ഓൺലൈനായി 6 വിത്തുകൾ വാങ്ങി മുളപ്പിച്ചു; സ്വർഗത്തിലെ പഴം ഇതാ ഏറ്റുമാനൂരിൽ
Mail This Article
കോട്ടയം ∙ കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ഗാഗ് ഫ്രൂട്ട് സ്വന്തം വീട്ടിലെ മട്ടുപ്പാവിൽ വിജയകരമായി കൃഷി ചെയ്ത് ഏറ്റുമാനൂർ സ്വദേശിയായ പൊതു പ്രവർത്തകൻ. ഒന്നരവർഷം മുൻപു തോന്നിയ ഒരു കൗതുകമാണ് ഏറ്റുമാനൂർ കാട്ടിത്തി മാലിയേൽ രതീഷ് രത‌്നാകരനെ ഒന്നാന്തരം ഗാഗ് ഫ്രൂട്ട് കർഷകനാക്കി മാറ്റിയത്. ഔഷധങ്ങളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വർഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഓൺലൈനായി 6 വിത്തുകൾ വാങ്ങിയാണു മുളപ്പിച്ചത്.
ഇന്നിപ്പോൾ വീടിന്റെ ടെറസ് നിറയെ ഗാഗ് ഫ്രൂട്ട് പടർന്നു പന്തലിച്ചു. ഒമേഗാ–3, ഒമേഗാ–6, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ – സി എന്നിവയുൾപ്പെടെ ഒട്ടേറെ വൈറ്റമിനുകളുടെ കലവറയാണു ഗാഗ് ഫ്രൂട്ട്. രണ്ട് മാസം വേണം ഒരു പഴം പാകമാകാൻ. ചാണകം അല്ലാതെ കാര്യമായ മറ്റു വളമൊന്നും വേണ്ടെന്നതാണു ഗാഗ് ഫ്രൂട്ടിന്റെ പ്രത്യേകത. ഒരു ദിവസം മാത്രമാണ് ആൺ പൂവും പെൺ പൂവും നില നിൽക്കുക. ഇതു രണ്ടും ഒരു തോട്ടത്തിൽ തന്നെ ഉണ്ടാകണമെന്നു മാത്രം. കൃത്രിമ പരാഗണമാണു നടത്തേണ്ടത്.
ഒരു പഴത്തിനു 700 ഗ്രാം വരെ തൂക്കം വരും. ഒരു പഴത്തിൽ നിന്നു 30 പേർക്കു വരെ ജൂസ് ഉണ്ടാക്കാം. ഇരുപതിലധികം വിത്തുകളും ഒരു പഴത്തിൽ നിന്നും കിട്ടും. തണ്ണിമത്തനുമായി ചേർന്നു നിൽക്കുന്നതാണു ഗാഗ് ഫ്രൂട്ടിന്റെ രുചി. ഒരു ചെടിയിൽ നിന്നു വർഷങ്ങളോളം കായ്ഫലം ലഭിക്കും. പഴം പാകമാകുന്നത് വരെ 4 നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാനാകും. ഒരേ സമയം പഴമായും പച്ചക്കറിയായും ഇതുപയോഗിക്കാം. പഴം മുറിച്ചാൽ കടും ചുവപ്പു നിറത്തിലാണ് അകത്തെ ചുളകൾ കാണുന്നത്. ജൂസായും സൂപ്പായും ഇലത്തോരൻ കറിയായും ഉപയോഗിക്കാം.
വായനക്കാരുടെ സംശയങ്ങളും ഉത്തരവും
∙ ചക്ക കറുത്ത് പോകുന്നു, ബഡ് പ്ലാവിലെ ചക്ക കേടായി കൊഴിഞ്ഞു പോകുന്നു. എന്തു ചെയ്യണം? കമ്പുകൾ കോതി കാറ്റും വെളിച്ചവും കടക്കാനും വായുസഞ്ചാരം കൂട്ടുവാനും ശ്രദ്ധിക്കുക. പ്ലാവിന്റെ ചുവടു നന്നായി നനയത്തക്കവണ്ണം മാങ്കോസബ് അല്ലെങ്കിൽ കോപ്പർ ഓക്‌സി ക്ലോറൈഡ് എന്ന കുമിൾനാശിനി 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത് ഒഴിച്ച് കൊടുക്കുക. 20 ദിവസത്തിനു ശേഷം ട്രൈക്കോഡെർമ ചേർത്ത് സംപുഷ്ടികരിച്ച ചാണകം ചുവട്ടിൽ 5 – 10 കിലോ വരെ ഇട്ടു കൊടുക്കുക.
∙ മാവിന്റെ ഇല മുറിച്ചിടുന്ന കീടത്തെ എന്ത് മരുന്ന് ഉപയോഗിച്ച് തടയാം? വണ്ടുകൾ, തളിരിലകൾ ഇലത്തണ്ടിന്റെ ചുവട്ടിൽ വച്ച്, മുറിച്ചിടുന്നു. ഇവ തളിരിലയുടെ അടിഭാഗത്താണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ഇറങ്ങുന്ന പുഴു സമാധിയിരിക്കുന്നതു മണ്ണിലും. അതിനാൽ മണ്ണിൽ കിടക്കുന്ന മുറിച്ചിട്ട തളിരിലകൾ നിത്യവും വാരി കത്തിച്ചു കളഞ്ഞു തന്നെ ഈ കീടത്തെ നിയന്ത്രിക്കാം. ഗ്രാഫ്റ്റ് മാവുകളിൽ മാലത്തിയോൺ 2 മില്ലി ഒരു ലീറ്റർ വെള്ളം അല്ലെങ്കിൽ ഫ്ലൂബെൻഡാമിഡ് 1 മില്ലി 10 ലീറ്റർ വെള്ളം എന്ന തോതിൽ സ്പ്രേ ചെയ്യാം : കടപ്പാട് കേരള കാർഷിക സർവകലാശാല