കെഎസ്ഇബി ഓഫിസ് മാറ്റത്തെ ചൊല്ലി എൽഡിഎഫിൽ ഭിന്നത
Mail This Article
കൊട്ടാരക്കര∙ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെങ്ങമനാട് ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസ് വാടകക്കെട്ടിടത്തിലേക്കു മാറ്റുന്നതിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. മാറ്റുന്നതിൽ എതിർപ്പുമായി സിപിഎം, കേരള കോൺഗ്രസ്(ബി) പാർട്ടികൾ രംഗത്ത് വന്നു. സമർദത്തെ തുടർന്ന് സ്ഥലംമാറ്റ തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. വിഷയം ചർച്ച ചെയ്യാൻ വിളിച്ച എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് സിപിഐ പ്രതിനിധികൾ വിട്ടു നിന്നു. കെട്ടിടത്തിന് കൂടുതൽ വാടക ആവശ്യപ്പെട്ട് മേലില പഞ്ചായത്ത് സെക്രട്ടറി വൈദ്യുതി ബോർഡിന് കത്ത് നൽകിയിരുന്നു. കത്ത് ലഭിച്ചതിനെ തുടർന്ന് ഉയർന്ന വാടകയ്ക്ക് സ്വകാര്യ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാൻ കെഎസ്ഇബി തീരുമാനിച്ചു.
കത്ത് നൽകിയതിനു പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സിപിഐ ആണെന്നാണ് മറ്റ് എൽഡിഎഫ് ഘടക കക്ഷികളുടെ ആരോപണം. 19000 ഉപയോക്താക്കളുള്ള സെക്‌ഷൻ ഓഫിസ് ചെങ്ങമനാട് ജംക്‌ഷനിൽ നിന്നു മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയർന്നു. സിപിഎം, കേരള കോൺഗ്രസ്(ബി) പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ ചേർന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ യോഗം ഓഫിസ് മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. 10000 രൂപ വാടക നൽകി കെട്ടിടം കരാർ പുതുക്കാനും തീരുമാനമായതായാണ് വിവരം. ഓഫിസ് ചെങ്ങമനാട് നിന്നും മാറ്റാനുള്ള നീക്കത്തെ എതിർക്കുമെന്ന് കേരള കോൺഗ്രസ്(ബി) ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ പുന്നൻ അറിയിച്ചു.