അതിരമ്പുഴയിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് പൊലീസിന്റെ പെറ്റി; വാഹനം തിരിച്ചെടുക്കാമെന്ന്...
Mail This Article
ഏറ്റുമാനൂർ ∙ ഒരു വർഷത്തിലേറെയായി അതിരമ്പുഴയിലെ വീട്ടിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ പെറ്റി. പിഴ അടച്ചാൽ വാഹനം തിരികെ എടുക്കാമത്രേ... പെറ്റി കേസിനുള്ളിൽ വമ്പൻ കെണിയൊരുക്കി തമിഴ്നാട് പൊലീസ് അയച്ച നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വാഹന ഉടമ. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്.
കഴിഞ്ഞ മാർച്ച് 26 നു രാഹുലിന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉള്ള ബൈക്ക് തമിഴ്നാട്ടിലെ തേനിയിലൂടെ മതിയായ രേഖകളില്ലാതെയും റോഡ് നിയമം തെറ്റിച്ചും ഓടിച്ചെന്നാണു കേസ്. നിയമ ലംഘനത്തിനു 2,000 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലുള്ളത്. ചെയ്യാത്ത കുറ്റമാണെങ്കിലും എങ്ങനെയും പിഴ അടച്ച് തടി ഊരാമെന്നു കരുതിയെങ്കിലും പിന്നീടാണ് നോട്ടിസിനുള്ളിലെ കെണി മനസ്സിലാക്കിയത്.
നോട്ടിസ് പ്രകാരം നിയമ ലംഘനം നടത്തിയ വാഹനം തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. പിഴയടച്ചാൽ പൊലീസ് പിടികൂടിയ ഈ വാഹനം സ്റ്റേഷനിലെത്തി തിരിച്ച് എടുക്കേണ്ടി വരും. വാഹനം കള്ള വണ്ടിയായതിനാൽ വീണ്ടും ഊരാക്കുടുക്കാകും. വൈകിയാൽ പിന്നെ അനുബന്ധ കേസുകളും ഉണ്ടാകും. രാഹുലിനു കറുപ്പും ചുവപ്പും കലർന്ന നിറമുള്ള ഒരു ഫാഷൻ പ്രോ ബൈക്ക് ആണ് ഉള്ളത്. അതിരമ്പുഴയിലെ പ്രാദേശിക യാത്രകൾക്കായാണു ബൈക്ക് വാങ്ങിയത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചില്ലറ അറ്റ കുറ്റ പണികളെ തുടർന്നു ബൈക്ക് പുറത്ത് എടുക്കാറില്ല. സംഭവ ദിവസം രാഹുൽ ബാങ്കിലുണ്ടായിരുന്നതിനും ബൈക്ക് വീട്ടിലുണ്ടായിരുന്നതിന്റെയും തെളിവുകളുണ്ട്. കഴിഞ്ഞ ദിവസം ആർസി ബുക്ക് പുതുക്കാനായി ഒരു ഡ്രൈവിങ് ലൈസൻസ് സ്ഥാപനത്തെ ഏൽപ്പിച്ചിരുന്നു. ഇവർ നടപടികളുമായി മുന്നോട്ട് പോയപ്പോഴാണ് ഇത്തരത്തിൽ വാഹനത്തിനെതിരെ ഒരു കേസ് ഉണ്ടെന്നു മനസ്സിലാക്കുന്നത്.
രാഹുലിന്റെ വാഹനത്തിന്റെ വ്യാജ നമ്പർ ഉപയോഗിച്ച് ആരോ വാഹനമോടിച്ചതാണ് സംഭവം. പൊലീസ് പിടികൂടുമ്പോൾ ഡ്രൈവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. കൂടാതെ ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പൊലുഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയൊന്നും ഹാജരാക്കിയിരുന്നുമില്ല. ഇതെല്ലാം ചേർത്താണ് പിഴ ഈടാക്കിയിരിക്കുന്നത്. മോട്ടർ വാഹന വകുപ്പിന്റെ സൈറ്റിൽ നിയമ ലംഘനത്തിന്റെ ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ പിടിക്കപ്പെട്ട ബൈക്ക് ഏതാണെന്നോ, ആരാണ് ഓടിച്ചതെന്നോ കണ്ടെത്താനും കഴിഞ്ഞില്ല. എന്തായാലും പിഴ അടയ്ക്കുന്നില്ലെന്ന നിലപാടിലാണ് വാഹന ഉടമ. ഇതേ സമയം പിഴ ഒടുക്കാതെ ആർസി ബുക്ക് പുതുക്കാനും കഴിയില്ല.