യാസ്പൊ ഫുട്ബോൾ അക്കാദമി മികച്ച സംരംഭം: കായികക്കരുത്ത്
![എടപ്പാൾ യാസ്പൊ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ ഭാരവാഹികൾക്കൊപ്പം. എടപ്പാൾ യാസ്പൊ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ ഭാരവാഹികൾക്കൊപ്പം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2022/4/21/malappuram-edappal-yaspo-football-accadamy.jpg?w=1120&h=583)
Mail This Article
എടപ്പാൾ ∙ ഫുട്ബോളിന്റെ ഈറ്റില്ലം ആയ മലപ്പുറത്ത് സന്തോഷ് ട്രോഫി ചരിത്രം എഴുതുമ്പോൾ ഏറെ ആവേശത്തിലാണ് യാസ്‌പൊ പ്രവർത്തകർ. ഫുട്ബോൾ പ്രേമികൾക്കു ആവേശമായി കേരളം വിജയത്തോടെ തുടങ്ങിയപ്പോൾ ആവേശം അലകടലായി. 30 വർഷം മുൻപ് ഒരു വേനലവധിക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് നടന്ന ഫുട്ബോൾ ടൂർണമെന്റ് വിജയമാണ് എടപ്പാളിൽ യാസ്പൊ ക്ലബ്ബിന് ഉദയം ചെയ്യാൻ കാരണമായത്. ഇന്ന് ക്ലബ്ബിന് പുറമേ സ്പോർട്സ് അക്കാദമി, ബാലവേദി, വനിതാ വേദി, ഗ്രന്ഥശാല, വയോജന വേദി, സംഗീത വിദ്യാലയം തുടങ്ങി അനുബന്ധമായി ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.
കവി കുഞ്ഞുണ്ണി മാഷിന്റെ കരങ്ങളാൽ ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തിൽ ഇതിനോടകം സാന്നിധ്യം അറിയിച്ച പ്രഗൽഭർ ഒട്ടേറെയുണ്ട്. സുകുമാർ അഴീക്കോട്, എം.എൻ.വിജയൻ, സംവിധായകൻ ടി.വി.ചന്ദ്രൻ, മധുപാൽ, റിമി ടോമി, ഷൈൻ നിഗം, മാമുക്കോയ, ഐ.എം.വിജയൻ തുടങ്ങിയവർ ഇവിടെയെത്തി. വർഷങ്ങളായി ഏറ്റെടുത്ത് നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഒട്ടേറെയാണ്. രണ്ടു പ്രളയത്തിലും കോവിഡിലും പ്രവർത്തകർ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു. നെഹ്റു യുവകേന്ദ്രയുടെ പുരസ്കാരവും ലഭിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മികച്ച പരിഗണന നൽകുന്നു.
യാസ്പൊ ഫുട്ബോൾ അക്കാദമി ഇന്നാട്ടിലെ മികച്ച സംരംഭമായി ഉയർന്നു കഴിഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ലിറ്റിൽ കിക്കേഴ്സിൽ ഇരുനൂറോളം കുട്ടികൾക്കുള്ള ഫുട്ബോൾ കോച്ചിങ് യാസ്പൊ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കൂടാതെ അക്കാദമിയിൽ 150 കുട്ടികൾക്കുള്ള പരിശീലനം നടന്നു വരുന്നു. സ്വന്തമായി കെട്ടിടവും കളിസ്ഥലവും പുതുതായി വരാനിരിക്കുന്ന ഇൻഡോർ സ്റ്റേഡിയവും ഇതിനോടകം സ്വന്തമാക്കാൻ കഴിഞ്ഞു. സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിടും എന്ന പ്രതീക്ഷയിലാണ് ആരാധകർക്കൊപ്പം യാസ്പൊ പ്രവർത്തകരും.