പേരാമ്പ്ര സ്വദേശിനിയുടെ മരണം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധം
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കളും ബിജെപി പ്രവർത്തകരും ആശുപത്രിയിൽ പ്രതിഷേധിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് പേരാമ്പ്ര സ്വദേശി കാപ്പുമ്മൽ രജനി (37) മരിച്ചത്. യുവതിയുടെ മൃതദേഹവുമായി ഇന്നലെ വൈകിട്ട് പ്രിൻസിപ്പൽ ഓഫിസ് ഉപരോധിക്കാനിരുന്ന ബന്ധുക്കളെയും നാട്ടുകാരെയും മോർച്ചറിക്കു മുൻപിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് വാക്തർക്കമുണ്ടായി. മൃതദേഹവുമായി പ്രതിഷേധിക്കരുതെന്നും പ്രിൻസിപ്പലുമായി ചർച്ച നടത്താമെന്നും മെഡിക്കൽ കോളജ് എസിപി എ.ഉമേഷ് പ്രതിഷേധക്കാരെ അറിയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ജനറൽ സെക്രട്ടറി എം.മോഹനൻ, രജനിയുടെ ബന്ധു സി.എം.ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ, സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ എന്നിവരുമായി ചർച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും കേസ് ഷീറ്റ് പൂർണമായും കൈമാറുമെന്നും നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ സഹായം നൽകുമെന്നും പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി. തുടർന്നാണ് മൃതദേഹവുമായി ആംബുലൻസ് മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ടത്.
യുവതിയുടെ മരണം സംബന്ധിച്ച് മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്നു പ്രിൻസിപ്പൽ അറിയിച്ചു. ചികിത്സയിൽ പിഴവ് പറ്റിയെന്ന ആരോപണം അധികൃതർ നിഷേധിച്ചു. ശരീര മരവിപ്പും വേദനയുമായി എത്തിയ യുവതിക്ക് ആദ്യദിനങ്ങളിൽ ഗില്ലൻബാരി ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല. ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതോടെ ന്യൂറോളജി വാർഡിലേക്ക് മാറ്റി ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കോഴിക്കോട് ∙ ശരീരമരവിപ്പും വേദനയുമായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ കാപ്പുമ്മൽ രജനി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 4ന് ആണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലൻബാരി സിൻഡ്രോം എന്ന രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് നൽകിയതെന്നും ഭർത്താവ് ഗിരീഷ് നൽകിയ പരാതിയിൽ പറയുന്നു. 4 ദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. വൃക്കകളുടെ പ്രവർത്തനം നിലച്ചു.