പൂർണ സമയം പ്രവർത്തിക്കുന്ന റിസർവേഷൻ കൗണ്ടർ ഒന്നു മാത്രം: റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ ദുരിതം
Mail This Article
കോഴിക്കോട്∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിലായെന്നു പരാതി. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന റിസർവേഷൻ കൗണ്ടറുകൾ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരാഴ്ച മുൻപാണ് നാലാം പ്ലാറ്റ്ഫോമിലേക്കു മാറ്റിയത്.
നേരത്തേ 3 കൗണ്ടറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പൂർണ സമയം പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണം ഒന്നാക്കി. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ഒരു കൗണ്ടറും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്ന മറ്റൊരു കൗണ്ടറും മാത്രമാണ് ഇപ്പോഴുള്ളത്.
റെയിൽവേയുടെ ഈ പരിഷ്കാരം കാരണം വൈകിട്ട് 5നു ശേഷം വരുന്നവർ റിസർവേഷൻ കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യമുണ്ടെന്നാണ് യാത്രക്കാരുടെ പരാതി. ജീവനക്കാരുടെ കുറവും റിസർവേഷനുകളുടെ എണ്ണക്കുറവുമാണ് കൗണ്ടറുകൾ കുറയ്ക്കാൻ കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ഡിവിഷനിൽ ഒരിടത്തും ഇതിലേറെ കൗണ്ടറുകൾ റിസർവേഷനു വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും പറയുന്നു.