കൈ മുഷ്ടിയുടെ വലുപ്പം, സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലും; ഡോക്ടർമാർ നൽകുന്ന നിർദേശം..
Mail This Article
കുറിച്ചി ∙ ഗ്രാമങ്ങളിൽ ശല്യം വിതച്ച് ആഫ്രിക്കൻ ഒച്ച്. ചിറവംമുട്ടത്തും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടത്. ഇരുട്ടു വീണാൽ പ്രദേശമാകെ ഒച്ചുകൾ കീഴടക്കും. പാടങ്ങൾക്കു സമീപങ്ങളിലെ വീടുകളിലാണ് കൂടുതലായും ശല്യമുള്ളത്. കിണറുകളിലും ഇവയെ കൂടുതലായി കാണുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത് കാരണം ശുദ്ധജലം പോലും മുടങ്ങുന്ന സ്ഥിതിയാണ്. ഒച്ചിനെ അബദ്ധവശാലെങ്ങാനും സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലുമാണ്. ആഫ്രിക്കൻ ഒച്ച് മനുഷ്യനിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിനു (മെനിഞ്ചൈറ്റിസ്) കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വലിയ കൈ മുഷ്ടിയുടെ അത്രയും വലുപ്പത്തിൽ ഇവ വലുതാകുന്നുണ്ട്. കട്ടിയേറിയ തോടുകളാണ് ഇവയ്ക്കുള്ളത്. കൃഷിക്കും ഭീഷണിയാണ് ആഫ്രിക്കൻ ഒച്ച്. വാഴ, കപ്പ, പപ്പായ തുടങ്ങിയവയുടെ പച്ചിലകളെല്ലാം വ്യാപകമായി തിന്നു നശിപ്പിക്കുകയാണെന്ന് കർഷകരും വീട്ടുകാരും പറയുന്നു. മരങ്ങൾ, വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയെല്ലാം ഒച്ചിന്റെ താവളമായി. പ്രതിരോധ നടപടികൾ ആരംഭിക്കണമെന്നാണ് ജനകീയ ആവശ്യം. ഗ്ലൗസ് ഉപയോഗിക്കാതെ ഇവയെ ഒരു കാരണവശാലും തൊടരുതെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. ഒച്ചിന്റെ ശരീരത്തിൽ നിന്നും വരുന്ന ദ്രവം മനുഷ്യ ശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ഒച്ചിന്റെ കാഷ്ഠവും ദ്രവവും പറ്റിപിടിക്കാൻ ഇടയുള്ളതിനാൽ പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
പ്രതിരോധിക്കാൻ
∙പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് ഒച്ചിനെ തുരത്താനുള്ള പ്രധാന മാർഗം.
∙വീടിന്റെ പരിസരത്ത് കണ്ട് തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്ത് തളിക്കുക.
∙ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടരുത്. ഈർപ്പം നിലനിൽക്കുന്ന അടിക്കാടുകൾ വെട്ടിതെളിക്കണം.
∙മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കി കൊടുക്കണം.