ADVERTISEMENT

പൊന്നാനി ∙ ദേശീയപാത അതോറിറ്റിയും പിന്നെ നിർമാണം ഏറ്റെടുത്ത കരാർ കമ്പനിയുമല്ലാതെ ആറുവരിപ്പാതയിൽ എവിടെ.. എന്തൊക്കെ.. എങ്ങനെ..എന്ന കാര്യം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് ആരോപണം. ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളിൽ പോലും പ്രാദേശിക ഭരണകൂടവുമായി ആലോചിച്ചില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു പോയെങ്കിലും മന്ത്രിക്കും വേണ്ടത്ര ധാരണയുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് വൻ തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി എന്തായിത്തീരുമെന്ന് പദ്ധതി യാഥാർഥ്യമായാൽ മാത്രം നസ്സിലാക്കാനാണ് പൊന്നാനി നഗരസഭയുടെയും വിധി. 

ഒന്നും കിട്ടാതെ പൊന്നാനി
ആറുവരിപ്പാതയുടെ അനുബന്ധ സൗകര്യങ്ങളായി ഒട്ടേറെ പദ്ധതികൾ ദേശീയപാത അതോറിറ്റി വിഭാവനം ചെയ്യുന്നുണ്ട്. വിശാലമായ വിശ്രമ കേന്ദ്രം, വാഹനങ്ങൾ ഒതുക്കി ഉറങ്ങുന്നതിനുള്ള കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യം, ഇൻഫർമേഷൻ സെന്റർ, പൊലീസ് എയ്ഡ് പോസ്റ്റ് അങ്ങനെ ഒട്ടേറെ പദ്ധതികളുണ്ട്. ഇതിലൊന്നും പൊന്നാനിയിൽ വിഭാവനം ചെയ്യപ്പെട്ടില്ല. തുടക്കത്തിൽ ഈശ്വരംഗലം ഭാഗത്ത് വിശ്രമകേന്ദ്രം ഉണ്ടാകുമെന്ന് പ്രതീകിഷിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ രേഖകളിൽ ഇതില്ല. വാണിജ്യ തുറമുഖം വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന പൊന്നാനിയിൽ ആറുവരിപ്പാത അടച്ചു കെട്ടി മുന്നോട്ടു പോവുകയാണ്. വിരലിലെണ്ണാവുന്ന ഭാഗങ്ങളിൽ എക്സിറ്റ്, എൻട്രി സൗകര്യമിട്ടതൊഴിച്ചാൽ പൊന്നാനിയിലേക്ക് ഒന്നും കിട്ടിയില്ല. ഇതിനായി ഒരു സമ്മർദ്ദവും പൊന്നാനി നഗരസഭയിൽ നിന്നുണ്ടായില്ല. ഒരു നിവേദനം പോലും നഗരസഭ നൽകിയില്ലെന്നാണ് പരാതി. 

ജനാധിപത്യപരമായല്ല, ആറുവരിപ്പാതയുടെ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. ഞാനടക്കം സംസ്ഥാനത്തെ ഒരു എംഎൽഎമാർക്കും പദ്ധതിയുടെ വിശദാംശങ്ങൾ ദേശീയപാത അതോറിറ്റി നൽകിയിട്ടില്ല. അതീവ രഹസ്യമായാണ് പാത വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അടിപ്പാതയുടെയും അഴുക്കുചാലിന്റെയും പ്രശ്നങ്ങൾ ജനകീയമായി ഉയർന്നു വരുമ്പോഴാണ് വിഷയത്തിൽ ഇടപെടുന്നത്. അതിനു മുൻപ് കാര്യമായ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയിരുന്നില്ല. 

നേട്ടം ആർക്ക്?
വിശ്രമ കേന്ദ്രവും അനുബന്ധ പദ്ധതികളും വരുമെന്ന് പറയുന്ന സ്ഥലങ്ങളിൽ കരാർ കമ്പനി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ലേബർ ക്യാംപുകൾ ഉൾപ്പെടെ പലതും ഇൗ ഭാഗങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ആറുവരിപ്പാതയുടെ നിർമാണത്തിനു പിറകിൽ ഇങ്ങനെയും ചില നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. വലിയ മുന്നേറ്റമുണ്ടാക്കുന്ന പാതയെക്കുറിച്ചറിയുന്നവർ ദീർഘവീക്ഷണത്തോടെ നീങ്ങുന്നു. ഭൂമി നൽകിയ ഭൂവുടമകൾ പോലും ഇൗ സാധ്യതകൾ തിരിച്ചറിയാതെ പോയി. 

രക്ഷപ്പെടാതെ പൊന്നാനി
പറയാൻ പദ്ധതികൾ പലതുമുണ്ട്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് വരെ പൊന്നാനിയുടെ മുഖം മാറ്റുമെന്ന് പറഞ്ഞു വന്നതാണ്. ഇതൊന്നുമില്ലാതെ തന്നെ തൊട്ടടുത്തുള്ള നഗരങ്ങൾക്ക് അപ്രതീക്ഷിത വളർച്ചയുണ്ടായപ്പോൾ പൊന്നാനി കിതച്ചു നീങ്ങുന്ന സാഹചര്യത്തിലാണ്. പുറത്തു നിന്നുള്ളവരെ ആകർഷിക്കുന്ന ഒന്നും പൊന്നാനിയിൽ തുടങ്ങാനാകുന്നില്ല. പൊന്നാനിയുടെ ചരിത്രവും പ്രതാപം നിറഞ്ഞ തുറമുഖ കാലവും ചരിത്രപുസ്തകങ്ങളിൽ മാത്രം ഉൗറ്റംകൊണ്ട് നിൽക്കുകയാണ്. 

അധികൃതർ കാണുന്നുണ്ടോ വിദ്യാർഥികളു‍ടെ ഇൗ ഗതികേട്
അധികൃതർ കാണുന്നുണ്ടോ.. പുതുപൊന്നാനിയിലെ വിദ്യാർഥികളു‍ടെ ഇൗ ഗതികേട്. പൊരിവെയിലത്ത് നടുറോഡിലാണിവർ ബസ് കാത്തു നിൽക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന പുതുപൊന്നാനി എംഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് വിദ്യാർഥികളുടെ ഇൗ ഗതികേട്. ശീതീകരിച്ച മുറികളിലിരിക്കുന്ന അധികാരികൾ നിൽക്കുമോ.. ഇൗ വെയ്‍ലത്ത് ഒരു നിമിഷമെങ്കിലും. ഇൗ കുഞ്ഞുങ്ങൾ എല്ലാം സഹിച്ച് ഇവിടെ ബസ് കാത്തു നിൽക്കുകയാണ്. വെയിലും മഴയ്ക്കുമപ്പുറം അപകട സാധ്യത അതിലേറെയാണ്. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. രാത്രിയിൽ ഇൗ ഭാഗത്തെ യാത്രക്കാർ ഏറെ ഭയന്നാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. സുരക്ഷിതമായ സംവിധാനമൊരുക്കാൻ യാതൊരു നടപടിയുമുണ്ടാകുന്നില്ല.

English Summary:

Where.. what.. how.. on the six lane road?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com