'സഖാവേ, നമുക്കൊരു കട്ടൻ കുടിച്ചാലോ?'; ഹോട്ടലിൽ പോയാൽ കാശ് കൂടും, ഈ രുചി കിട്ടില്ല, പിന്നെ മനസും നിറയില്ല
Mail This Article
തിരുവനന്തപുരം∙ പ്രസ് ക്ലബിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അനുസ്മരണം. പുറത്ത് കോരി ചൊരിയുന്ന മഴ. ഉദ്ഘാടകനായ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ ഉള്ളിലും തീമഴയാണ്. ദീർഘകാലം തോളോടുതോൾ ചേർന്നു പ്രവർത്തിച്ച പ്രിയ സഖാവിനെപ്പറ്റിയുള്ള ഓർമകൾ പറഞ്ഞ ശേഷം അദേഹം പുറത്തേക്ക്. കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന പാർട്ടി ചർച്ചകൾക്ക് ബ്രേക്കിടാൻ രാജ പന്ന്യനോട് പറഞ്ഞു 'നമുക്കൊരു കട്ടൻ കുടിച്ചാലോ?
കോട്ടയം ജില്ലാ സെക്രട്ടറി വി.ബി.ബിനുവിന്റെ കാറുണ്ടെന്നും നമുക്ക് ഹോട്ടലിലേക്ക് പോകാമെന്നുമായി പന്ന്യൻ രവീന്ദ്രൻ. നോ, നോയെന്നു പറഞ്ഞ രാജ തൊട്ടരികിലുള്ള തട്ടുക്കട ചൂണ്ടിക്കാട്ടി അങ്ങോട്ടേക്ക് പോകണമെന്നായി. പരസ്പരം നോക്കിയ ശേഷം നേതാക്കൾ തട്ടുകടയിലേക്ക്. വൈക്കം എംഎൽഎ ആശയും ഒപ്പം കൂടി.
മലബാർ റസ്റ്റോറന്റിൽ ചായ അടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ബാപിയുടെ വക നേതാക്കൾക്ക് ലമൺ ടീ. നാവിൽ വച്ചപ്പോൾ തന്നെ രാജയ്ക്ക് രുചി ബോധിച്ചു. പിന്നെ ബാപിയോട് കുശലാന്വേഷണം. ബംഗാളാണ് നാടെന്ന് പറഞ്ഞപ്പോൾ കൂടുതൽ സ്നേഹം. കേരളം എങ്ങനെയുണ്ടെന്നും വരുമാനം എത്രയെന്നുമൊക്കെ ചോദിച്ചറിഞ്ഞു. ലമൺ ടീ കുടിച്ച ശേഷം രാജ പന്ന്യനോട് 'സഖാവ് പറഞ്ഞു പോലെ ഹോട്ടലിൽ പോയാൽ കാശ് കൂടും, ഈ രുചി കിട്ടില്ല. പിന്നെ മനസ്സും നിറയില്ല.'
തിരുവനന്തപുരത്ത് വരുമ്പോൾ ഇനിയും എത്താമെന്ന് പറഞ്ഞാണ് രാജ മലബാർ റസ്റ്റോറന്റിൽ നിന്നും മടങ്ങിയത്. നേതാക്കൾ മുന്തിയ ഹോട്ടലുകളിൽ സുഖംപറ്റി പോകുമ്പോൾ രാജയെ പോലൊരു ജനറൽ സെക്രട്ടറി മാതൃകയാണെന്ന് പന്ന്യൻ രവീന്ദ്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. തലസ്ഥാനത്തുള്ള ദിവസങ്ങളിൽ മലബാർ റസ്റ്റോറന്റിലെ ലമൺ ടീ പന്ന്യനു പതിവാണ്.