തലക്കടത്തൂർ ജുമാ മസ്ജിദ് പൗരാണികതയുടെ പ്രൗഢി; വിജ്ഞാന പാരമ്പര്യം
Mail This Article
തിരൂർ ∙ പൗരാണികതയുടെ പ്രൗഢി വിളിച്ചോതി തലയെടുപ്പോടെ നിലകൊള്ളുകയാണ് തലക്കടത്തൂർ മഹല്ല് ജുമാ മസ്ജിദ്. സൂഫി പണ്ഡിതരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇവിടെ താമസിച്ച് പഠിച്ചിറങ്ങിയ മഹാരഥന്മാരേറെ. പള്ളിയും കബറിടങ്ങളുമില്ലാതിരുന്ന കാലത്ത് ഈ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്നത് താനൂരിലെ പള്ളികളെയാണ്. ഏറെ ദൂരം താണ്ടേണ്ട സ്ഥിതി മനസ്സിലാക്കിയ മമ്പുറം തങ്ങളാണ് ഇവിടെ പള്ളി പണിയാൻ നിർദേശം നൽകിയത്. തുടർന്ന് 1830ൽ പാട്ടത്തിൽ കോമുക്കുട്ടിയാണ് തലക്കടത്തൂരിൽ പള്ളിയുണ്ടാക്കുന്നത്.
1882ൽ കോമുക്കുട്ടിയുടെ പേരമക്കളായ ബീരാൻകുട്ടിയും കോമുക്കുട്ടിയും വഖഫ് ആധാരം റജിസ്റ്റർ ചെയ്തു. പൗരാണികതയിൽ നിർമിച്ച പള്ളിയും ചുറ്റുമുള്ള ശാന്തമായ അന്തരീക്ഷവുമെല്ലാം ഒട്ടേറെ സൂഫികളെ ഇവിടേക്ക് ആകർഷിച്ചു. കമ്മുണ്ണി മുസല്യാരെന്ന സൂഫി പണ്ഡിതന്റെ കീഴിൽ ഇവിടെ മുന്നൂറോളം പേർ പഠനം നടത്തി സൂഫികളായിട്ടുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, ചേകനൂർ മൗലവി, വളാഞ്ചേരി അസ്ഹരി തങ്ങൾ തുടങ്ങിയവരെല്ലാം ഈ പള്ളിയിൽ താമസിച്ച് ഇവിടെയുള്ള ദർസിൽനിന്നാണ് പഠനം നടത്തിയത്. മലപ്പുറം ഖാസി മുത്തുക്കോയ തങ്ങളും ഇവിടെയാണ് പഠിച്ചത്.
നിലവിൽ ഇവിടെയുള്ള ദർസിൽ 135 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവർക്ക് ബൗദ്ധികമായ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ചെയ്തു നൽകുന്നുണ്ട്. ഇവർക്ക് ട്യൂഷൻ നൽകാൻ അധ്യാപകനെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. താമസവും ഭക്ഷണവുമെല്ലാം സൗജന്യമായാണ് നൽകുന്നത്. ഇതര മതസ്ഥർക്കും മഹല്ലിൽ റജിസ്റ്റർ ചെയ്യാം. ഇങ്ങനെ ചെയ്തവർക്ക് സഹായങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് പള്ളി ആവശ്യപ്പെട്ടവർക്കെല്ലാം 1000 രൂപയുടെ ഭക്ഷ്യക്കിറ്റുകൾ നൽകിയിരുന്നു.
മൂവായിരത്തിലേറെ കുടുംബങ്ങളുള്ള മഹല്ലിന്റെ മുതവല്ലി പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ആണ്. പള്ളിയുടെ മേൽനോട്ടം നടത്തുന്നത് പാട്ടത്തിൽ കോമുക്കുട്ടിയാണ്. ഒരു മതസംഘടനയുടെയും നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന പള്ളിക്ക് എല്ലാ മത രാഷ്ട്രീയ സംഘടനകളിലുംപെട്ട 24 അംഗ ഉപദേശക സമിതിയുമുണ്ട്.