ഉപേക്ഷിക്കാൻ അവർക്ക് കൃഷി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ; അതും...
Mail This Article
മുണ്ടക്കയം ∙ മലയോര മേഖലയിൽ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞ് കർഷകർ. കപ്പ, വാഴ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളാണ് കുറയുന്നത്. വന്യജീവി ശല്യവും കാലാവസ്ഥാ വ്യതിയാനവുമാണു കാരണം. റബർ, കുരുമുളക്, കാപ്പി എന്നീ കൃഷികൾ മാത്രം നിലനിർത്തി മറ്റു കൃഷികൾ പൂർണമായും ഒഴിവാക്കേണ്ട അവസ്ഥയിലാണ് കർഷകർ.
പുതുകൃഷി മുടങ്ങി
വിളവെടുപ്പിനു ശേഷം ചിങ്ങം മാസത്തിലാണ് പല ഇടവിള കൃഷികളും ആരംഭിക്കുന്നത്. എന്നാൽ പച്ചക്കറി ഉൾപ്പെടെ കൃഷി ചെയ്ത സ്ഥലങ്ങൾ ഇപ്പോൾ കാട് കയറി കിടക്കുകയാണ്. കർഷകർക്കു വേണ്ടി വിതരണത്തിന് എത്തിച്ച തെങ്ങ്, വാഴ തുടങ്ങിയ തൈകൾ കൃഷിഭവനിൽ വെറുതേ കിടന്നു നശിക്കുന്ന കാഴ്ചയും ഉണ്ടായി.പുരയിടങ്ങളിൽ ഇവ കൃഷി ചെയ്താലും മൃഗങ്ങൾ എത്തി നശിപ്പിക്കും എന്നതാണ് പുതുകൃഷിയിലേക്ക് കർഷകർ തിരിയാത്തതിന്റെ കാരണം.
കപ്പക്കൃഷി കയ്ക്കും
മുൻപൊക്കെ മലയോര മേഖലയിൽ നിന്നാണ് ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കപ്പ കയറ്റി അയച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ നാട്ടുകാർക്കു കഴിക്കണമെങ്കിൽ കപ്പ തമിഴ്നാട്ടിൽനിന്ന് എത്തണം. വേറെ മാർഗം ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഇപ്പോൾ മലയോര മേഖലയിൽ ചില കർഷകരെങ്കിലും കപ്പക്കൃഷി ചെയ്യുന്നത്. എത്ര സുരക്ഷിതമായി വേലി കെട്ടി സൂക്ഷിച്ചാലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കും. മുൻ കാലങ്ങളിൽ കാട്ടിൽ നിന്ന് എത്തിയിരുന്ന പന്നികൾ ഇപ്പോൾ നാട്ടിൽ തന്നെ താവളമാക്കിയിരിക്കുകയാണ്. വിളവെടുക്കും വരെ പന്നികൾ തോട്ടത്തിൽ കയറാതെ നോക്കുക എന്നതാണ് കൃഷിയെക്കാൾ കഠിനമായ പണി എന്ന് കർഷകർ പറയുന്നു.
കൊക്കോ കിട്ടില്ല
കൊക്കോ കായ്കൾ കർഷകനു കിട്ടാത്ത അവസ്ഥയാണ്. ഇവ തിന്നു തീർക്കാൻ വനത്തിൽ നിന്നു മലയണ്ണാൻ കൂട്ടത്തോടെ എത്തുന്നതിനാൽ കൊക്കോ കർഷകരും ദുരിതത്തിലായി. റബർ വിലയിടിഞ്ഞതോടെ കർഷകർ റബർ തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ കൃഷി വ്യാപകമായി ചെയ്തിരുന്നു. ഇതിൽ നിന്നു നല്ല വരുമാനവും കർഷകർക്കു ലഭിച്ചിരുന്നു. കണമലയാണു കൊക്കോയുടെ പ്രധാന വിപണന കേന്ദ്രം. തുലാപ്പള്ളി, പമ്പാവാലി, കോരുത്തോട്, മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, കാളകെട്ടി, എഴുകുമൺ 10 ഏക്കർ, അരുവിക്കൽ തുടങ്ങി വനമേഖലയുമായി ചേർന്ന പ്രദേശങ്ങളിലാണ് കൊക്കോ കൃഷി വ്യാപകമായി നടക്കുന്നത്. മുൻപ് സാധാരണ അണ്ണാന്റെ ശല്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മലയണ്ണാൻ കൂട്ടം എത്താൻ തുടങ്ങിയതോടെ സാധാരണ അണ്ണാനെ കാണാനില്ലെന്നും കർഷകർ പറയുന്നു.
നഷ്ടം മാത്രം, പരിഹാരമില്ല
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ നടപടികൾക്കായി രണ്ടു ദിവസം മെനക്കെടേണ്ടി വരും. ഇൗ രണ്ടു ദിവസത്തെ പണിക്കൂലി പോലും നഷ്ടപരിഹാരമായി പലപ്പോഴും ലഭിക്കില്ലെന്നു കർഷകർ പറയുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് ഹെക്ടറിനാണു നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. ഇത് കൃത്യ സമയത്ത് ലഭിക്കുകയുമില്ല.
കാട്ടാനശല്യം
കാട്ടാനശല്യം മൂലം ജീവിക്കാൻ വഴിയില്ലാതെ കർഷകർ ബുദ്ധിമുട്ടുന്നു. കാട്ടാന മൂലം മലയോര മേഖലയിൽ ഇതുവരെ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്. ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങി റബർ, വാഴ, തെങ്ങ്, ജാതി, കമുക്, മറ്റു ഫല വൃക്ഷങ്ങൾ തുടങ്ങിയവ വ്യാപകമായി തകർക്കുന്നു. പുരയിടത്തിലെ കയ്യാലകളും വേലികളും തകർത്താണ് മടക്കം. വനാതിർത്തിയിൽ സോളർ വേലികൾ ഉൾപ്പെടെ സ്ഥാപിക്കാൻ നടപടി വേണമെന്ന കർഷകരുടെ ആവശ്യം നടപ്പായിട്ടില്ല.