ADVERTISEMENT

പോത്തൻകോട്(തിരുവനന്തപുരം)∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്ന  അയിരൂപ്പാറ സ്വദേശി അമ്മു സജീവിനെ(21)  സഹപാഠികൾ മാനസികമായി പീഡിപ്പിക്കുന്ന വിവരം  അറിയിച്ചിട്ടും കോളജ് അധികൃതർ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം. അമ്മുവിനെ ചികിത്സിച്ച പത്തനംതിട്ട ജനറൽ ആശുപത്രിക്ക് വലിയ വീഴ്ചയുണ്ടായെന്നും മാതാപിതാക്കൾ ആരോപിച്ചു.  സഹപാഠികൾ പീഡിപ്പിക്കുന്നുവെന്നും  മകളുടെ ജീവനു പോലും ഭീഷണിയുണ്ടെന്നും അച്ഛൻ സജീവ് ഒക്ടോബർ മുതൽ കോളജ് പ്രിൻസിപ്പലിന് പരാതികൾ നൽകിയിരുന്നു. ശുചിമുറിയിലേക്കു കൊണ്ടുപോയി മർദിക്കാൻ ശ്രമിക്കവേ ക്ലാസ് മുറിയിലേക്ക് ഓടി രക്ഷപ്പെട്ട സംഭവമടക്കം ഉണ്ടായതായി സജീവ് പറഞ്ഞു. 

ഒക്ടോബർ 10നു  സജീവ് കോളജ് പ്രിൻസിപ്പലിനു നൽകിയ പരാതിയിങ്ങനെ –  ‘‘ ചെയ്യാത്ത പല കുറ്റങ്ങളും അവളിൽ അടിച്ചേൽപിക്കുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും പതിവാണ്. ഇവരിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി ഒറ്റയ്ക്ക് ഒരു റൂമിൽ കുറെ നാളായി താമസിക്കുകയാണ് മകൾ. എന്നാൽ രാത്രി റൂമിൽ അതിക്രമിച്ചു കയറി വഴക്കു പറയുന്നു.  മകളുടെ ജീവനു പോലും ഭീഷണിയാണെന്നു സംശയമുണ്ട്.  മകൾ ശാരീരികമായി സുഖമില്ലാത്ത കുട്ടിയാണ്. മാനസിക പീഡനങ്ങളിൽ നിന്നും ഭീഷണിയിൽ നിന്നും രക്ഷിക്കണം. ’’   പരാതിയിൽ നടപടിയെടുക്കാമെന്നു പ്രിൻസിപ്പലിന്റെ ഉറപ്പുണ്ടായെങ്കിലും പിന്നീടും അമ്മുവിന്  ഉപദ്രവം നേരിട്ടതായി സജീവ് പറഞ്ഞു. തുടർന്ന് 27ന് വീണ്ടും പരാതി നൽകി. 

1.അമ്മുവിനു വേണ്ടി പിതാവ് സജീവ്  പ്രിൻസിപ്പലിന്  മെയിൽ വഴി അയച്ച ആദ്യ 
പരാതി.  
2.അമ്മുവിനു വേണ്ടി പിതാവ് സജീവ്  പ്രിൻസിപ്പലിന് 
ഇമെയിൽ വഴി അയച്ച 
രണ്ടാമത്തെ പരാതി.
1.അമ്മുവിനു വേണ്ടി പിതാവ് സജീവ് പ്രിൻസിപ്പലിന് മെയിൽ വഴി അയച്ച ആദ്യ പരാതി. 2.അമ്മുവിനു വേണ്ടി പിതാവ് സജീവ് പ്രിൻസിപ്പലിന് ഇമെയിൽ വഴി അയച്ച രണ്ടാമത്തെ പരാതി.

 ലോഗ് ബുക്ക്‌ കണ്ടില്ലെന്ന കാരണം പറഞ്ഞ് അമ്മു താമസിക്കുന്ന മുറിയിൽ അതിക്രമിച്ചു കയറി ബാഗുകൾ പരിശോധിക്കുകയും സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ടു പോവുകയും ചെയ്തു. ഇതിന്മേൽ കഴിഞ്ഞ ബുധനാഴ്ച മീറ്റിങ് വിളിച്ചെങ്കിലും സജീവിനു സുഖമില്ലാത്തതിനാൽ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ‘‘പഠനാവശ്യത്തിന് ആലപ്പുഴ ബീച്ച് ആശുപത്രിയിൽ പോയപ്പോൾ സെക്കൻഡ് ഷോ സിനിമയ്ക്കു കൂടെ പോകാത്തതിന്റെ വൈരാഗ്യമാണ് ചില സഹപാഠികൾക്കുണ്ടായത്. ’’ സജീവ് പറയുന്നു.  അമ്മു സ്റ്റെപ്പിൽ നിന്നു വീണെന്നാണ് അധികൃതർ ആദ്യം പറഞ്ഞത്.

തിരുവല്ലയിൽ വലിയ ആശുപത്രികളുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളജ് ഉണ്ടായിട്ടും മകളെ തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചത് ദുരൂഹമാണ്.  അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സ്ഥാനത്ത് ഐവി ലൈൻ പോലുമില്ലാതെ കിലോമീറ്ററുകളോളം ആംബുലൻസിൽ കൊണ്ടു വന്നു.  തുടയെല്ലിന് പൊട്ടലുണ്ടെങ്കിൽ അതിനു ചെയ്യേണ്ട പ്രാഥമിക ചികിത്സ പോലും നൽകാതെയാണു പത്തനംതിട്ടയിൽ നിന്നു മാറ്റിയത്. 

 3 എക്സ്റേ എടുക്കാൻ എന്തിനാണ് 3 മണിക്കൂറെന്നും നഴ്സ് കൂടിയായ അമ്മ രാധാമണി ചോദിക്കുന്നു.  കോളജ് അധികൃതർ പല കാര്യങ്ങളും മറച്ചു വയ്ക്കുന്നതായി അമ്മുവിന്റെ സഹോദരൻ അഖിൽ പറഞ്ഞു. മരണം സംബന്ധിച്ച യുട്യൂബ് ചാനൽ വാർത്തയുടെ താഴെ ക്ലാസിലെ 4 വിദ്യാർഥികൾ അമ്മുവിനെ റാഗ് ചെയ്തിരുന്നതായി കമന്റ് വന്നിരുന്നു. എന്നാൽ വൈകാതെ ഇത് ഡിലീറ്റ് ചെയ്തു. സംഭവം നടന്ന ദിവസം വൈകിട്ട്  4.05ന് വാട്സാപ് വഴി ചാറ്റ് ചെയ്തപ്പോൾ അമ്മു സന്തോഷമായി ഇരിക്കുകയായിരുന്നു. നാലരയ്ക്കു കെട്ടിടത്തിനു മുകളിൽ നിന്നു ചാടിയെന്നു പറയുന്നു. അതിനിടയിൽ എന്ത് സംഭവിച്ചുവെന്നു പറയേണ്ടത് കോളജ് അധികൃതരാണ് – അഖിൽ പറയുന്നു.

English Summary:

Ammu Sajeev, a 21-year-old nursing student in Kerala, is dead under suspicious circumstances. Her family alleges that she was subjected to relentless mental harassment by fellow students at SME College, Pathanamthitta. They claim the college failed to address their repeated complaints, ultimately leading to this tragedy. The family also raises concerns about potential medical negligence and a possible cover-up by the institution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com