തിരക്കൊഴിഞ്ഞു സാൻഡ് ബാങ്ക്സ്
Mail This Article
വടകര∙ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ തിരക്കൊഴിഞ്ഞു. കണ്ടെയ്ൻമെന്റ് സോണിൽ അല്ലെങ്കിലും നിപ്പ ഭീഷണിയെ തുടർന്ന് ഇവിടേക്ക് ആളുകൾ എത്തുന്നതു വളരെ കുറഞ്ഞു. കേന്ദ്രം അടച്ചിട്ടെന്നാണ് പലരുടെയും ധാരണ. ദിവസം 100 പേർ പോലും വരാത്ത സ്ഥിതിയാണ്. മറ്റു ജില്ലകളിൽ നിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് വന്നു തുടങ്ങിയിട്ടില്ല.
ഡിടിപിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലും കടലോരത്തും അവധി ദിവസങ്ങളിൽ ആയിരത്തിലധികം പേർ എത്താറുണ്ടായിരുന്നു. ഉത്സവ ദിനങ്ങളിൽ മൂന്നിരട്ടിയിലധികമാകും തിരക്ക്. ഇപ്പോൾ ആൾ കുറഞ്ഞതോടെ ഉള്ളിലെ കന്റീനും പുറത്തെ തട്ടുകടകളും തുറക്കുന്നില്ല. പ്രവേശന ഫീ വഴി ടൂറിസം വകുപ്പിന് കിട്ടുന്ന ലാഭവും കുറഞ്ഞു.