ക്ഷേത്രത്തിൽ ചുമർചിത്രമൊരുക്കി അമ്മയും മകളും
![malapuram-deepa-anjalii malapuram-deepa-anjalii](https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2023/6/27/malapuram-deepa-anjalii.jpg?w=1120&h=583)
Mail This Article
വണ്ടൂർ ∙ ക്ഷേത്രങ്ങളുടെ ഉൾപ്പെടെ ചുമരുകളിൽ പാരമ്പര്യത്തനിമയോടെ വർണചിത്രങ്ങൾ വരയ്ക്കുകയാണു വണ്ടൂർ മോഹനാലയത്തിൽ ദീപ മാരാരും (44) മകൾ വണ്ടൂർ ഗവ.വിഎംസി എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിനി അഞ്ജലി കൃഷ്ണയും. തൃക്കലങ്ങോട് നടുവത്ത് അയ്യപ്പക്ഷേത്ര പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് ഇവർ വരയ്ക്കുന്ന ചുമർചിത്രങ്ങൾ അവസാന മിനുക്കുപണികളിലാണ്.
അയ്യപ്പന്റെ വിവിധ ഭാവങ്ങളാണു ക്ഷേത്രച്ചുമരുകളിൽ നിറയുന്നത്. ബാല്യകാലം, ധർമശാസ്താവ്, മഹിഷീമർദകൻ, പുലിവാഹനനായ അയ്യപ്പൻ തുടങ്ങിയവയെല്ലാം വരച്ചു കഴിഞ്ഞു. അഞ്ചു വർഷമായി ചുമർ ചിത്രരചന ചെയ്യുന്ന ദീപ അയ്യപ്പക്ഷേത്രത്തിൽ വരയ്ക്കാൻ ക്ഷണം വന്നപ്പോൾ നിറഞ്ഞ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. വീട്ടിൽ വിവിധ വലുപ്പത്തിലുള്ള കാൻവാസുകളിലും ചുമർച്ചിത്ര രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്നു. ദശാവതാരം, ഗീതോപദേശം, ദൃഷ്ടിഗണപതി തുടങ്ങി ഒട്ടേറെ രചനകളുണ്ട്.
![തൃക്കലങ്ങോട് നടുവത്ത് അയ്യപ്പക്ഷേത്രത്തിൽ പൂർത്തിയായ ചുമർചിത്രങ്ങൾ. തൃക്കലങ്ങോട് നടുവത്ത് അയ്യപ്പക്ഷേത്രത്തിൽ പൂർത്തിയായ ചുമർചിത്രങ്ങൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2023/6/27/malappuram-temple-paiting.jpg)
ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുമ്പോൾ താലപ്രമാണം സ്വീകരിക്കുന്നു. സസ്യാഹാരം മാത്രം കഴിച്ചു ക്ഷേത്രചിട്ടകൾ പാലിച്ചാണു രചന. കൃത്യമായ അളവുകൾ മുൻകൂട്ടി നിശ്ചയിച്ചു രൂപരേഖ തയാറാക്കും. പിന്നീടു വിവിധ വർണങ്ങളിൽ പൂർത്തിയാക്കും. മുകൾ ഭാഗത്തു പക്ഷിമാല, വനമാല തുടങ്ങിയവയും ചെയ്തു മനോഹരമാക്കും. ദീപ മാരാരുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണ പൊതുവാൾ അഭിനയരംഗത്തു സജീവമാണ്. മൂവരും ഒട്ടേറെ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.