പകൽസമയത്തും കുറുക്കൻ കൂട്ടത്തിന്റെ ആക്രമണം; കല്ലെടുത്ത് എറിഞ്ഞാൽ തിരിച്ചുവന്ന് ആക്രമിക്കും
Mail This Article
എഴുകോൺ ∙ പഞ്ചായത്തിലെ ചിറ്റാകോട് വാർഡിൽ പകൽസമയത്തു ഭീതി പരത്തി പാഞ്ഞുനടന്ന കുറുക്കന്റെ ആക്രമണത്തിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. ചിറ്റാകോട് തെക്കേപ്പുര മേലതിൽ മാത്തൻ പണിക്കർ (68), മാറനാട് കുടുവക്കോണത്തു വിരുന്നു വന്ന രണ്ടു യുവാക്കൾ എന്നിവരെയാണു കുറുക്കൻ കടിച്ചത്. ഇരുകയ്യിലും നെഞ്ചിലും സാരമായി പരുക്കേറ്റ മാത്തൻ പണിക്കരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോത്തിനെ തീറ്റയ്ക്കായി കൊണ്ടു പോയപ്പോഴാണു മാത്തൻ പണിക്കരെ കുറുക്കൻ ആക്രമിച്ചത്. മൂഴിയിൽ തോട്ടിൽ മീൻ പിടിക്കാൻ എത്തിയപ്പോഴാണു യുവാക്കളെ കുറുക്കൻ കടിച്ചത്. സമീപത്ത് നിന്ന പശുവിനെ ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയപ്പോഴാണു ഇരുവരുടെയും കൈവിരലുകൾക്കു കടിയേറ്റത്. പകൽസമയത്തു കുറുക്കൻ കൂട്ടം സാധാരണ പുറത്തിറങ്ങാത്തതിനാൽ ഇതിനു പേവിഷബാധയുണ്ടെന്നാണു നാട്ടുകാരുടെ സംശയം. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ശനി ഉച്ച മുതലാണ് പ്രദേശത്തു കുറുക്കന്റെ ശല്യം ഉണ്ടായത്. മണ്ണൂർക്കാവ്, മണ്ണത്ത്, മൂഴിയിൽ തോടിന്റെ കര എന്നിവിടങ്ങളിലായിരുന്നു ഇതിന്റെ സ്വൈരവിഹാരം. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയും ആടുകളെയും പുറത്തു കെട്ടിയിരുന്ന പോത്തിനെയും കുറുക്കൻ കടിച്ചു പരുക്കേൽപിച്ചു. വന്യമായ സ്വഭാവത്തിലായിരുന്നു ആക്രമണം. കല്ലെടുത്തെറിഞ്ഞാൽ ഓടിപ്പോയ ശേഷം വീണ്ടും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു.
കന്നുകാലികളെ തീറ്റയ്ക്ക് അഴിച്ചു കെട്ടാതെ ആളുകൾ വടിയും കമ്പുമായി കാവലിരിക്കുകയായിരുന്നു. വൈകിട്ട് വീണ്ടും ഇതു പുറത്തിറങ്ങി എന്നറിഞ്ഞ് ആളുകൾ സംഘടിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തു കാടുമൂടിയ സ്വകാര്യ പുരയിടങ്ങൾ ഏറെയുള്ള സ്ഥലമാണ്. രാത്രികാലങ്ങളിൽ കുറുക്കൻമാർ കൂട്ടത്തോടെ ഓരിയിടുന്നതു പതിവാണെങ്കിലും ആക്രമണം ഇതാദ്യമാണെന്നു നാട്ടുകാർ പറഞ്ഞു.
കുറുക്കന്റെ ആക്രമണം ഭയന്ന് ഇന്നു കുട്ടികളെ സ്കൂളിൽ അയയ്ക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. തൊഴിലുറപ്പു തൊഴിലാളികൾ അടക്കമുള്ളവർക്ക് ജോലിക്ക് ഇറങ്ങാനും ഭയന്നിരിക്കുകയാണ്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ടെന്നു വാർഡംഗം ബീന മാമച്ചൻ പറഞ്ഞു.