കണ്ണൂർ ∙ ദേശീയപാത വഴി തലശ്ശേരി, മാഹി ടൗണുകൾ കടക്കാൻ ഒന്നര മണിക്കൂറോളം സമയമെടുത്ത നാളുകൾ ഇനി ഓർമ. ദേശീയപാത 66ന്റെ ഭാഗമായ തലശ്ശേരി– മാഹി ബൈപാസ് പൂർണമായും യാത്ര സജ്ജം. മുഴപ്പിലങ്ങാട് മഠം ജംക്‌ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് പരമാവധി 20 മിനിറ്റ്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാത യാഥാർഥ്യമായത്.
ബൈപാസ് തുറക്കുന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയും. ഇത് ആശ്വാസകരമെങ്കിലും ഇതുവഴി പോകുന്ന വാഹനങ്ങൾ കുറയുന്നത് വ്യാപാര മേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഈ മാറ്റം ഇരു പട്ടണങ്ങളുടെയും സാമ്പത്തിക മേഖലയെ ബാധിക്കാതിരിക്കാൻ പരിഹാരമായി നിർദേശിക്കപ്പെട്ടത് വിനോദസഞ്ചാര പദ്ധതികളാണ്.
പൈതൃക നഗരങ്ങൾ എന്ന നിലയിൽ ഏറെ പ്രാധാന്യമുണ്ട് രണ്ടു പട്ടണങ്ങൾക്കും. പ്രകൃതിസൗന്ദര്യവും ആവോളമുള്ളതുകൊണ്ട് ചരിത്രാന്വേഷികൾക്കു പുറമേ, സഞ്ചാരികളും തീർച്ചയായും ഒഴുകിയെത്തും. തിരക്കൊഴിയുന്ന പാതകൾ വഴി സഞ്ചാരികളെ സ്വാഗതം ചെയ്യുകയും അവർക്ക് ഹൃദ്യമായ ആതിഥ്യമരുളി കൂടുതൽപേരെ ആകർഷിക്കുകയും ചെയ്യാം. ഇതു സംബന്ധിച്ച ചർച്ചകൾക്ക് ‘മെട്രോ മനോരമ’ നേരത്തേ തുടക്കമിട്ടിരുന്നു. ദേശീയപാതയുടെ വഴിമാറ്റത്തോടെ രൂപപ്പെടുന്ന പുതുനഗരങ്ങളെ കൃത്യമായ ആസൂത്രണത്തോടെ വികസിപ്പിക്കാനും ശ്രമങ്ങൾ വേണം.
മാഹിയിലെ ട്വിസ്റ്റിന് കിടിലൻ ക്ലൈമാക്സ് കുറച്ചു വർഷങ്ങൾക്കു മുൻപാണ്. കോഴിക്കോട് ജോലി ചെയ്തിരുന്ന കാലം. ഒരു ശനിയാഴ്ച വൈകിട്ട്, ഡ്യൂട്ടി കഴിഞ്ഞ്, ഇരിട്ടിക്കടുത്ത് കീഴ്പ്പള്ളിയിലുള്ള വീട്ടിലേക്കു പോകാനിറങ്ങി. ഞാനാണെങ്കിൽ പൊതുവേ റോഡ് യാത്ര ഇഷ്ടപ്പെടാത്ത ആളാണ്. തീവണ്ടിയാണ് നമ്മുടെ ഫേവറൈറ്റ്. അന്നു പക്ഷേ, ട്രെയിൻ ലേറ്റായതുകൊണ്ട് ബസിലായിരുന്നു യാത്ര. പോയ പോക്കിൽ പലയിടത്തും ചെറിയ ചെറിയ ബ്ലോക്കുകളിൽപെട്ടു. തലശ്ശേരിയിൽ നിന്ന് ഇരിട്ടിക്കുള്ള അവസാനത്തെ ബസ് പിടിക്കേണ്ടതുകൊണ്ട് ടെൻഷൻ കയറിത്തുടങ്ങി. ഒരുവിധം മാഹിയെത്തി. ആശ്വാസം. ഇനി കുറച്ചല്ലേയുള്ളൂ. പക്ഷേ, വമ്പൻ ട്വിസ്റ്റ് നീണ്ടുനിവർന്നു കിടന്നത് മാഹിയിലായിരുന്നു.
ബ്ലോക്കെന്നു പറഞ്ഞാൽ, വണ്ടികളെല്ലാംകൂടെ ഫെവിക്കോളിട്ട് ഒട്ടിച്ചതുപോലെ ബ്ലോക്ക്. ബസിനുള്ളിൽ അസ്വസ്ഥതയോടെ വാച്ചും നോക്കിയിരുന്നു. അരമണിക്കൂർ കഴിഞ്ഞു. രക്ഷയില്ല. കുഞ്ഞുങ്ങളേയുംകൊണ്ട് യാത്ര ചെയ്തിരുന്നവർ ഉൾപ്പെടെ ബേജാറായിത്തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞു. അതിനിടയിൽ ബസ് കഷ്ടിച്ചൊരു പത്തു മീറ്റർ അനങ്ങിക്കാണും. ആകെ ടെൻഷനായി. ഇരിട്ടിക്കുള്ള ലാസ്റ്റ് ബസ് കിട്ടില്ലെന്ന് ഉറപ്പിച്ചു. ഞാൻ വണ്ടിയിൽനിന്നിറങ്ങി. മാഹി ടൗൺ മൊത്തത്തിൽ നിശ്ചലം. ശ്വാസം മുട്ടിക്കിടക്കുന്ന വണ്ടികൾ. എല്ലാം കണ്ട് മാഹിമാതാവും. നേരെ റെയിൽവേ സ്റ്റേഷനിലേക്കു പോയി, തിരിച്ചു കോഴിക്കോടിനു ടിക്കറ്റെടുത്തു. വീട്ടിലേക്കുള്ള യാത്ര മുടങ്ങി.
ഇതു കാണാൻ ഭാഗ്യമുണ്ടായി
എത്രയോ കാലമായി വടക്കേ മലബാറുകാരുടെ വലിയൊരു അഭിലാഷമാണു പൂവണിയുന്നത്. തലശ്ശേരി കടന്ന് മാഹി വരെ എത്താനുള്ള വഴിയിൽ 2 ഓട്ടോറിക്ഷകൾക്ക് അരികുമാറി കടന്നു പോകാനുള്ള വീതി പോലും ഉണ്ടായിരുന്നില്ല. കണ്ണൂരിൽ നിന്ന് നാലഞ്ച് മുഖ്യമന്ത്രിമാർ പലകാലങ്ങളിൽ ഉണ്ടായിട്ടും ഇങ്ങനെയൊരു കുരുക്ക് അഴിച്ചെടുക്കാൻ വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വന്നു. ഏതായാലും ഇതുകാണുവാൻ എനിക്കു ഭാഗ്യമുണ്ടായതിൽ ഏറെ സന്തോഷമുണ്ട്.
പുതിയ മാഹിയുടെ പിറവി 4 പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അങ്ങനെ അവസാനമായി. ഒരു നാട്ടിലും ആരും ഒരു റോഡിനു വേണ്ടി ഇത്രയും കാലം കാത്തിരുന്നിട്ടുണ്ടാകില്ല. ഇന്ന് (മാർച്ച് 11) ബൈപാസിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ അത് ഒരു പുതിയ മാഹിയുടെ പിറവി കൂടിയായിരിക്കും.ഇത്രയും കാലം ഞങ്ങൾക്കു ശ്വാസം മുട്ടുകയായിരുന്നു. കുപ്പിക്കഴുത്തു പോലുള്ള റോഡും അതിലൂടെ മുരണ്ടു പോകുന്ന വൻ വാഹനങ്ങളും ഭയപ്പെടുത്തുന്നതായിരുന്നു.
ആർക്കെങ്കിലും ഹൃദയാഘാതം വന്നാൽ എങ്ങനെ ആശുപത്രിയിലെത്തുമെന്ന് ഞങ്ങൾ ആശങ്കപ്പെട്ടിരുന്നു. വടക്ക് മാഹിപ്പാലത്തിലും തെക്ക് പൂഴിത്തലയിലും വാഹനങ്ങൾ ദീർഘനേരം റോഡിൽ കുടുങ്ങിക്കിടക്കുന്നത് പതിവു കാഴ്‌ചയായിരുന്നു. ഞാൻ ജനിച്ചു വളർന്നത് മാഹിയിലെ ആനവാതുക്കലാണ്. ഉത്സവങ്ങൾക്ക് വരുന്ന ആനകൾ വിശ്രമിച്ചിരുന്ന സ്‌ഥലമായതു കൊണ്ടാണ് ആ പേര് വന്നത്.
ഞാൻ കളിച്ചു വളർന്ന സ്ഥലം. ഞാൻ എന്റെ ആദ്യത്തെ കഥ എഴുതിയ വീട്. ആനവാതുക്കലെ ആ വീട് ഉപേക്ഷിച്ച് എനിക്ക് പള്ളൂരിലേക്കു താമസം മാറ്റേണ്ടി വന്നു. തുടർച്ചയായി വീടിന്റെ മതിലിന്മേൽ വാഹനങ്ങൾ ഇടിച്ചതായിരുന്നു കാരണം. ബൈപാസ് 2 വർഷം മുൻപ് യാഥാർഥ്യമായിരുന്നെങ്കിൽ എനിക്ക് പുതിയൊരു മേൽവിലാസം തേടിപ്പോകേണ്ടി വരില്ലായിരുന്നു. റോഡിൽ അടിഞ്ഞുകൂടുന്ന വാഹനങ്ങളുടെ വിഷപ്പുകയും പൊടിപടലവും ഇനി മാഹിക്കാർക്കു ശ്വസിക്കേണ്ടി വരില്ല. ഭീമാകാരന്മാരായ ലോറികൾ വീടുകളിൽ ഇടിക്കുമെന്ന ഭയമില്ലാതെ മാഹിക്കാർക്ക് സ്വസ്ഥമായി ഉറങ്ങാം. ഇന്ന് പഴയകാലത്തെന്ന പോലെ മുണ്ട് മടക്കിക്കുത്തി തിരക്കൊഴിഞ്ഞ റോഡിലൂടെ ഞാൻ നടക്കും. അത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി.
കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രയിൽ ഏറ്റവും വിഷമം പിടിച്ച യാത്രയായിരുന്നു തലശ്ശേരിയും മാഹിയും കടന്നുള്ളത്. കോഴിക്കോട്– കണ്ണൂർ യാത്രയ്ക്ക് 5 മണിക്കൂർ വരെ എടുത്ത സന്ദർഭങ്ങളുണ്ട്. ഞാൻ ഈ പാതയുടെ വരവ് കാത്തിരിക്കുകയായിരുന്നു. വികസനസങ്കൽപം വളരെ പതുക്കെ മാത്രമേ രാഷ്ട്രീയ നേതൃത്വങ്ങൾ ഉൾക്കൊള്ളുന്നുള്ളൂ. ചില പദ്ധതികളെ പ്രതിപക്ഷത്തിരിക്കുന്നവർ എതിർക്കും അവർ അധികാരത്തിൽ വരുമ്പോൾ നടപ്പാക്കുകയും ചെയ്യും.
പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിലാണ് എല്ലാവർക്കും താൽപര്യം. രാഷ്ട്രീയത്തിന്റെ പേരിൽ പദ്ധതികളുടെ നിർവഹണ ഘട്ടത്തെ തടസ്സപ്പെടുത്തുകയോ അതിന്റെ ഗതി മന്ദീഭവിപ്പിക്കുകയോ ചെയ്യുന്ന നിലപാടുകൾ രാഷ്ട്രീയ നേതൃത്വത്തിന്റെ വൈകല്യത്തെയാണു സൂചിപ്പിക്കുന്നത്. യാത്രാ സൗകര്യമെന്നത് പൊതുജനങ്ങൾക്ക് ആകെ വേണ്ട കാര്യമാണ്. അത്തരം കാര്യങ്ങളിൽ നിലപാടുകളെടുക്കുമ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾ കൂറെക്കൂടി വിശാലമായ കാഴ്ചപ്പാട് പുലർത്തേണ്ടതുണ്ട്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അപ്പുറം ജനനന്മയെന്ന വലിയ കാഴ്ചപ്പാടിലേക്ക് നേതൃത്വങ്ങൾ എത്തേണ്ടതുണ്ടെന്നുകൂടിയാണ് ഏറെ കാത്തിരിപ്പിനു ശേഷമുള്ള ഈ സുദിനം തെളിയിക്കുന്നത്.
ഹെർമൻ ഗുണ്ടർട്ടിന് ഇനി വഴി തെറ്റും തലശ്ശേരിക്കാർ പറയാറുള്ള ഒരു തമാശയുണ്ട്: ‘ഒരുപക്ഷേ ഹെർമൻ ഗുണ്ടർട്ട് പുനർജനിച്ച് ഇപ്പോൾ തലശ്ശേരിയിലെത്തുകയാണെങ്കിൽ അദ്ദേഹത്തിന് വഴി തെറ്റുകയില്ലെന്ന്’. ബ്രിട്ടിഷ് ഈസ്റ്റി ഇന്ത്യാ കമ്പനിയുടെയും ഫ്രഞ്ച് സർക്കാറിന്റെയും പ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്ന തലശ്ശേരിയിലും മാഹിയിലും അക്കാലത്തെ ഇടുങ്ങിയ റോഡുകളും അങ്ങാടികളുമെല്ലാം ഇപ്പോഴും അതേപടിയുണ്ട്. സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാര ചരിത്രം പേറുന്ന തലശ്ശേരി മെയിൻ റോഡിനെ നാഷനൽ ഹൈവേ എന്ന് വിളിക്കുമ്പോൾ റോഡ് തന്നെ നാണിച്ച് തലതാഴ്ത്തും. വാഹനത്തിരക്ക് കൊണ്ട് ശ്വാസം മുട്ടിയിരുന്ന നഗരത്തിന് ഇപ്പോൾ ശാപമോക്ഷമായിരിക്കുന്നു. ബൈപാസ് യാഥാർഥ്യമാക്കിയ എല്ലാവർക്കും ആശംസകൾ.
ഞാൻ ജനിക്കുന്നതിനു മുൻപേ വിഭാവന ചെയ്ത പദ്ധതിയാണ് തലശ്ശേരി–മാഹി ബൈപാസ്. ഒന്നാം ദിവസം മുതൽ അവസാനഘട്ടം പണി പൂർത്തിയാവുന്നതുവരെ പദ്ധതിക്കായി എനിക്ക് ഇടപെടാൻ കഴിഞ്ഞുവെന്നത് വളരെ സന്തോഷം നൽകുന്നു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്.
വികസനപ്പാത; സ്വപ്നസാഫല്യം 45 വർഷം നീണ്ട സ്വപ്നമാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സജീവമായത്. സ്ഥലം ഏറ്റെടുപ്പായിരുന്നു വലിയ പ്രശ്നം. ജനപ്രതിനിധി എന്ന നിലയിൽ പല തവണ ഇക്കാര്യത്തിൽ ഇടപെടാൻ സാധിച്ചിട്ടുണ്ട്. പാത യാഥാർഥ്യമായതോടെ പ്രദേശം വ്യാവസായികമായും വാണിജ്യപരമായും വികസിക്കാൻ സാധിക്കും.
വേഗപാതയുടെ വേഗം കൂട്ടാനായി ഞാൻ എംപിയായി ഇവിടെ വരുമ്പോൾ ഇതിന്റെ പ്രവൃത്തി ആരംഭിച്ച ഘട്ടമായിരുന്നു. പ്രവൃത്തി തുടരുമ്പോൾ ഇതുമായി ബന്ധപ്പെട്ടു ഉടലെടുത്ത ഒട്ടേറെ പ്രശ്നങ്ങൾക്ക് കേന്ദ്രമന്ത്രിയുമായും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് പരിഹാരം കാണാൻ സാധിച്ചു. മാഹി ഭാഗത്ത് റെയിൽവേയുമായി ബന്ധപ്പെട്ടും മറ്റിടങ്ങളിൽ സർവീസ് റോഡുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു.
കുരുക്കിൽനിന്ന് മോചനം നാടക ട്രൂപ്പുകളിൽ അഭിനയിക്കുന്ന സമയത്ത് പല രാത്രികളിലും ഉറക്കമൊഴിഞ്ഞ് നാടകം അഭിനയിച്ച ശേഷം വീട്ടിലെത്തി കിടന്നുറങ്ങാനുള്ള ആഗ്രഹവുമായി വാഹനത്തിൽ വരുമ്പോൾ മാഹിയിലും തലശ്ശേരിയിലും ഗതാഗത കുരുക്കിൽ കുടുങ്ങുന്നത് നിത്യസംഭവമായിരുന്നു. പ്രത്യേകിച്ച് തലശ്ശേരി ബസാറിൽ രാവിലെ വലിയ ഗതാഗത കുരുക്കാണ് ഉണ്ടാവുക. അതിൽ നിന്നൊക്കെ മോചിതരാവുകയാണ് നമ്മൾ. എത്രയോ കാലം പല കേസുകളിൽ കുടുങ്ങിക്കിടന്ന സ്ഥലമെടുപ്പും മറ്റും ഒത്തുതീർപ്പാക്കാൻ പ്രവർത്തിച്ച കേരള സർക്കാരിനും അതിനൊപ്പം നിന്ന കേന്ദ്രസർക്കാരിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
പിന്നെയൊരിക്കലും കോഴിക്കോട് നിന്നു ബസ് പിടിച്ചിട്ടില്ല. കാര്യം നമ്മുടെ നാട്ടിലെ ഏറ്റവും മനോഹരമായൊരു സ്ഥലമാണ് മാഹി. എം.മുകന്ദന്റെ ചിരിപോലെ സൗമ്യമായ മയ്യഴിപ്പുഴ. പഴയ കാലത്തിന്റെ അടയാളങ്ങൾ നെഞ്ചിലേറ്റി നിൽക്കുന്ന കെട്ടിടങ്ങൾ. ചോന്ന വട്ടത്തൊപ്പിവെച്ച പൊലീസുകാർ. ചില്ലുകുപ്പികൾ നിരത്തിവെച്ച ബ്രാണ്ടിഷാപ്പുകൾ. കടലിനൊപ്പം ചരിത്രവും ആർത്തിരമ്പുന്ന മാഹി. തലശ്ശേരി പിന്നിട്ടു കഴിയുമ്പോൾ പെട്ടെന്നു വേറെവിടെയോ എത്തിയതുപോലെ തോന്നുന്ന കൊച്ചുപട്ടണം. മയ്യഴിയുടെ വല്യേട്ടനായ തലശ്ശേരിയും പഴമയെ കാത്തുവയ്ക്കുന്ന നഗരമാണ്. ഒരു കാലഘട്ടത്തിന്റെ സ്മരണകൾ പേറി നിൽക്കുന്ന കോട്ട. അതു കാണുമ്പോഴൊക്കെ, ഏതു നിമിഷവും കടൽ കടന്നു വന്നേക്കാവുന്ന ശത്രുവിനെ പ്രതീക്ഷിച്ചുനിൽക്കുന്ന പടയാളിയെയാണ് ഓർമ വരിക.
എം.മുകുന്ദന്റെ കഥാപാത്രങ്ങളായ ദാസനും ചന്ദ്രികയും അൽഫോൻസച്ചനുമെല്ലാം ജീവിക്കുന്ന മയ്യഴിയിലൂടെ വേഗപ്പാത തുറക്കുകയാണ്. ഈ വഴി യാത്ര ചെയ്തവർക്കറിയാം, ഈ പുതുപാതയുടെ പ്രാധാന്യം. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് കഴിഞ്ഞു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇനി യാത്ര തുടരാം.
അകത്തളങ്ങളിലൊക്കെ ജാഗ്രത തളംകെട്ടി നിൽപുണ്ട്. കോട്ടയ്ക്കടുത്ത് ഇംഗ്ലിഷ് പള്ളി. ഗുണ്ടർട്ട് ബംഗ്ലാവ്. ചുമ്മാ പോയി നിന്നാൽ ഒരു പ്രത്യേക വൈബ് കിട്ടുന്ന ഓവർബറീസ് ഫോളി. സ്‌റ്റേഡിയം. പാരീസിലെ ബിരിയാണി. ആർതർ വെല്ലസ്ലി സായ്‌വിന്റെ പ്രിയനഗരമായിരുന്ന തലശ്ശേരിയുടെ കാഴ്ചകളും രുചികളും ബൈപാസ് വരുന്നതോടെ മിസ് ചെയ്യും. അതുറപ്പാണ്. പക്ഷേ, തലശ്ശേരിയും മയ്യഴിയും അവിടെത്തന്നെയുണ്ടല്ലോ. യാത്രയിലെ മനോഹരമായ കുറച്ചു നിമിഷങ്ങൾ നഷ്ടപ്പെട്ടാലും എന്നെപ്പോലെ മലയോര പ്രദേശത്തു വീടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ബ്ലോക്ക് ഒഴിഞ്ഞ ബൈപാസ് സന്തോഷം തരുന്ന സംഗതിയാണ്. കോഴിക്കോടു നിന്നു കൊച്ചിയിൽനിന്നുമൊക്കെയുള്ള യാത്രകളുടെ വേഗം കൂടും. തലശ്ശേരിയും മാഹിയും കണ്ടുള്ള പഴയ യാത്രകൾ നൊസ്റ്റാൾജിയപോലെ മനസ്സിൽ നിൽക്കട്ടെ. നമുക്കിനി കുറച്ചു വേഗംപോകാം. പെട്ടെന്ന് എത്താം
പാലങ്ങൾ ∙ മുഴപ്പിലങ്ങാട് – 420 മീറ്റർ ∙ പാലയാട് (ബാലം)– 1170 മീറ്റർ ∙ എരഞ്ഞോളി – 180 മീറ്റർ ∙ കവിയൂർ – 870 മീറ്റർ ∙ റെയിൽവേ മേൽപാലം: 150 മീറ്റർ
കണ്ണൂർ ഇനി ‘അരികിൽ’ ഞാൻ ഡിഗ്രിയും പിജിയും പഠിച്ചത് കണ്ണൂർ കൃഷ്ണ മേനോൻ വനിത കോളജിൽ ആയിരുന്നു. ഗതാഗതക്കുരുക്ക് കാരണം 5 വർഷവും യാത്ര ദുരിതപൂർണമായിരുന്നു. കോളജ് ജീവിതം കഴിഞ്ഞെങ്കിലും കലാപ്രവർത്തനത്തിന്റെ ഭാഗമായും മറ്റും കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. എന്റെ വീട് സ്ഥിതി ചെയ്യുന്ന ചൊക്ലിയിൽ നിന്ന് 8 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാട് എത്താൻ കഴിഞ്ഞെന്ന് ട്രയൽ റൺ സമയത്ത് യാത്ര ചെയ്തവർ പറഞ്ഞ് അറിഞ്ഞു. ഏറെ സന്തോഷം.
11ന് രാവിലെ 8 മുതൽ ടോൾ; ഫാസ്ടാഗ് ഇല്ലെങ്കിൽ ഇരട്ടിത്തുക തലശ്ശേരി – മാഹി ബൈപാസിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ടോൾ നൽകേണ്ടത് ഫാസ്ടാഗ് വഴിയാണ്. ടോൾ പിരിവ് രാവിലെ 8ന് ആരംഭിക്കും. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാകും. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ടോൾ ഇല്ല. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും. ഇതിനായി വാഹന ഉടമയുടെ ആധാർ കാർഡ്, വാഹനത്തിന്റെ ആർസി എന്നിവ ഹാജരാക്കണം.
വിലയുണ്ട് മാഹിയിലെ മണ്ണിനും ജീവനും
ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരമായിരുന്നു ബൈപാസിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങിയത്. ഇതനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന ഗൈഡ് ലൈൻ തുകയ്ക്ക് അനുസരിച്ച് മാത്രമാണ് ഭൂമി വില നിശ്ചയിക്കാൻ പറ്റുക. ഇതു റദ്ദാക്കിയത് പുതുച്ചേരിയിൽ വൈദ്യലിംഗം മുഖ്യമന്ത്രിയായ കോൺഗ്രസ് സർക്കാരാണ്. ആ മന്ത്രിസഭയിൽ ഞാൻ അംഗമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.