തീർഥാടകർക്കായി പിൽഗ്രിം സെന്റർ സജ്ജം; എരുമേലി ധർമശാസ്താ ക്ഷേത്രം കളമെഴുത്തും പാട്ടും 12 വിളക്കുവരെ
Mail This Article
എരുമേലി ∙ വൃശ്ചികം ഒന്നുമുതൽ ധർമശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ച കളമെഴുത്തും പാട്ടും 12 വിളക്ക് വരെ തുടരും. 27നാണ് 12 വിളക്ക്. അന്ന് പുലിപ്പുറത്തു വരുന്ന അയ്യപ്പനെയാണ് കളത്തിൽ വരയ്ക്കുന്നത്. ശ്രീരാജ് ആർ.ചിറക്കടവാണ് കളമെഴുതുന്നത്. ക്ഷേത്ര നാലമ്പലത്തിലെ മണ്ഡപത്തിൽ എഴുതുന്ന കളം 9ന് അത്താഴപ്പൂജയ്ക്കു ശേഷമാണ് മായ്ക്കുന്നത്. ക്ഷേത്രത്തിലെ എതിരേൽപിനു ശേഷം കളത്തിൽ പൂജ നടത്തും. ഇതിനു ശേഷമാണ് ദേവസ്തുതി പാടിയശേഷം കളം മായ്ക്കുന്നത്. ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഡിടിപിസിയുടെ കീഴിലുള്ള എരുമേലി പിൽഗ്രിം സെന്ററിൽ തീർഥാടകർക്കായി സൗകര്യങ്ങളൊരുക്കി. 8 മുറികൾ, 2 മിനി ഹാൾ, ഒരു മെയിൻ ഹാൾ, 2 ഡോർമിറ്ററി, 4 ശുചിമുറി ബ്ലോക്കുകൾ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മുറികൾക്ക് 900 രൂപ (രണ്ടു പേർക്ക്), ഡോർമിറ്ററി ഒരാൾക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ശുചിമുറി, ഓപ്പൺ ബാത്ത് സൗകര്യങ്ങൾ സൗജന്യമായി തീർഥാടകർക്കു നൽകും. 26 മുതൽ മണ്ഡലകാലം തീരുന്നതുവരെ ഈ സേവനം ലഭ്യമാണ്.
സ്വാഗത കമാനത്തിൽ എഴുത്ത് മാഞ്ഞു
എരുമേലിയിലേക്കു ശബരിമല തീർഥാടകരെ സ്വാഗതം ചെയ്യുന്ന കമാനം മാഞ്ഞു. ദേവസ്വം ബോർഡാണ് ശബരിമല തീർഥാടകർ എത്തുന്ന കാഞ്ഞിരപ്പള്ളി റോഡിൽ എരുമേലിയിലേക്കു പ്രവേശിക്കുന്ന കൊരട്ടിയിൽ പാലത്തിൽ കമാനം സ്ഥാപിച്ചത്.
പൊലീസും വട്ടം കറക്കുന്നതായി പരാതി
എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോകുന്ന ബസ് പോലുള്ള വലിയ വാഹനങ്ങൾ പൊലീസ് കരിങ്കല്ലുമ്മൂഴിയിൽ തടഞ്ഞ് മുക്കട, ഇടമൺ വഴി പോകാൻ നിർദേശിക്കുകയാണ്. എന്നാൽ ഇവിടെ നിന്നു പോകുന്ന ബസുകൾ തൊട്ടടുത്തുള്ള മറ്റന്നൂർക്കര വഴി തിരിഞ്ഞ് നെടുങ്കാവയലിലൂടെ വെച്ചൂച്ചിറ ഭാഗത്തേക്ക് പോകും. മറ്റന്നൂർക്കരയിൽ പൊലീസിന്റെ സേവനം ഇല്ലാത്തതാണ് ഈ റോഡിലൂടെ പോകാൻ കാരണം. ഗൂഗിൾ മാപ്പ് ഇട്ട് വരുന്നവർക്ക് ഈ വഴിയും പമ്പയിലേക്കു പോകാമെന്ന് നിർദേശം ലഭിക്കും. എന്നാൽ ഈ റോഡ് ഇടുങ്ങിയതും ബസുകൾക്ക് സൈഡ് നൽകാൻ ബുദ്ധിമുട്ടുള്ളതുമാണ്. എതിരെ വലിയ വാഹനങ്ങൾ വരുമ്പോൾ തീർഥാടക ബസുകൾ ഈ റോഡിൽ കുടുങ്ങിപ്പോകുന്നത് പതിവാണ്. വെച്ചൂച്ചിറയിൽ എത്തുന്ന വാഹനങ്ങൾ വഴിതെറ്റി അധികദൂരം ഓടുന്നതും നിത്യസംഭവമാണ്.