നിർമാണം ആരംഭിച്ചിട്ട് 2 വർഷം; കോടഞ്ചേരി പഞ്ചായത്തിൽ ഇഴഞ്ഞിഴഞ്ഞ് ജലജീവൻ
Mail This Article
കോടഞ്ചേരി∙ ജലജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്തിലെ 21 വാർഡുകളിലും ശുദ്ധജലം എത്തിക്കാനുള്ള 84.74 കോടി രൂപയുടെ വിവിധ പദ്ധതികളുടെ നിർമാണം ഇഴയുന്നു. 5 പദ്ധതികളായി വേർതിരിച്ച് 5 കരാറുകാരുടെ കീഴിലാണ് പ്രവൃത്തികൾ നടക്കുന്നത്. 42.6 കോടി രൂപയുടെ തേവർമല പദ്ധതി, 1.4 കോടി രൂപയുടെ കണ്ടപ്പൻചാൽ പദ്ധതി, 5.20 കോടി രൂപയുടെ മഞ്ഞുമല പദ്ധതി, 1.4 കോടി രൂപയുടെ കൂരോട്ടുപാറ പദ്ധതി, 8.80 കോടി രൂപയുടെ തുഷാരഗിരി പദ്ധതി എന്നിങ്ങനെയാണ് സംസ്ഥാന ജല അതോറിറ്റിയുടെ കീഴിൽ നടക്കുന്നത്.
2 വർഷമായി വിവിധ പദ്ധതികളുടെ നിർമാണം ആരംഭിച്ചിട്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം കരാറുകാർക്ക് ഫണ്ട് അനുവദിച്ചുകിട്ടാത്തത് പ്രവൃത്തി നീളാൻ കാരണമായി പറയുന്നു. ഏതാനും മാസങ്ങളായി തേവർമല പദ്ധതിയുടെ പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തുഷാരഗിരി പദ്ധതി കരാർ ഏറ്റെടുത്തതിനു ശേഷം ഏകദേശം ഒരു മാസം മാത്രമാണ് പ്രവൃത്തി നടന്നത്. ഇപ്പോൾ പൂർണമായും നിലച്ച മട്ടാണ്. ബാക്കിയുള്ള 4 പദ്ധതികളുടെയും നിർമാണം ഇഴയുകയാണ്.
പഞ്ചായത്തിലെ പോക്കറ്റ് റോഡുകളിലും ജില്ലാ പഞ്ചായത്ത് റോഡുകളിലും പിഡബ്ല്യുഡി റോഡുകളിലും ഇരുവശങ്ങളിലും പുതുതായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പകുതിയോളം പൂർത്തിയായിട്ടുണ്ട്. ടാറിട്ട റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനു കുഴിയെടുത്ത ഭാഗങ്ങൾ മഴയിൽ കുത്തിയൊലിച്ചു കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇങ്ങനെ പൈപ്പ് സ്ഥാപിച്ച റോഡിന്റെ ഇരുവശങ്ങളും വീണ്ടും ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുന്ന ജോലികളൊന്നും നടന്നിട്ടില്ല.
തേവർമലയ്ക്കു താഴെ ഈറ്റത്തോട്ടത്തിൽ പടിയിൽ 4 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കിന്റെ പണികൾ പൂർത്തിയായി. പമ്പ് ഹൗസിന്റെ പണികൾ പൂർത്തിയായിട്ടില്ല. ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കാനുള്ള 350 എംഎം ഡിഐ (ഡെക്ടെയിൽ അയൺ) മെയിൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചിട്ടില്ല. പൂവ്വത്തിൻചുവട് ഒരു ലക്ഷം ലീറ്ററിന്റെയും നാരങ്ങാത്തോട് ഒരു ലക്ഷം ലീറ്ററിന്റെയും കണ്ടപ്പൻചാലിൽ ഒരു ലക്ഷം ലീറ്ററിന്റെയും കൂരോട്ടുപ്പാറ പുളിയിലക്കാട്ടുപടി റോഡിൽ 15,000 ലീറ്ററിന്റെയും കോൺക്രീറ്റ് വാട്ടർ ടാങ്കുകളുടെ പണികൾ പൂർത്തിയായി.
തേവർമലയ്ക്ക് മുകളിൽ പ്രസ്തുത പദ്ധതിയിലെ 15 ലക്ഷത്തിന്റെ പ്രധാന ടാങ്കിന്റെ നിർമാണം ആരംഭിച്ചിട്ടില്ല. ഇവിടേക്കുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനും നടപടിയായിട്ടില്ല. തേവർമല ടാങ്ക് പണിയുന്ന സ്ഥലത്തേക്ക് റോഡ് പണികളും ആരംഭിച്ചിട്ടില്ല. തുഷാരഗിരിയിൽ 50,000 ലീറ്ററിന്റെ രണ്ട് ടാങ്കും 10,000 ലീറ്ററിന്റെ രണ്ട് ടാങ്കുകളുടെയും നിർമാണത്തിനു ഒരു നടപടികളും ആയിട്ടില്ല. വിവിധ പ്രദേശങ്ങളിൽ വിവിധ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും വീടുകളിലേക്ക് കുടിവെള്ളം വിതരണത്തിനുള്ള പൈപ്പുകളും ഇനിയും സ്ഥാപിക്കാനുണ്ട്. വേനലിൽ കണ്ടപ്പൻചാൽ, കൂരോട്ടുപാറ, പുല്ലൂരാംപാറ പത്തായപ്പാറ, മഞ്ഞുമല ജലസംഭരണികളിൽ ശുദ്ധജല ലഭ്യത കുറയുമ്പോൾ നിർദിഷ്ട തേവർമല വാട്ടർ ടാങ്കിൽ നിന്നും നേരിട്ടു വെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി.