മഴയിൽ മലിന ജലത്തിൽ മുങ്ങി കടുത്തുരുത്തി
Mail This Article
കടുത്തുരുത്തി ∙ ഒറ്റ മഴയിൽ കടുത്തുരുത്തി ടൗണിന്റെ പലഭാഗത്തും വെള്ളക്കെട്ട്. കടുത്തുരുത്തി സഹകരണ ആശുപത്രി റോഡിലും, കടുത്തുരുത്തി– സെന്റ് മൈക്കിൾസ് സ്കൂൾ റോഡിലും മലിന ജലം നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് റോഡുകളിൽ ഓടകളിൽ നിന്നെത്തിയ മലിന ജലവും മാലിന്യങ്ങളും നിറഞ്ഞത്.
പല വ്യാപാര സ്ഥാപനങ്ങളിലും മാലിന്യങ്ങൾ ഒഴുകിയെത്തി. റോഡാകെ പ്ലാസ്റ്റിക് മാലിന്യവും ഓടയിലെ മാലിന്യവും നിറഞ്ഞു. പൊലീസ് സ്റ്റേഷനു മുൻപിലൂടെയുള്ള ഓട നിറഞ്ഞു കവിഞ്ഞാണ് മാലിന്യവും ചെളി വെള്ളവും സഹകരണ ആശുപത്രി റോഡിൽ എത്തിയത്. ടൗണിലെ ഓടകളിൽ മണ്ണും മാലിന്യവും നിറഞ്ഞ് കിടക്കുകയാണ്.
തളിയിൽ ക്ഷേത്ര റോഡ് ചിന്താന്തി ഭാഗത്തു നിന്നുമുള്ള വെള്ളവും മാലിന്യവുമാണ് ഓട കവിഞ്ഞ് പ്രധാന റോഡിലൂടെ പരന്നൊഴുകി സഹകരണ ആശുപത്രി റോഡിൽ നിറഞ്ഞത്. വ്യാപാരികളും സമീപത്തെ താമസക്കാരും കെട്ടിട ഉടമകളും ഏറെ നേരം പണിപ്പെട്ടാണ് മാലിന്യവും പ്ലാസ്റ്റിക് കെട്ടുകളും മറ്റും തള്ളി വിട്ടത്.
കടുത്തുരുത്തി ടൗൺ – സെന്റ് മൈക്കിൾ റോഡിൽ ടൗൺ മുതൽ താഴത്ത് പള്ളി പ്രവേശന കവാടം വരെ മലിനജലവും മാലിന്യങ്ങളും രാത്രി പെയ്ത മഴയിൽ കെട്ടി നിൽക്കുകയായിരുന്നു. ഇവിടെ കലുങ്ക് നിർമിച്ച് ഓട വീതി കൂട്ടാനും വെള്ളക്കെട്ട് നീക്കാനും പണം അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടികളായിട്ടില്ലെന്നു വ്യാപാരികളും യാത്രക്കാരും പരാതിപ്പെട്ടു. വർഷകാലം ശക്തി പ്രാപിക്കുന്നതിനു മുൻപ് കലുങ്ക് നിർമാണം നടത്തണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. കൈലാസപുരം ഭാഗത്തും, ഗവ. സ്കൂൾ പ്രവേശന ഭാഗത്തും പാലകര മാവടി ഭാഗത്തും ശക്തമായ വെള്ളക്കെട്ടാണ് ഒറ്റ മഴയിൽ തന്നെ രൂപപ്പെട്ടത്.