ഒരു വലിയ യാത്രയിൽ ഒപ്പം കൂട്ടിയ മനസ്സ്; മൂന്നര വർഷം രത്തൻ ടാറ്റയ്ക്ക് ഒപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ച് കെ.എസ്.ശബരീനാഥൻ
Mail This Article
2008ൽ എംബിഎ കഴിഞ്ഞ് ടാറ്റ സൺസിൽ ജോലി ലഭിച്ചു. മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ എന്നെ ഏറ്റവും ആകർഷിച്ചത്, നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ തന്നെ എത്തുന്ന ചെയർമാൻ രത്തൻ ടാറ്റ ആയിരുന്നു. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹം. 4 വർഷത്തിനു ശേഷം അതു സാധ്യമായി. ടാറ്റ സൺസ് ചെയർമാൻ പദവി ഒഴിഞ്ഞ അദ്ദേഹം കാരുണ്യപ്രവർത്തനങ്ങളുമായി ടാറ്റ ട്രസ്റ്റിൽ പൂർണസമയം പ്രവർത്തനം തുടങ്ങി.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം ടാറ്റ ട്രസ്റ്റ് സിഇഒ വെങ്കട്ടിനെ ഞാൻ അറിയിച്ചു. കഴിഞ്ഞ 4 വർഷം ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിച്ച എന്റെ മനസ്സ് മനസ്സിലാക്കിയ അദ്ദേഹം രത്തൻ ടാറ്റയെ നേരിൽകാണാൻ അവസരം നൽകാമെന്ന് ഉറപ്പുനൽകി.ജോലി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, രത്തൻ ടാറ്റയെ നേരിൽകണ്ട് ആശയങ്ങൾ അവതരിപ്പിക്കാമല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. 2 മാസം കഴിഞ്ഞു. ജാർഖണ്ഡിലെ ടാറ്റ സ്റ്റീലിന്റെ കൽക്കരി ഖനിയിൽ സന്ദർശനം കഴിഞ്ഞ് കരിപുരണ്ട് പുറത്തേക്ക് എത്തിയപ്പോഴാണ് അത്യാവശ്യമായി ഹെഡ് ഓഫിസിൽ ബന്ധപ്പെടാനുള്ള നിർദേശം ലഭിച്ചത്. 2 ദിവസത്തിനു ശേഷം മുംബൈയിൽ രത്തൻ ടാറ്റയെ കാണണമെന്നായിരുന്നു സന്ദേശം.
എൽഫിൻസ്റ്റൺ ബിൽഡിങ്ങിൽ രത്തൻ ടാറ്റയുടെ ഓഫിസിൽ എത്തിയപ്പോൾ അഭിമുഖത്തിന്റെ ഔപചാരികതയില്ലാതെ അദ്ദേഹം അടുത്തിരുത്തി. പ്രായത്തിന്റേതായ ഇടർച്ചയുള്ള ശബ്ദത്തിൽ ചോദിച്ചു: ‘ഈ ജോലിയിൽനിന്നു താങ്കൾ എന്താണ് പ്രതീക്ഷിക്കുന്നത്?’ പഠിച്ച കാര്യങ്ങളും നിരീക്ഷണങ്ങളും അദ്ദേഹത്തെ അറിയിച്ചു. ‘ഇപ്പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് ഇവിടെ ചെയ്യാനാകുമോ എന്നറിയില്ല. എനിക്കു തന്നെ ഈ രംഗത്ത് എന്തു ചെയ്യണമെന്ന് വ്യക്തത കുറവാണ്. ഇത് ഒരു വലിയ യാത്രയാണ്. ഒപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കുക’– രത്തൻ ടാറ്റയുടെ മറുപടി.
പിന്നീടുള്ള മൂന്നര വർഷം ആ യാത്രയ്ക്കൊപ്പമായിരുന്നു. ഇന്ത്യയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിലും നക്സൽ മേഖലകളിലും പ്രവർത്തിച്ചു. അപ്രതീക്ഷിതമായി, 2015ൽ എനിക്ക് നാട്ടിലേക്കു മടങ്ങേണ്ടി വന്നപ്പോഴും അദ്ദേഹത്തിന് അലോസരമുണ്ടായില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സന്ദർശിക്കാനെത്തിയപ്പോൾ ഹൃദ്യമായാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തെ അവസാനമായി കണ്ടത് തിരുവനന്തപുരത്തു വച്ചാണ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ തിരുവന്തപുരം വിമാനത്താവളത്തിൽ ഭാര്യ ദിവ്യയ്ക്കും മകനും ഒപ്പം അദ്ദേഹത്തെ കണ്ടു. എന്നെക്കുറിച്ച് കുറെ നല്ല കാര്യങ്ങൾ ആ കുറഞ്ഞ സമയത്തിനിടയിൽ ദിവ്യയോടു പറയാനും അദ്ദേഹം സൗമനസ്യം കാട്ടി. അടുത്ത കാലത്ത് മുംബൈയിൽ ചെന്നപ്പോൾ കാണാൻ ശ്രമിച്ചെങ്കിലും ‘ആരോഗ്യ കാരണങ്ങൾ ഇപ്പോഴില്ല, പിന്നെയാവട്ടെ’ എന്നാണു മറുപടി ലഭിച്ചത്. ആ അവസരം ഇനിയില്ല എന്നറിയുമ്പോൾ ഒരു നീറ്റൽ...