പണ്ട് വെള്ളം, ഇപ്പോൾ മണ്ണും ചെളിയും; 12 കോടിയുടെ പദ്ധതി എവിടെ?
Mail This Article
കൊല്ലം∙കോയിക്കൽ തോട് സംരക്ഷണവും കൈവരി കെട്ടലും നിലച്ചിട്ട് വർഷങ്ങൾ. മുൻപ് വീടുകളിലേക്ക് വെള്ളം കയറുന്നതായിരുന്നു ദുരിതമെങ്കിൽ ഇപ്പോൾ അതിലേറെ കഷ്ടത്തിലാണ് പുളിയത്തുമുക്ക് കോയിക്കൽ തോടിന്റെ കരയിൽ താമസിക്കുന്നവർ. തോട് സംരക്ഷണത്തിനും കൈവരി കെട്ടുന്നതിനുമായി സർക്കാർ അനുവദിച്ച 12 കോടി രൂപ എവിടെപ്പോയെന്നാണ് നാട്ടുകാരുടെ ചോദ്യം. തോട്ടിൽ നിന്നെടുത്ത മണ്ണും ചെളിയും തോന്നിയതു പോലെ റോഡരികിലും വീട്ടുമുറ്റത്തും കോരിയിട്ടിട്ടു പോയിരിക്കുകയാണ് കരാറുകാർ. വാഹനം കൊണ്ടു പോകാനോ കാൽനടയാത്രക്കോ പറ്റാത്ത സ്ഥിതി.
നിർമാണ പ്രവർത്തനത്തിനായി മുൻപ് കൊണ്ടിട്ടിരുന്ന പാറയും ഇപ്പോൾ കാണുന്നില്ല. അധികൃതരോട് പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ സ്വസ്ഥമായി താമസിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യാനുള്ള തയാറെടുപ്പിലാണ്. കരാറുകാരന്റെ നിരുത്തരവാദപരമായ നിലപാട് മൂലം ഒരു കുരുന്നു ജീവൻ പൊലിഞ്ഞ സംഭവമുണ്ടായിട്ടും അധികൃതർക്കു മിണ്ടാട്ടമില്ല. ഓരോ വർഷവും മഴക്കാലത്ത് തോട്ടിൽ വെള്ളം പൊങ്ങുമ്പോൾ മിക്ക വീട്ടിലും വെള്ളം കയറും. തോടിന്റെ കരയിലുള്ളവരുടെ ഒരു മാസത്തെ താമസം അടുത്തുള്ള സ്കൂളിൽ. ഇൗ അവസ്ഥ തുടരുന്നതിന്റെ ഇടയിലാണ് ആഘോഷമായി തോട് നവീകരണം പ്രഖ്യാപിച്ചത്. എം.നൗഷാദ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 12 കോടി രൂപയും അനുവദിച്ചു. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണ ചുമതല.
ഡ്രജിങ് നടത്തി ചെളിയും മണ്ണും വാരി റോഡിലിട്ട് വഴിമുടക്കുക എന്ന ജോലി മാത്രമാണ് ഇതുവരെയും നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കൈവരി കെട്ടുന്നതിനായി കെട്ടുന്നതിനായി കൊണ്ടുവന്ന പാറയും മറ്റും വൈകാതെ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. കോയിക്കൽ തോട് നവീകരണത്തിന് 12 കോടി രൂപ അനുവദിച്ചത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണ വിഷയമാക്കുകയും ചെയ്തിരുന്നു. എന്നാൽ അനുവദിച്ച തുക ഉപയോഗിച്ച് എന്തു ചെയ്തുവെന്നാണ് നാട്ടുകാരുടെ ചോദ്യം. എത്രയും വേഗം തോടിന് സംരക്ഷണഭിത്തി കെട്ടാനുള്ള നീക്കം ആരംഭിക്കണമെന്നാണ് ആവശ്യം. കോർപറേഷന്റെ നിരുത്തരവാദ നടപടിക്കെതിരെ സിപിഐ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.