ആറുവരിപ്പാത: 2025 ൽ പൂർണമായി ഗതാഗത യോഗ്യമാക്കും; അതിവേഗം പുരോഗമിച്ച് നിർമാണ ജോലികൾ
Mail This Article
തൃശൂർ ∙ നിർമാണം പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിനിൽക്കെ ദേശീയപാത 66–ന്റെ ആറുവരി വികസനവും സർവീസ് റോഡ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ജില്ലയുടെ തീരദേശ മേഖലയിൽ രണ്ടു റീച്ചുകളിലായി ആരംഭിച്ച ആറുവരിപ്പാതയുടെ ജോലികൾ ടോപ് ഗിയറിലാണ്. 2025–ൽ പൂർണമായി ഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ ടാറിങ് പൂർത്തിയായ ഇടതുഭാഗത്തെ മൂന്നുവരിപ്പാതയിലൂടെ വാഹനഗതാഗതം തുടങ്ങി.
മറുവശത്തു (വലത്) നിലവിലുള്ള ദേശീയപാത അടച്ചുകെട്ടി 3 വരിയാക്കുന്നതിന്റെ നിലമൊരുക്കലും മറ്റും പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുത്ത്, മണ്ണിട്ടു റോഡ് ഉയർത്തുന്ന ജോലികളാണിവിടെ നടക്കുന്നത്. കാപ്പിരിക്കാട് നിന്നു തുടങ്ങി പെരിയമ്പലം, അണ്ടത്തോട്, പാപ്പാളി, മന്ദലാംകുന്ന്, ഒറ്റയ്നി, എടക്കഴിയൂർ എന്നീ സ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിലാണു മൂന്നുവരി റോഡിന്റെ ടാറിങ് പൂർത്തിയായത്. പണി പൂർത്തിയായ ഭാഗങ്ങളെല്ലാം ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടതു ഭാഗത്തെ സർവീസ് റോഡിന്റെ നിർമാണവും ക്രാഷ് ബാരിയർ സ്ഥാപിക്കലും ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ടാറിങ് പൂർത്തിയായ റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതും തുടങ്ങി. മേഖലയിൽ അണ്ടത്തോടും ഒറ്റയ്നിയിലുമാണു പുതിയ അടിപ്പാതകൾ ഉയരുന്നത്. കാപ്പിരിക്കാട്–തളിക്കുളം ആറുവരി (33.17 കിലോമീറ്റർ), തളിക്കുളം–കൊടുങ്ങല്ലൂർ ആറുവരി (28.84 കിലോമീറ്റർ) എന്നീ രണ്ടു റീച്ചുകളാണു ദേശീയപാത 66–ന്റെ വികസനത്തിന്റെ ഭാഗമായി ജില്ലയിലുള്ളത്. ഈ രണ്ടു റീച്ചുകളിലായി ആകെ 62.01 കിലോമീറ്ററാണു ജില്ലയിലൂടെ പാത കടന്നുപോകുന്നത്. ഇരു റീച്ചുകളും 2025 ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.