ഏകാന്തതയുടെ 20 വർഷങ്ങൾ; ഒടുവിൽ ശങ്കറിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി വരുന്നു !
Mail This Article
ന്യൂഡൽഹി∙ ഏകാന്തതയുടെ 20 വർഷങ്ങൾക്ക് ശേഷം ശങ്കറിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി വരുന്നു. ചിലപ്പോൾ സഖിമാരുടെ എണ്ണം രണ്ടായേക്കും. ഡൽഹി മൃഗശാലയിലെ ശങ്കർ എന്ന ആഫ്രിക്കൻ ആനയ്ക്ക് കൂട്ടായി പിടിയാനകളെ നൽകാമെന്ന് ബോട്സ്വാനയിലേയും സിംബാബ്‌വേയിലെയും മൃഗശാലകൾ ഉറപ്പുനൽകി. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു മൃഗശാല അധികൃതർ അറിയിച്ചു. ചട്ടമനുസരിച്ച് സുവോളജിക്കൽ പാർക്കുകളിൽ ഒരു വന്യമൃഗത്തെ ഇണയില്ലാതെ 6 മാസത്തിൽ കൂടുതൽ താമസിപ്പിക്കാൻ അനുവാദമില്ല.
ബോട്സ്വാനയിൽ നിന്നൊരു പിടിയാനയെ ഡൽഹിയിൽ എത്തിക്കുന്നതിന് 80 ലക്ഷം മുതൽ 1 കോടി രൂപ വരെ ചെലവാകും. ഇത് വഹിക്കാമെന്ന് ഡൽഹി മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻരാഷ്ട്രപതി ശങ്കർ ദയാൽ ശർമ 1996ൽ സിംബാബ്‌വേ സന്ദർശിച്ചപ്പോൾ സമ്മാനമായി ലഭിച്ചത് ശങ്കർ എന്ന കൊമ്പനെയായിരുന്നു. ബംബായ് എന്ന ആഫ്രിക്കൻ പിടിയാനയ്ക്കൊപ്പം 2–ാം വയസ്സിൽ ശങ്കർ ഇന്ത്യയിലെത്തി. ഇപ്പോൾ പ്രായം 29. ബംബായ് 2005ൽ ചരിഞ്ഞതോടെ ശങ്കർ ഏകനായി. മൃഗശാലയിലെ ഹീര, ലക്ഷ്മി എന്നീ പിടിയാനകളുമായി ഒരടുപ്പവും കാണിക്കാതിരുന്ന ശങ്കർ മദപ്പാടുണ്ടാകുന്ന കാലങ്ങളിൽ അക്രമകാരിയായി. അതോടെ സ്ഥിരം ചങ്ങലയിലുമായി.
ശങ്കറിന് എത്രയും വേഗം ഒരിണയെ കണ്ടെത്തണമെന്ന് 2022ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, ഒരു ആഫ്രിക്കൻ ആനയെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി നീണ്ടുപോയി. ശങ്കറിനെ ചങ്ങലയിൽ നിന്നു മാറ്റി സുരക്ഷിത സങ്കേതത്തിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നികിത ധവാൻ എന്ന യുവതിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ ആനയെ ആഫ്രിക്കയിലേക്കു തിരച്ചയയ്ക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ‘ശങ്കർ നമ്മുടേതാണ്, അവനെ വേണ്ടവിധം നമ്മൾ പരിപാലിക്കണം’ എന്നാണ് അന്നു ചീഫ് ജസ്റ്റിസായിരുന്ന സതീഷ് ചന്ദ്ര വർമയുടെ ബെഞ്ച് നിർദേശിച്ചത്.
അടുത്തയിടെ മദപ്പാടിലായതോടെ ശങ്കർ വീണ്ടും കുഴപ്പക്കാരനായി. ചങ്ങലയിൽ തളച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്കു മാറ്റി. ശങ്കറിന് മോശം പരിചരണമാണു ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മൃഗശാലയുടെ (നാഷനൽ സുവോളജിക്കൽ പാർക്ക്) അംഗത്വം കഴിഞ്ഞ ദിവസം വേൾഡ‍് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് അംഗത്വം റദ്ദാക്കി. അതോടെയാണ് ശങ്കറിനെ കൂടുതൽ സുരക്ഷിതനാക്കാനും പുതിയൊരു കൂട്ട് കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയത്. കേന്ദ്ര വനം–പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് നേരിട്ടു മൃഗശാലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.