മെഡിക്കൽ കോളജിൽ പ്രതിസന്ധി; ഓക്സിജൻ കുറയുന്നു
Mail This Article
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിൽ ഒരു വർഷം മുൻപു സ്ഥാപിച്ച ഓക്സിജൻ ജനറേഷൻ പ്ലാന്റിൽ ഒന്നു പ്രവർത്തന രഹിതം. 2 പ്ലാന്റുകളിലായി ശരാശരി 4,000 ലീറ്റർ ഓക്സിജനാണ് പ്രതിദിനം ഉൽപാദിപ്പിച്ചിരുന്നത്. ഒന്നിന്റെ പ്രവർത്തനം മുടങ്ങിയതിനാൽ 2,000 ലീറ്ററാണു നിലവിൽ ഉൽപാദനം. വാതക രൂപത്തിൽ തയാറാക്കുന്ന ഓക്സിജൻ സിലിണ്ടറുകളിലേക്കു നിറയ്ക്കുകയാണു ചെയ്യുന്നത്. ഓക്സിജൻ സംഭരണ കേന്ദ്രത്തിൽ നിന്നു വാർഡുകളിലേക്ക് എത്തിക്കാൻ പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതി മെഡിക്കൽ കോളജിൽ നിന്ന് ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻഎച്ച്എം) നൽകിയിട്ടുണ്ട്. ഒരു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
2 പ്ലാന്റുകളിലൊന്ന് പ്രവർത്തന രഹിതമായ വിവരം മെഡിക്കൽ കോളജിൽ നിന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിച്ചിട്ടുണ്ട്. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലും വിവരം അറിയിച്ചിരുന്നു.പ്രതിദിനം ശരാശരി മൂന്നര ടൺ മുതൽ 4 ടൺ വരെയാണ് ഓക്സിജൻ ഇപ്പോൾ ഉപയോഗിക്കുന്നത്. കോവിഡ് രോഗികൾ ചികിത്സയിലുള്ളപ്പോഴും വെന്റിലേറ്ററിൽ കൂടുതൽ രോഗികൾ വരുമ്പോഴുമാണ് ഓക്സിജന്റെ ഉപയോഗം കൂടിവരുന്നത്.
അല്ലാത്ത സമയത്ത് ശരാശരി രണ്ടര മുതൽ 3 ടൺ വരെയാണ് ഉപയോഗം. കോവിഡ് ബാധിതരിൽ ഓക്സിജൻ ആവശ്യമായി വരുന്നവരുടെ എണ്ണം കൂടിവരികയാണെങ്കിൽ അതിനനുസരിച്ച് ഉപയോഗം കൂടും. മെഡിക്കൽ കോളജിലെ രണ്ടു പ്ലാന്റും ഒരേ സമയം പ്രവർത്തിക്കുകയാണെങ്കിലേ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകൂ. നിലവിൽ കഞ്ചിക്കോട് പ്ലാന്റിൽ നിന്നു വരുന്ന ലിക്വിഡ് ഓക്സിജനാണ് ഇവിടെ ഉപയോഗിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻവശത്തെ ടാങ്കിൽ ലിക്വിഡ് ഓക്സിജൻ നിറയ്ക്കുകയാണു ചെയ്യുന്നത്.