ഇന്ത്യൻ ബാങ്കുകളിൽനിന്ന് ഇന്ത്യക്കാരെ ഉപയോഗിച്ച് കൊള്ളയടിക്കുന്ന ചൈനീസ് സംഘം
Mail This Article
കോഴിക്കോട് ∙ തൊഴിൽ തട്ടിപ്പിന് ഇരയായി വിദേശത്തു കൊടിയ പീഡനം അനുഭവിച്ച യുവാക്കൾക്കു പറയാനുള്ളത് ഇന്ത്യക്കാരെ കൊള്ളയടിക്കുന്ന ചൈനീസ് സംഘത്തെക്കുറിച്ച്. വടകര സ്വദേശികളായ സെമിൽ ദേവ്, അശ്വന്ത് ബാബു, എസ്.എ.അരുൺ, സി.പി.അഭിനന്ദ്, അഭിനവ് സുരേഷ്, അങ്കമാലി സ്വദേശി റോഷൻ ആന്റണി, പൊന്നാനി സ്വദേശി അജ്മൽ എന്നിവരാണു തൊഴിൽ തട്ടിപ്പിനിരയായി അനുഭവിച്ച ദുരിതവും തട്ടിപ്പു സംഘത്തിന്റെ രീതികളും വിശദീകരിച്ചത്. അനുരാഗ്, നസിറുദ്ദീൻ ഷാ, അതിരധ്, മുഹമ്മദ് റസിൽ എന്നിവരാണു യുവാക്കളെ വിദേശത്തെ തട്ടിപ്പു കമ്പനിക്കു വിൽപന നടത്തിയത്.
ബാങ്കോക്കിൽ സെയിൽസ് പ്രമോഷൻ കമ്പനിയിൽ ജോലി ഉണ്ടെന്നു പറഞ്ഞാണ് ഇവരെ കൊണ്ടു പോയത്. ബാങ്കോക്കിൽ എത്തിയപ്പോൾ എല്ലാവരുടെയും പാസ്പോർട്ടും രേഖകളും കരുതൽ പണവും അനുരാഗ് വാങ്ങി. ഓൺ അറൈവൽ വീസ ശരിയാക്കി. 2 ദിവസം അവിടെ കഴിഞ്ഞു. പിന്നീട് കംബോഡിയയിലേക്കു കൊണ്ടു പോയി. അവിടെയും ഓൺ അറൈവൽ വീസ എടുത്തു. അവിടെ ഒരു ഗെയിം പ്രമോഷൻ കമ്പനിയിൽ കുറച്ചു ദിവസം ജോലി ചെയ്തു. പിന്നീട് പൊയിപറ്റ് എന്ന സ്ഥലത്ത് ചൈനക്കാർ നടത്തുന്ന കമ്പനിയിലേക്കു കൊണ്ടു പോയി. അവിടെയാണു യഥാർഥ തട്ടിപ്പു സംഘമുള്ളത്.ഇന്ത്യയിലെ എസ്ബിഐ പോലുള്ള ബാങ്കുകളിൽ അക്കൗണ്ടുള്ളവരെ കണ്ടെത്തി പണം തട്ടിയെടുക്കുകയാണു ചൈനീസ് സംഘം ചെയ്യുന്നത്. ഓരോ സ്ഥലത്തെയും ഭാഷ അറിയുന്നവരെ ഉപയോഗിച്ചാണു തട്ടിപ്പ്. തട്ടിപ്പു ജോലി ചെയ്യാനായി കേരളത്തിൽ നിന്ന് ആളുകളെ എത്തിക്കുന്നത് അനുരാഗും സംഘവുമാണ്. അതിന് ഒരാൾക്കു 3 ലക്ഷത്തോളം രൂപ വച്ചു പ്രതിഫലം വാങ്ങും.
7 പേരെയും ചൈനീസ് കമ്പനിയിൽ എത്തിച്ചു. ആദ്യം 3, 4 പേപ്പറുകളിലുള്ള ഒരു സ്ക്രിപ്റ്റ് നൽകി. അതു വായിച്ചു പറയേണ്ട രീതി പരിശീലിപ്പിക്കും. എന്നിട്ടു എസ്ബിഐയിൽ അക്കൗണ്ടുള്ള ഒരാളുടെ ഫോൺ നമ്പർ നൽകും. അതിലേക്കു വിളിച്ചു നേരത്തെ പഠിച്ച സ്ക്രിപ്റ്റ് പ്രകാരം സംസാരിക്കണം. നിങ്ങളുടെ പേരിൽ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെന്നും അതുപയോഗിച്ചു ഒരു ലക്ഷം രൂപയുടെ സാധനം വാങ്ങിയിട്ടു പണം നൽകിയിട്ടില്ലെന്നും മറ്റും പറയും. അതോടെ അക്കൗണ്ട് ഉടമ ആകെ പരിഭ്രാന്തിയിലാകും. പിന്നീട് നല്ല വാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കും. വിഷമിക്കേണ്ട കുറച്ചു കഴിഞ്ഞാൽ പൊലീസ് മേധാവി വിളിക്കും അദ്ദേഹം വഴികൾ പറഞ്ഞു തരും എന്നും പറയും. അതോടെ ഉടമയുടെ ഫോൺ നമ്പറും വിവരങ്ങളും തട്ടിപ്പിന്റെ രണ്ടാം ഘട്ടം നിർവഹിക്കുന്ന വിഭാഗത്തിലേക്കു കൈമാറും. അവിടെ മുംബൈ പൊലീസ് മേധാവിയുടെ ഓഫിസ് സജ്ജമാക്കി വച്ചിട്ടുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ചു നിലവിലെ മുംബൈ പൊലീസ് മേധാവിയുടെ രൂപവും സൃഷ്ടിക്കും. അവിടെ നിന്നു വിഡിയോ കോളാണു ചെയ്യുക. ഭീഷണി ഭാഷയിലാണു സംസാരിക്കുക. അതോടെ ഫോൺ നമ്പർ തട്ടിപ്പിന്റെ 3 –ാം ഘട്ടത്തിലേക്കു നൽകും. അവർ അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിയെടുക്കുന്ന പ്രക്രിയ പൂർത്തിയാക്കും. ഓരോ ദിവസവും കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ തട്ടിയെടുക്കുന്നത്.
തൊഴിൽ തട്ടിപ്പിനിരയായി ഇവരുടെ തട്ടിപ്പിന് ഇരയായ യുവാക്കൾ ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ കമ്പനി നടത്തിപ്പുകാരുടെ സ്വഭാവം മാറി. അവർ ഇവരെ ഒരു മുറിയിൽ പൂട്ടിയിട്ടു ഭക്ഷണം നൽകാതെ മർദിച്ചു. ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ആദ്യം മർദിച്ചും ഭീഷണിപ്പെടുത്തിയും ജോലി ചെയ്യിക്കാൻ നോക്കിയ കമ്പനി നടത്തിപ്പുകാർ പിന്നീട് അനുരാഗിനും സംഘത്തിനും നൽകിയ പണം തിരിച്ചു കിട്ടിയാൽ നിങ്ങളെ വിട്ടയയ്ക്കാം എന്നു പറഞ്ഞു.അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം എല്ലാവരെയും ഒരു വാഹനത്തിൽ കയറ്റി ദൂരേക്കു കൊണ്ടു പോയി. ഇതിനിടെ യുവാക്കൾ വാഹനം നിർത്തിച്ചു ഇറങ്ങി ഓടി. വാഹനം പിന്തുടർന്നെത്തി തടഞ്ഞു. ഡ്രൈവറോട് സങ്കടം പറഞ്ഞതോടെ വാഹന വാടക തന്നാൽ ഇന്ത്യൻ എംബസിയിൽ എത്തിക്കാമെന്നു പറഞ്ഞു. അങ്ങനെ എംബസിയിൽ എത്തി അധികൃതരെ കണ്ടാണു നാട്ടിലെത്താൻ വഴി തെളിഞ്ഞത്. ഈ 7 പേരും കഴിഞ്ഞ ദിവസം നാട്ടിലെത്തി.