തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ തിരുവാതിര ഉത്സവം നാളെ മുതൽ
![malappuram-temple ഉത്സവത്തിനായി ഒരുങ്ങിയ തൃപ്രങ്ങോട് ശിവക്ഷേത്രം](https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2022/12/29/malappuram-temple.jpg?w=1120&h=583)
Mail This Article
തൃപ്രങ്ങോട് ∙ ശിവക്ഷേത്രത്തിൽ തിരുവാതിര ഉത്സവം നാളെ തുടങ്ങും. വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റം നടക്കുന്നതോടെ ഉത്സവാഘോഷം തുടങ്ങും.ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, പാഠകം, തായമ്പക തുടങ്ങിയവ എല്ലാ ദിവസവും നടക്കും. ഇതിനു പുറമേ ക്ഷേത്രത്തിനു പുറത്തെ വേദിയിൽ വിവിധ ദിവസങ്ങളിലായി തിരുവാതിരക്കളികൾ, നൃത്തയിനങ്ങൾ, നാടൻ പാട്ട്, കേരളനടനം, നാടകം, ഗാനമേള തുടങ്ങിയവയും നടക്കും. ജനുവരി 4നാണ് ഉത്സവബലി. 5ന് പള്ളിവേട്ട ദിവസം രാവിലെ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടക്കും.
സംഗീതനാടക അക്കാദമി ചെയർമാൻ കൂടിയായ മട്ടന്നൂരിനെ ആദരിക്കും. രാത്രി 7.30ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരുക്കിയ പ്രത്യേക സ്ഥലത്താണു പള്ളിവേട്ട നടക്കുന്നത്. 6നാണ് ആറാട്ട്. രാവിലെ 7 ന് ഇതിന്റെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രച്ചിറയിലെ ആറാട്ടിനു ശേഷം കിഴക്കേനടയിൽ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളി ചടങ്ങുകൾ തീർത്ത് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രാവിലെ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്നു ഭാരവാഹികളായ ടി.കെ.ഗംഗാധരപ്പണിക്കർ, വി.സജീഷ് ബാബു, രാജേന്ദ്രകുമാർ പാണാട്ട് എന്നിവർ പറഞ്ഞു.