പരം താങ്ങായിരുന്ന ഇവരുടെ അസാന്നിധ്യം ഈ കുടുംബങ്ങളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. സന്ദീപിന്റെയും ബിജുവിന്റെയും കുട്ടികൾ 10 വയസ്സിൽ താഴെയുള്ളവരാണ്. രതീഷ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബം മുന്നോട്ടുപോയത്. പലപ്പോഴും ആ തുക തികയാതെ വന്നതിനാലാണ് എഫ്സിഐ ഗോഡൗണിൽ ചുമട്ടുതൊഴിലാളിയായി പോയിത്തുടങ്ങിയത്. 

തങ്ങളോട് അച്ഛന്റെ വാത്സല്യത്തോടെ ഇടപെട്ടിരുന്ന ബിജുവിന്റെ മരണത്തോട് പൊരുത്തപ്പെടാൻ പ്രദേശത്തെ കുട്ടികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അവരെ സ്കൂളിലെത്തിക്കാനായാണ് ബിജു ഓട്ടോടാക്സി വാങ്ങിയത്. ഓട്ടമില്ലാത്ത സമയങ്ങളിൽ വീട്ടിലുണ്ടാകും. ബിജുവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അച്ഛൻ കുഞ്ഞിരാമൻ മകനെക്കുറിച്ച് സംസാരിച്ചപ്പോൾ വിതുമ്പി.

കുടുംബത്തിന് താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തിലൂടെയാണ് ഈ ചെറുപ്രായത്തിൽ തന്നെ സ്വകാര്യ ഓയിൽ കമ്പനിയിൽ ജോലിയെടുക്കുവാൻ ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് തയാറായത്. ഷിബിൻ നാട്ടിലേക്ക് മടങ്ങുമ്പോൾ അവിടെ നിന്ന് ശമ്പളം പോലും കൈപ്പറ്റിയിരുന്നില്ല. 3വർഷം മുൻപാണ് ഈ കുടുംബം ഓർക്കുളത്ത് പുതുതായി വീട് പണിതത്. ദുരന്തത്തിൽ പരുക്കേറ്റവരിലേറെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പലരും കുടുംബങ്ങളുടെ ഏക വരുമാന ആശ്രയവുമാണ്. ചികിത്സ തുടരുന്നതിനാൽ ബഹുഭൂരിപക്ഷം ആളുകൾക്കും ജോലിക്ക് പോയിത്തുടങ്ങാനായിട്ടില്ല.

തുഴയെറിയാൻ നാട്ടിലെത്തി; പാതിവഴിയേ മടക്കം
ചെറുവത്തൂർ ∙ ഉത്തര മലബാർ ജലോത്സവത്തിൽ കാവുഞ്ചിറ കൃഷ്ണപ്പിള്ള ക്ലബിന് വേണ്ടി തുഴയെറിയാനാണ് ഷിബിൻരാജ് നാട്ടിലെത്തിയത്. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ഡീസൽ മെക്കാനിക്കായിരുന്നു. കഴിഞ്ഞ വർഷവും ജലോത്സവത്തിൽ ഇതേ ക്ലബ്ബിനുവേണ്ടി തുഴയെറിഞ്ഞിരുന്നു. 

കേരളപ്പിറവി ദിനത്തിൽ അച്ചാംതുരുത്തിയിൽ നടക്കേണ്ടിയിരുന്ന വള്ളം‍കളിക്ക് ധരിക്കാൻ ഷിബിൻ രാജ് വാങ്ങിച്ച ടി‌ഷർട്ട് 

ഷിബിൻ രാജിന്റെ മൃതദേഹത്തിൽ വച്ചപ്പോൾ.
കേരളപ്പിറവി ദിനത്തിൽ അച്ചാംതുരുത്തിയിൽ നടക്കേണ്ടിയിരുന്ന വള്ളം‍കളിക്ക് ധരിക്കാൻ ഷിബിൻ രാജ് വാങ്ങിച്ച ടി‌ഷർട്ട് ഷിബിൻ രാജിന്റെ മൃതദേഹത്തിൽ വച്ചപ്പോൾ.

നീലേശ്വരത്ത് വെടിക്കെട്ട് നടന്ന ക്ഷേത്രത്തിൽ കൂട്ടുകാരൻ ആദിഷിനോടപ്പമാണ് ഷിബിൻ പോയിരുന്നത്. അപകടത്തിൽ പരുക്കേറ്റ ആദിഷ് ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഐടിഐ പഠനത്തിന് ശേഷം ഒരു മാസം മുൻപാണ് ഷിബിൻ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. കുടുംബത്തിന് താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തിലൂടെയാണ് ഈ ചെറു പ്രായത്തിൽ തന്നെ ജോലിയെടുക്കുവാൻ ഷിബിനെ പ്രേരിപ്പിച്ചത്.

ഷിബിൻ നാട്ടിലേക്ക് മടങ്ങുമ്പോൾ അവിടെ നിന്ന് ശമ്പളം പോലും കൈപ്പറ്റിയിരുന്നില്ല.വള്ളംകളി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുവാനായിരുന്നു. തീരുമാനം. എന്നാൽ വിധി അനുവദിച്ചില്ല. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനാണ് ഷിബിൻ. എല്ലാവരോടും നല്ല പെരുമാറ്റം, കൃത്യമായ തീരുമാനം, നാട്ടിൽ നടക്കുന്ന പൊതു പ്രവർത്തനത്തിൽ സജീവവുമായിരുന്നു. ഓർക്കുളം എകെജി ക്ലബ് അംഗമാണ്.

സഹോദരി ഷിബിന പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അച്ഛൻ പുഷ്പരാജൻ നിർമാണ തൊഴിലാളിയാണ്. അമ്മ ഷീബ തൊഴിലുറപ്പ് തൊഴിലാളിയും. ഓർക്കുളം എകെജി ക്ലബ്ബിൽ പൊതുദർശനത്തിന് വച്ച മ‍ൃതദേഹത്തിൽ മുൻ എംപി പി.കരുണാകരൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, നീലേശ്വരം നഗരസഭ അധ്യക്ഷ ടി,വി.ശാന്ത, ഉപാധ്യാക്ഷൻ പി.പി.മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഎം ഏരിയ സെക്രട്ടറി കെ.സുധാകരൻ, ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സിപിഐ നേതാവ് എ.അമ്പൂഞ്ഞി, തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം, കരീം ചന്തേര, എ.കെ.ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ചോയ്യംങ്കോടിനെ വിലാപത്തിലാഴ്ത്തി  ഉറ്റ ചങ്ങാതിമാരുടെ വിയോഗം 
നീലേശ്വരം ∙ അതിരാവിലെ രതീഷിന്റെ ചേതനയറ്റ മുഖം കണ്ട ദുഃഖം മായുന്നതിന്റെ മുൻപ് വൈകിട്ടോടെ ബിജുവിന്റെ ഭൗതിക ശരീരവും എത്തി. അപകടത്തിൽ ആദ്യം മരിച്ച സന്ദീപിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ച പന്തലിൽ തന്നെയായിരുന്നു. രണ്ടാമത് മരിച്ച കിണാവൂരിലെ കെ.രതീഷിന്റെ ഭൗതീകശരിരവും പൊതുദർശനത്തിന് വച്ചത്. ഉറ്റ ചങ്ങാതിമാർ നാട്ടുകാരുടെ മുന്നിൽ ഒരേ പന്തലിൽ കിടന്ന് വിടപറഞ്ഞപ്പോൾ അത് ചോയ്യംങ്കോട് എന്ന മലയോര പട്ടണത്തിന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.

ഇതിന് പിന്നാലെ ഇവരുടെ കൂട്ടുകാരൻ കൊല്ലംപാറയിലെ ബിജു കൂടി മരിച്ചത്തോടെ നാടിന്റെ മനസ് ശരിക്കും തകർന്നു. ചോയ്യംങ്കോട് നിന്ന് രണ്ട് 5 കിലോ മീറ്റർ അകലെയുള്ള കൊല്ലംപാറ ടൗണിലാണ് ഇന്നലെ രാത്രി 7.10 ഓടെ ബിജുവിന്റെ ശരീരം പൊതുദർശനത്തിന് വച്ചത്. കനത്ത മഴയിലും നൂറുകണക്കിന് ആളുകളാണ് ബിജുവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. 

മുൻ എംപി പി.കരുണാകരൻ,  നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, ഉപാധ്യക്ഷൻ മുഹമ്മദ് റാഫി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, എൽഡിഎഫ് കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ, സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ, കേരളാ ബാങ്ക് ഡയറക്ടർ സാബു ഏബ്രഹാം, വി.കെ.രാജൻ,  കിനാനുർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, സിപിഎം  ലോക്കൽ സെക്രട്ടറി കെ.കുമാരൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, കോൺഗ്രസ് നേതാക്കളായ സി.വി.ഭാവനൻ, ഉമേശൻ ബേളൂർ, എസ്.കെ.ചന്ദ്രൻ, കോൺഗ്രസ് (എസ്) നേതാവ് കൂലേരി രാഘവൻ, ടി.പി.നന്ദകുമാർ, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി തുടങ്ങി വിവിധ മേഖലകളിൽപ്പെട്ട നൂറുകണക്കിന് ആളുകളാണ് രതീഷിനും ബിജുവിനും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.

English Summary:

Tragedy strikes Kerala's Anjoottambalam Veerar Kavu Temple as a fireworks display turns fatal, leaving four dead. Police are now considering upgrading charges to murder as the investigation into the incident deepens.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com