നടുവത്തൂരിലെ സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം
Mail This Article
കീഴരിയൂർ∙ നടുവത്തൂർ യുപി സ്കൂളിനു സമീപത്തെ ഓപ്പൺ ബേക്കേഴ്സ് സൂപ്പർമാർക്കറ്റിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 10.30ന് ആണു സൂപ്പർ മാർക്കറ്റ് അടച്ചത്. ഇന്നലെ രാവിലെ 8.30ന് കടയുടെ ഷട്ടർ തുറന്നപ്പോഴാണ് ഉള്ളിൽ പുക കണ്ടത്. സൂപ്പർ മാർക്കറ്റിനുള്ളിലെ സാധനങ്ങൾ എല്ലാം കത്തിച്ചാമ്പലായി. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റഫ്രിജറേറ്ററും ഫ്രീസറുകളും പലചരക്കു സാധനങ്ങളും ഫർണിച്ചറും ബേക്കറി സാധനങ്ങളും കടയുടെ വലിയ ഭാഗവും കത്തിനശിച്ചു. നടുവത്തൂർ വണ്ണാത്തുമീത്തൽ അസീസിന്റെ ഉടമസ്ഥതയിലുള്ളതാണു സൂപ്പർ മാർക്കറ്റും ബേക്കറിയും.
വണ്ണാത്തുമീത്തൽ മുഹമ്മദലിയുടേതാണു കെട്ടിടം. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അസി.സ്റ്റേഷൻ ഓഫിസർ പി.എം.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ബി.കെ.അനൂപ്, നിതിൻ രാജ്, ഇന്ദ്രജിത്, ബിനീഷ് ലിനീഷ്, എൻ.പി.അനൂപ്, ടി.കെ.ഇർഷാദ്, ഓംപ്രകാശ് എന്നിവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.