പല നിറങ്ങൾ ചാലിച്ച് പുത്തനുടുപ്പണിഞ്ഞ ഫറോക്ക് പുതിയ പാലം; സമർപ്പണം 26ന്
Mail This Article
ഫറോക്ക് ∙ പല നിറങ്ങൾ ചാലിച്ച് പുത്തനുടുപ്പണിഞ്ഞ ഫറോക്ക് പുതിയ പാലം 26ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും. രാത്രി 7ന് സാംസ്കാരിക ഘോഷയാത്രയോടെയാണു ചടങ്ങ്. നിറങ്ങൾ ചാർത്തി ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന പാലത്തിന്റെ സൗന്ദര്യം ഇനി യാത്രക്കാരുടെ മനം കവരും. പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തിലാണ് പുതിയ പാലം സൗന്ദര്യവൽക്കരണ പ്രവൃത്തി നടപ്പാക്കിയത്. പാലത്തിന്റെ ഇരുവശത്തെയും നടപ്പാതയും കൈവരിയും പൂർണമായും പുതുക്കിപ്പണിതു. കൈവരികൾ വിവിധ നിറങ്ങൾ കൊണ്ട് അലങ്കരിച്ച പാലത്തിൽ വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.
1977ൽ ഗതാഗതത്തിനു തുറന്നതാണ് ദേശീയപാതയിലെ ഫറോക്ക് പുതിയപാലം. കാലപ്പഴക്കത്താൽ നടപ്പാതയുടെ സ്ലാബുകളും കൈവരിയും ശോച്യാവസ്ഥയിലായിരുന്നു. ഇതു വഴിയാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ചതോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണു നവീകരണത്തിനു ഫണ്ട് അനുവദിച്ചത്. വിദേശ മാതൃകയിൽ എൽഇഡി വെളിച്ച വിന്യാസത്തോടെ ദീപാലംകൃതമായ ഫറോക്ക് പഴയപാലം ഇതിനകം ആകർഷകമായി മാറിയിട്ടുണ്ട്.