നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്കിന് മുന്നിൽ ദമ്പതികളുടെ സമരം
Mail This Article
വെള്ളൂർ ∙ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ, കോടികളുടെ ക്രമക്കേട് നടന്ന ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് ദമ്പതികളുടെ സമരം. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നിക്ഷേപത്തുക മടക്കി നൽകണമെന്നാവശ്യപ്പെട്ടാണ് വെള്ളൂർ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ദമ്പതികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. പിറവം മഠത്തിൽ പുത്തൻപുരയിൽ എം.കെ.മനോജും ഭാര്യ നിഷയുമാണ് ഇന്നലെ രാവിലെ മുതൽ ബാങ്കിന്റെ പ്രവേശനകവാടത്തിനു സമീപം കുത്തിയിരുന്നത്.
2018ലാണ് ഇവർ 15 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചത്. തുടർന്ന് ബാങ്കിന്റെ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ തട്ടിപ്പു നടത്തിയെന്ന വിവരം പുറത്തുവന്നു. ശേഷം പല ഗഡുക്കളായി 10 ലക്ഷം രൂപയും പലിശയും തിരികെ ലഭിച്ചു. എന്നാൽ, ഗഡുക്കളായി തുക ലഭിച്ചതിനാൽ ഒരു പ്രയോജനവും ഉണ്ടായില്ലെന്നു മനോജ് പറയുന്നു. അതിനിടയിൽ 4 ലക്ഷം രൂപ പിറവം സൊസൈറ്റിയിൽ നിന്നു മനോജ് വായ്പ എടുത്തിരുന്നു.
ഈ തുക ഉടൻ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് പഠിക്കുന്ന മൂത്തമകൾ അനഘയ്ക്കും പ്ലസ്ടു കഴിഞ്ഞു നിൽക്കുന്ന രണ്ടാമത്തെ മകൾ അനുഗ്രഹയ്ക്കും തുടർ വിദ്യാഭ്യാസത്തിനും പണം ആവശ്യമായി വന്നു. ഈ ആവശ്യത്തിനായി, വെള്ളൂർ സഹകരണ ബാങ്കിൽ ബാക്കിയുണ്ടായിരുന്ന നിക്ഷേപത്തുകയായ അഞ്ചു ലക്ഷം രൂപ തിരികെ ചോദിച്ചു.
എന്നാൽ, ഗഡുക്കളായി പണം തിരികെ നൽകാമെന്ന് ബാങ്ക് അധികൃതർ ഇവരെ അറിയിച്ചു. ഈ ആവശ്യം നിരസിച്ച മനോജും നിഷയും ആത്മഹത്യാഭീഷണി മുഴക്കി പ്ലക്കാർഡുമായി ബാങ്കിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. തുക മുഴുവനായി കിട്ടുന്നതു വരെ സമരം തുടരാനാണ് തീരുമാനമെന്ന് ഇരുവരും പറഞ്ഞു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിൽ നിക്ഷേപത്തുക തിരികെ നൽകുന്നത് രാഷ്ട്രീയം നോക്കിയാണെന്ന് പ്രതിഷേധ സമരത്തിന് പിന്തുണയുമായി എത്തിയ മറ്റു നിക്ഷേപകർ ആരോപിച്ചു. ഗുരുതരരോഗം ബാധിച്ച നിക്ഷേപകർക്കു പോലും ഗഡുക്കളായാണ് പണം നൽകുന്നത്. പ്രതിഷേധിക്കുന്നവർക്ക് നിക്ഷേപത്തുക നൽകാത്ത സമീപനമാണ് പലപ്പോഴും ബാങ്ക് ഭരണസമിതി സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.