വിദേശ രാജ്യങ്ങളിൽ നിന്നു പുത്തൂരിലേക്ക് വരും സീബ്ര, ജിറാഫ്, അനക്കോണ്ട; തയാറെടുപ്പുകൾ തുടങ്ങി
Mail This Article
തൃശൂർ ∙ മൃഗശാലയിൽ നിന്നു പുത്തൂരിലേക്ക് മൃഗങ്ങളെ വീണ്ടും മാറ്റിത്തുടങ്ങി. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (സെൻട്രൽ സൂ അതോറിറ്റി) അനുമതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മൃഗങ്ങളിൽ ചിലതിനെ മാറ്റിയെങ്കിലും ഒരു പന്നിമാനും പക്ഷികളിൽ ചിലതും ചത്തിരുന്നു. ഇതോടെ ആവാസ വ്യവസ്ഥ പൂർണ സജ്ജമാകുന്നതിനു മുൻപേ ജീവികളെ മൃഗശാലയിലെത്തിച്ചതാണു ജീവൻ നഷ്ടപ്പെടാനിടയാക്കിയെന്ന് ആരോപണമുയർന്നിരുന്നു. ഈ വർഷം സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള ക്രാൽ അടക്കം പൂർത്തിയായതോടെയാണു വീണ്ടും തൃശൂരിൽ നിന്നു മൃഗങ്ങളെ പുത്തൂരിലേക്കു മാറ്റുന്നത്.
ഇന്നലെ രാവിലെ രണ്ടു മ്ലാവുകളെ (Sambar Deer) ബോമ ക്യാപ്ചറിങ് ടെക്നിക്കിലൂടെ കൂട്ടിലാക്കി തൃശൂരിൽ നിന്നു റോഡുമാർഗം പുത്തൂരിലെത്തിച്ചു. മ്ലാവുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കാനുള്ള ക്രാലിന്റെ നിർമാണം പാർക്കിൽ പൂർത്തിയായിട്ടുണ്ട്. മേൽക്കൂരയുള്ള ക്രാലിനു സമീപം പുൽത്തടികളിലും ഒരുക്കിയിട്ടുണ്ട്. രണ്ടു മ്ലാവുകളെയും രണ്ടാഴ്ച വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരീക്ഷിക്കും. തുടർന്നു ആരോഗ്യനില വിലയിരുത്തിയ ശേഷമാകും വീണ്ടും മൃഗങ്ങളെ മാറ്റുക.
ആദ്യഘട്ടത്തിൽ മാൻ ഇനത്തിലുള്ള 80 മൃഗങ്ങളെയാണു തൃശൂരിൽ നിന്നു പുത്തൂരിലെത്തിക്കുന്നത്. പുള്ളിമാൻ, കലമാൻ, പന്നിമാൻ, മ്ലാവ് എന്നീ ഇനങ്ങളിലെ 20 വീതം മൃഗങ്ങളെയാണു മാറ്റുക. മാൻ ഇനത്തിൽ 191 മൃഗങ്ങളാണ് ആകെ തൃശൂർ മൃഗശാലയിലുള്ളത്. ഒരു വർഷത്തെ അനിശ്ചിതത്തിനൊടുവിലാണു തൃശൂർ മൃഗശാലയിൽ നിന്നു സുവോളജിക്കൽ പാർക്കിലേക്കു വീണ്ടും മൃഗങ്ങളെ മാറ്റുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുത്തൂരിലെത്തിച്ച മൃഗങ്ങളിൽ ചിലതു ചത്തതോടെ തൃശൂരിൽ നിന്നുള്ള മാറ്റും താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
പാർക്കിലേക്കു മൃഗങ്ങളെ മാറ്റാനുള്ള സമയപരിധി കേന്ദ്ര മൃഗശാല അതോറിറ്റി നീട്ടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ പരമാവധി മൃഗങ്ങളെ പുത്തൂരിലേക്കു കൊണ്ടുവരാനാണു ശ്രമിക്കുന്നത്. ഈ വർഷം അവസാനം പുത്തൂർ പാർക്ക് തുറക്കാനായിരുന്നു തീരുമാനം. എന്നാൽ പൂത്തൂരിൽ നിർമാണ ജോലികളും തൃശൂരിൽ നിന്നുള്ള മൃഗങ്ങളുടെ മാറ്റവും പൂർത്തീകരിക്കാനുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നു പിടികൂടി വനംവകുപ്പ് സംരക്ഷിച്ചു വന്നിരുന്ന 3 കടുവകളും തൃശൂരിൽ നിന്നെത്തിച്ച ഒരു പന്നിമാനും 28 പക്ഷികളും ഇപ്പോൾ പുത്തൂർ പാർക്കിലുണ്ട്. പാലക്കാടു നിന്നു വനംവകുപ്പു പിടികൂടി പരുക്കുകളോടെ പുത്തൂരിലെത്തിച്ച ‘ലിയോ’ എന്നു പേരിട്ട പുലിക്കുട്ടി കഴിഞ്ഞ മാസം ചത്തിരുന്നു.
മൃഗശാല മാറ്റം: സമയമെടുക്കും
ഒല്ലൂർ ∙ ജീവനു ഭീഷണിയാകാത്ത വിധം മൃഗങ്ങളുടെ മാറ്റം നടത്തേണ്ടതിനാൽ പുത്തൂരിലേക്കുള്ള മൃഗശാലയുടെ മാറ്റം പൂർത്തിയാക്കാൻ കാലതാമസം നേരിടുമെന്നും എന്നു പൂർത്തിയാകുമെന്നു പറയാൻ കഴിയില്ലെന്നും പുത്തൂർ പാർക്ക് സ്പെഷൽ ഓഫിസർ കെ.ജെ. വർഗീസ് പറഞ്ഞു. മൃഗങ്ങൾക്കു താമസിക്കാനുള്ള ക്രോൽ എന്ന സംരക്ഷിത പ്രദേശം, അൽപം തുറസ്സായ സ്ഥലം, ആളുകൾക്കു കാണാൻ കഴിയുന്ന പ്രദർശന സ്ഥലം എന്നിവ പുത്തൂരിൽ ഒരുക്കിയിട്ടുണ്ടെന്നു പാർക്ക് ഡയറക്ടർ കെ.കെ. സുനിൽകുമാർ പറഞ്ഞു. പുത്തൂർ പാർക്ക് കേരള വനം വന്യജീവി വകുപ്പിന്റെ കീഴിലായതിനാൽ വനം ഓഫിസർമാരെ പ്രത്യേക ക്യൂറേറ്റർമാരായി നിയമിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
വരും വിദേശ മൃഗങ്ങളും
വിദേശ രാജ്യങ്ങളിൽ നിന്നു സീബ്ര, ജിറാഫ്, അനക്കോണ്ട എന്നിവയെ പുത്തൂർ പാർക്കിലെത്തിക്കാൻ ശ്രമമുണ്ട്. തൃശൂർ മൃഗശാലയുടെ പുത്തൂരിലേക്കുള്ള മാറ്റം പൂർത്തിയായി, സുവോളജിക്കൽ പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാകും വിദേശത്തു നിന്നു മൃഗങ്ങളെ എത്തിക്കുക. വിദേശ മൃഗശാലകളിൽ നിന്നു പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നതിന് ഏറെ നിയമ–സാങ്കേതിക നടപടികളുണ്ട്. ഇതു കൈകാര്യം ചെയ്തു പരിചയമുള്ള രാജ്യാന്തര തല ഏജൻസികളുടെ സേവനം ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനായി താൽപര്യ പത്രങ്ങൾ ക്ഷണിക്കുന്നതാണ് പരിഗണനയിൽ. സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന തൃശൂരിൽ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്കു മാറ്റുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മൃഗങ്ങളെ എത്തിക്കാനും ആലോചനയുണ്ട്.
ബോമ ക്യാപ്ചറിങ് ടെക്നിക്; ദീർഘമായ തയാറെടുപ്പുകൾ
തൃശൂർ ∙ മയക്കുവെടി പ്രയോഗിച്ചും മൃഗങ്ങളെ ഓടിച്ചും കൂട്ടിലാക്കുന്നതിനു പകരം ‘കാത്തിരുന്നു കൂട്ടിക്കൊണ്ടു വരിക’ എന്ന രീതിയിലുള്ള ബോമ ക്യാപ്ചറിങ് ടെക്നിക്കാണു മൃഗങ്ങളുടെ മാറ്റത്തിനായി വനം വകുപ്പ് അധികൃതർ സ്വീകരിക്കുന്നത്. ആഫ്രിക്കയിൽ പ്രചാരത്തിലുള്ള ഈ പിടികൂടൽ സംവിധാനം കേരളത്തിൽ ആദ്യമായാണു പരീക്ഷിക്കുന്നത്. ഇതിനായി ലോറിയിൽ സജ്ജീകരിച്ച കൂട്ടിലേക്കു മൃഗങ്ങൾക്കു കയറാനും തിരികെ ഇറങ്ങാനും മണൽച്ചാക്കുകൾ ഉപയോഗിച്ചു.
പ്രതലത്തിലെ പെട്ടെന്നുള്ള മാറ്റം മൃഗങ്ങൾ തിരിച്ചറിയാതിരിക്കാനും പേടിയില്ലാതെ സ്വമേധയാ പ്രവേശിക്കുന്നതിനുമാണിത്. ഇതോടൊപ്പം പുതിയ സ്ഥലമല്ല എന്നു തോന്നിപ്പിക്കാൻ മൃഗങ്ങൾ ഉപയോഗിച്ചിരുന്ന പുല്ല്, ഇലകൾ, ഭക്ഷണാവശിഷ്ടം, വിസർജ്യം (ചാണകം) തുടങ്ങിയവയും ഉപയോഗിച്ചു. തൃശൂർ മൃഗശാലയിൽ നിന്നു ഇവ ശേഖരിച്ചു പുത്തൂർ പാർക്കിലും എത്തിച്ചിട്ടുണ്ട്.
വനത്തിൽ നിന്നു പിടിച്ച് തിരികെ വിടുന്നതും മൃഗശാലയിൽ നിന്നു പിടികൂടി മൃഗശാലയിൽ തന്നെ എത്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതിനാലാണ് ഈ ആഫ്രിക്കൻ വിദ്യ സ്വീകരിച്ചത്. മയക്കുവെടി പ്രയോഗിച്ചു പിടികൂടുന്നതിൽ അപകടസാധ്യതയുള്ളതിനാലാണ് ഉപേക്ഷിച്ചത്. മൃഗങ്ങളുടെ പ്രായവും വലിയ ഘടകമായതിനാൽ ക്ഷമയോടെ കാത്തിരുന്നു കൂട്ടിലാക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ബോമ സംവിധാനം വിഡിയോ അടക്കമുള്ളവയിലൂടെ മനസ്സിലാക്കിയ ശേഷമാണു തൃശൂരിലും നടപ്പാക്കിയത്.
പുത്തൂർ സുവോളജിക്കൽ പാർക്ക് അധികൃതർ, വെറ്ററിനറി ഡോക്ടർമാർ, വനം ഉദ്യോഗസ്ഥർ, പരിപാലകർ എന്നിവർ അടങ്ങിയ വലിയ സംഘമാണു തൃശൂരിൽ നിന്നുള്ള മൃഗങ്ങളുടെ മാറ്റത്തിനു നേതൃത്വം നൽകുന്നത്. ഒരു മാസമായി ഒരുക്കങ്ങൾ തുടങ്ങിയിട്ട്. ഇന്നലെ രാവിലെ 6 മുതൽ സംഘം പ്രത്യേക കൂട് അടക്കമുള്ള സജ്ജീകരണങ്ങളുമായി തൃശൂർ മൃഗശാലയിലുണ്ടായിരുന്നു. ഏഴരയോടെ മ്ലാവുകളിലൊന്നു കൂട്ടിൽ കയറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 9നു ശേഷമാണ് മ്ലാവുകൾ രണ്ടും ലോറിയിലെ കൂട്ടിൽ കയറിയത്.